കഴിഞ്ഞ തിങ്കളാഴ്ചയാണ് തുര്‍ക്കിയിലെ തെക്കന്‍ പ്രദേശങ്ങളിലും സിറിയയിലും ശക്തമായ ഭൂചലനം രേഖപ്പെടുത്തിയത്. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ രണ്ട് തവണ കൂടി ശക്തമായ തുടര്‍ചലനങ്ങള്‍ ഉണ്ടാവുകയായിരുന്നു. വന്‍ ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ തെക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലുമായി മരണസംഖ്യ 7800 കവിഞ്ഞു. പതിനായിരങ്ങള്‍ക്ക് പരിക്കേറ്റു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ ആയിരങ്ങള്‍ കുടുങ്ങി കിടക്കുന്നതായും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഭൂചലനത്തില്‍ ഫുട്‌ബോള്‍ ലോകത്തെ നടുക്കി കൊണ്ട് മുന്‍ ചെല്‍സി, ന്യൂകാസില്‍ യുണൈറ്റഡ് താരമായിരുന്ന ക്രിസ്ത്യന്‍ അറ്റ്‌സുവിനെ കാണാതായെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. തുര്‍ക്കിഷ് ക്ലബ്ബായ ഹറ്റയാസ്പൂരിന്റെ താരമായിരുന്നു അറ്റ്‌സു. താരത്തെ ഭൂകമ്പത്തില്‍ നഷ്ടമായി എന്നുള്ളത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരുന്നത്.
എന്നാല്‍ ഭൂകമ്പാവശിഷ്ടങ്ങള്‍ക്കുള്ളില്‍ നിന്ന് അദ്ദേഹത്തെ ജീവനോടെ കണ്ടെത്തി എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വലത് കാലിന് മുറിവും ശ്വസിക്കാനുള്ള ബുദ്ധിമുട്ടുകളുമുണ്ടായിരുന്നെങ്കിലും അറ്റ്‌സുവിന് ഗുരുതര പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്. താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ആരോഗ്യ സ്ഥിതിയില്‍ കുഴപ്പമൊന്നുമില്ലെന്നും അധികൃതര്‍ അറിയിച്ചു.
മുപ്പത്തിയൊന്നുകാരനായ അറ്റ്‌സു 2013ലായിരുന്നു ചെല്‍സിയുമായി സൈന്‍ ചെയ്തത്. എന്നാല്‍ അവിടെ ഒരു മത്സരം പോലും കളിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് അദ്ദേഹത്തെ ലോണ്‍ അടിസ്ഥാനത്തില്‍ എവെര്‍ടണിലേക്കും ന്യൂകാസില്‍ യുണൈറ്റഡിലേക്കും ചെല്‍സി അയച്ചിരുന്നു.എവെര്‍ട്ടനില്‍ അഞ്ച് മത്സരങ്ങള്‍ മാത്രമായിരുന്ന അറ്റ്‌സുവിന് കളിക്കാനായത്.
ന്യൂകാസില്‍ യുണൈറ്റഡില്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെ താരത്തെ ക്ലബ്ബില്‍ സ്ഥിരമാക്കുകയായിരുന്നു. തുടര്‍ന്ന് 2021ല്‍ അറ്റ്‌സു സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ റയിദിലേക്ക് ചേക്കേറി. ഭൂചലനത്തില്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലാതെ താരത്തിന് രക്ഷപ്പെടാനായത് ഫുട്‌ബോള്‍ ലോകത്തിന് ആശ്വാസം നല്‍കിയിരിക്കുകയാണ്.
അതേസമയം തുര്‍ക്കിയില്‍ മാത്രം ആറായിരത്തോളം മരണം സ്ഥിരീകരിച്ചു. 2000ത്തിലധികം ആളുകള്‍ക്ക് പരിക്കേറ്റു. സിറിയയില്‍ രണ്ടായിരിത്തിലധികം പേര്‍ മരിച്ചു. ഇരുരാജ്യങ്ങളിലുമായി 2.3 കോടി പേര്‍ ദുരിതബാധിതരായിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഇതില്‍ 14 ലക്ഷം കുട്ടികളും ഉള്‍പ്പെടുന്നു. മരണം 20,000 വരെ ഉയര്‍ന്നേക്കുമെന്നാണ് നിഗമനം.
Content Highlights: Ex chelsea winger Christian Atsu found alive in Turkey Syria earthquake rubble