| Sunday, 5th July 2015, 11:36 am

സെക്രട്ടറിക്കെതിരായ ആരോപണം: ലളിത് മോദിക്കെതിരെ പരാതിയുമായി രാഷ്ട്രപതി ഭവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:  ഐ.പി.എല്‍ മുന്‍ കമ്മീഷണര്‍ ലളിത് മോദിക്കെതിരെ പരാതിയുമായി രാഷ്ട്രപതി ഭവന്‍. രാഷ്ട്രപതിയുടെ സെക്രട്ടറി ഒമിത പോളിന് ഹവാല ഇടപാടുകാരന്‍ വിവേക് നാഗ്പാലുമായി ബന്ധമുണ്ടെന്ന് ലളിത് മോദി ട്വിറ്ററിലൂടെ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മോദിക്കെതിരെ രാഷ്ട്രപതി ഭവന്‍ ദല്‍ഹി പോലീസില്‍ പരാതി നല്‍കിയത്.

ജൂണ്‍ 23നാണ് ഒമിത പോളിനെതിരെ മോദി ആരോപണമുന്നയിച്ചത്. മോദിയുടെ ട്വീറ്റിന്റെ കോപ്പിയും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ഉചിതമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി ഭവന്‍ ഉദ്യോഗസ്ഥരാണ് പരാതി നല്‍കിയത്. പരാതി പരിശോധിച്ചു വരികയാണെന്ന് ദല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ് ബസ്സി അറിയിച്ചു.

വിവേക് നാഗ്പാല്‍ ഒമിത പോളിന്റെ അടുത്ത  സുഹൃത്താണെന്നും ഉന്നതങ്ങളില്‍ ബന്ധമുള്ളതിനാണ് ഇയാള്‍ക്കെതിരെ അന്വേഷണമൊന്നും നടക്കാത്തതെന്നുമായിരുന്നു ലളിത് മോദിയുടെ ട്വീറ്റ്. ഈ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് രാഷ്ട്രപതി ഭവന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തിലാണ് അപകീര്‍ത്തികരമായ പരാമര്‍ശത്തിന് ലളിത് മോദിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുന്നത്. ട്വീറ്റിന്റെ പകര്‍പ്പും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.

നേരത്തെ ഇംഗ്ലണ്ടില്‍ താമസിക്കുന്നതിനായി ലളിത് മോദി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ധനമന്ത്രിയായിരിക്കെ തനിക്കെതിരെ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടത് പ്രതികാര നടപടിയായിരുന്നവെന്ന് ആരോപിച്ചിരുന്നു. ലളിത് മോദിയോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയക്കാന്‍ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് തയ്യാറെടുക്കുന്നതിനിടെയാണ് രാഷ്ട്രപതി ഭവന്‍ പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്.

അതിനിടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്റെ ആതിഥേയത്വം സ്വീകരിച്ചിരുന്നതായി ലളിത് മോദി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ലണ്ടനില്‍ തന്റെ അതിഥിയായിരുന്നത് രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിയുെട ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയ്ക്കും നിഷേധിക്കാന്‍ കഴിയില്ലെന്ന് ലളിത് മോദി ട്വിറ്ററില്‍ കുറിച്ചത്. ഐ.പി.എല്‍ കമ്മിഷണറായിരിക്കെയാണ് ഇരുവരും തന്റെ അതിഥിയായത്. ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രവും ലളിത് മോദി പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ഇത് നിഷേധിച്ചു.

We use cookies to give you the best possible experience. Learn more