വിവാഹം കഴിപ്പിക്കാനായി വീട്ടുകാര്‍ നിരന്തരം കുത്തിവെപ്പുള്‍പ്പെടെ നല്‍കി പീഡിപ്പിച്ചുവെന്ന് ഭാരതി സിംഗ് പരാതിയില്‍ പറയുന്നു. മറ്റൊരു എം.എല്‍.എയുടെ മകനുമായി തന്നെ വിവാഹം കഴിപ്പിക്കാനാണ് വീട്ടുകാര്‍ പീഡിപ്പിക്കുന്നതെന്നും പരാതിയിലുണ്ട്.
പിതാവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സുരക്ഷ വേണമെന്ന് ജബല്‍പുരിലെ മധ്യപ്രദേശ് ഹൈകോടതിയില്‍ ഹരജി നല്‍കിയിട്ടുമുണ്ട്.
അതേസമയം, മകളെ കാണാനില്ലെന്ന് കാണിച്ചു ഒക്ടോബര്‍ 16നു സുരേന്ദ്രനാഥ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. മകള്‍ മാനസികാസ്വാസഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്നും സുരേന്ദ്ര നാഥ് നല്‍കിയ പരാതിയില്‍ ചേര്‍ത്തിരുന്നു.
തുടര്‍ന്നാണ് അഭിഭാഷകനായ അങ്കിത് സക്‌സേന വഴി ഹൈകോടതിയില്‍ ഭാരതി സിംഗ് പീഡന വിവരം വിശദമാക്കി സുരക്ഷ ആവശ്യപ്പെട്ടത്.
വീട്ടിലെ പീഡനങ്ങളെ കുറിച്ച് ഭാരതി സിംഗ് ഒരു ലോക്കല്‍ ചാനലിനോട് തുറന്നു പറഞ്ഞിരുന്നു. എം.എല്‍.എയുടെ മകനുമായി ഇഷ്ടമില്ലാത്ത കല്യാണത്തിനു വീട്ടുകാര്‍ നിര്‍ബന്ധിക്കുകയും മരുന്നുകള്‍ കുത്തിവെക്കുകയും ചെയ്‌തെന്നു യുവതി വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ടെന്നു ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
”എനിക്ക് മാനസിക പ്രശ്‌നങ്ങളില്ല. രേഖകളെല്ലാം കെട്ടിച്ചമച്ചവയാണ്. എനിക്ക് വീട്ടിലേയ്ക്ക് തിരിച്ചു പോകേണ്ട. ഞാന്‍ ക്രിസ്ത്യാനിയുടെയോ മുസ്‌ലിമിന്റെയോ ഒപ്പമല്ല പോയത്. സ്വന്തം ഇഷ്ടപ്രകാരം വീടുവിട്ടിറങ്ങിയതാണ്. പത്തുവര്‍ഷമായി ഈ പീഡനം സഹിക്കുന്നു’- ഭാരതി സിംഗ് വ്യക്തമാക്കി.
പീഡനം സഹിക്കവയ്യാതെ യുവതി പല തവണ വീടുവിട്ടിറങ്ങിയിട്ടുണ്ടെന്നു അഭിഭാഷകനായ അങ്കിത സക്‌സേന പറഞ്ഞു. ഭാരതിക്ക് പൂനെയുള്ള യുവാവുമായി ബന്ധമുണ്ടെന്നും ഇതറിഞ്ഞാണ് ഭാരതിയെ മറ്റൊരു വിവാഹത്തിനു നിര്‍ബന്ധിക്കുന്നതെന്നും അങ്കിത സക്‌സേന വ്യക്തമാക്കി.