ഹരിദ്വാർ: ദളിത് ഐ.എ.എസ് ഉദ്യോഗസ്ഥനെ അപമാനിച്ചുകൊണ്ടുള്ള മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ പരാമർശത്തെ അപലപിച്ച് ഐ.എ.എസ് അസോസിയേഷൻ. ബി.ജെ.പിയുടെ ഹരിദ്വാർ എം.പിയും മുൻ മുഖ്യമന്ത്രിയുമായ ത്രിവേന്ദ്ര സിങ് റാവത്തിന്റെ പരാമർശത്തിനെതിരെയാണ് വലിയ വിമർശനം ഉയർന്നിരിക്കുന്നത്.
ദളിത് ഐ.എ.എസ് ഉദ്യോഗസ്ഥനും സംസ്ഥാന മൈനിങ് സെക്രട്ടറിയുമായ ബ്രജേഷ് സാന്റിനെതിരെയായിരുന്നു ത്രിവേന്ദ്ര സിങിന്റെ വിവാദ പരാമർശം. ഐ.എ.എസ് ഉദ്യോഗസ്ഥനെ ജാതീയമായി അധിക്ഷേപിക്കുന്ന പ്രസ്താവനയെ അപലപിച്ച് ഉത്തരാഖണ്ഡ് ഐ.എ.എസ് അസോസിയേഷൻ ഔദ്യോഗികമായി പ്രതിഷേധം രേഖപ്പെടുത്തുകയും പ്രമേയം പാസാക്കുകയും ചെയ്തു.
ഉത്തരാഖണ്ഡിലുടനീളം അനധികൃത ഖനനം വ്യാപകമാണെന്ന് വെള്ളിയാഴ്ച പാർലമെന്റിൽ റാവത്ത് ആരോപിച്ചിരുന്നു. എന്നാൽ റാവത്തിന്റെ അവകാശവാദങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പറഞ്ഞുകൊണ്ട് ബ്രജേഷ് സാന്റ് ഈ അവകാശവാദം നിഷേധിച്ചു.
പിന്നാലെ അടുത്ത ദിവസം, സാന്റിന്റെ മറുപടിയെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ റാവത്ത് സാന്റിനെ ജാതീയമായി അധിക്ഷേപിക്കുകയായിരുന്നു. ‘എന്താണ് പറയാനുള്ളത്? സിംഹങ്ങൾ നായ്ക്കളെ വേട്ടയാടില്ല’ എന്നായിരുന്നു റാവത്തിന്റെ അധിക്ഷേപം. ഇത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കി.
ഹരിദ്വാറിലെ ജാത്‌വാഡ പ്രദേശത്ത് റാവത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധ റാലി നടന്നു. അതേസമയം, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് മഹേന്ദ്ര ഭട്ട് റാവത്തിന്റെ ആരോപണങ്ങളെ നിസാരവത്ക്കരിനാണ് ശ്രമിച്ചത്.
മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തും വിഷയത്തിൽ സമ്മിശ്ര പ്രതികരണമാണ് നൽകിയത്. അനധികൃത ഖനനത്തിനെതിരായ ത്രിവേന്ദ്ര റാവത്തിന്റെ നിലപാടിനെ അദ്ദേഹം പിന്തുണയ്ക്കുകയും അതിനെതിരെ നടപടിയെടുക്കാത്തതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളെ വിമർശിക്കുകയും ചെയ്തപ്പോൾ, സാന്റിനെതിരായ റാവത്തിന്റെ പരാമർശത്തെ അദ്ദേഹം അപലപിച്ചു. റാവത്ത് പൊതു ഉദ്യോഗസ്ഥരോട് ബഹുമാനത്തോടെ പെരുമാറണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പാർലമെന്റിൽ അനധികൃത ഖനനം ഉയർത്തിക്കാട്ടാനുള്ള ത്രിവേന്ദ്ര റാവത്തിന്റെ ശ്രമങ്ങളെ പ്രതിപക്ഷ നേതാവ് യശ്പാൽ ആര്യ പിന്തുണച്ചു. ഗംഗയിലും മറ്റ് നദികളിലും വലിയ തോതിലുള്ള ഖനന പ്രവർത്തനങ്ങൾ നിയന്ത്രണങ്ങളില്ലാതെ തുടരുകയാണെന്നും, പലപ്പോഴും നിയന്ത്രണങ്ങൾ ലംഘിച്ച് ഭാരമേറിയ യന്ത്രങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
രാത്രിയിൽ പോലും ഇത്തരം പ്രവർത്തനങ്ങൾ തുടരുന്നതിനാൽ അപകടങ്ങൾ ഉണ്ടാകുമെന്നും സർക്കാർ ഉദ്യോഗസ്ഥരും ഖനന മാഫിയയും തമ്മിലുള്ള ഒത്തുകളി നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ധൈര്യം പകരുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഉത്തരാഖണ്ഡിലെ ഖനനവുമായി ബന്ധപ്പെട്ട അഴിമതി കോൺഗ്രസ് വളരെക്കാലമായി ഉയർത്തിക്കൊണ്ടുവരുന്നതായി അദ്ദേഹം പറഞ്ഞു.
ഈ വിവാദങ്ങൾക്കിടയിൽ, ഉത്തരാഖണ്ഡ് ഐ.എ.എസ് അസോസിയേഷൻ 2025 മാർച്ച് 30ന് അതിന്റെ പ്രസിഡന്റ് ആനന്ദ് ബർദന്റെ അധ്യക്ഷതയിൽ ഒരു അടിയന്തര യോഗം ചേർന്നു.
എല്ലാ പൗരന്മാരെയും പോലെ ഐ.എ.എസ് ഉദ്യോഗസ്ഥരും അന്തസ്സും ബഹുമാനവും അർഹിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് അസോസിയേഷൻ ഒരു പ്രമേയം പാസാക്കി. സിവിൽ സർവീസുകാരുടെ ആത്മാഭിമാനത്തെ തകർക്കുന്ന പ്രസ്താവനകൾ നടത്തരുതെന്ന് രാഷ്ട്രീയ നേതാക്കളോടും സംഘടനകളോടും പ്രമേയം ആവശ്യപ്പെട്ടു.
അതേസമയം, അനധികൃത ഖനനത്തിനെതിരെ കർശന നടപടി സ്വീകരിക്കാൻ ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
Content Highlight: Ex-Chief Minister’s ‘lion don’t hunt dogs’ against Dalit IAS officer sparks row