ജയ്പൂര്‍: ബി.ജെ.പി വിട്ടതിന് പിന്നാലെ കോണ്‍ഗ്രസിലേക്കുള്ള രാഷ്ട്രീയ പ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കി ബി.ജെ.പി മുന്‍ എം.എല്‍.എയും മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ജശ്വന്ത് സിങ്ങിന്റെ മകനുമായ മാനവേന്ദ്ര സിങ്.
രാജസ്ഥാനിലെ ബര്‍മാര്‍ ജില്ലയിലെ ഷിയോ മണ്ഡലത്തിലെ എം.എല്‍.എയായിരുന്ന മാനവേന്ദ്ര സിങ് കഴിഞ്ഞ ദിവസമാണ് പൊതുപരിപാടിയില്‍ വെച്ച് ബി.ജെ.പി വിടുന്നതായി പ്രഖ്യാപിച്ചത്.
ബി.ജെ.പിയില്‍ നിന്ന് പുറത്തുവരികയെന്നത് ഒട്ടും എളുപ്പമായ കാര്യമായിരുന്നില്ലെന്നും സാഹചര്യങ്ങളാണ് തന്നെ കൊണ്ട് അങ്ങനെ ചെയ്യിപ്പിച്ചതെന്നും ഇദ്ദേഹം പറയുന്നു.
അടല്‍ബിഹാരി വാജ്‌പേയിയുടെ മകളുമായും അദ്വാനിയുടെ മക്കളുമായും ദീര്‍ഘനാളായുള്ള ബന്ധം എനിക്കുണ്ട്. അങ്ങനെയൊരു സാഹചര്യത്തിലാണ് തങ്ങള്‍ വളര്‍ന്നുവന്നത്. ഒരു കുടുംബത്തില്‍ നിന്ന് പടിയിറങ്ങുന്നത് പോലെ തന്നെയാണ് തോന്നിയതെന്നും മാനവേന്ദ്ര സിങ് പറയുന്നു.
കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമോ എന്ന ചോദ്യത്തിന് അത്തരമൊരു ആശയത്തോട് തനിക്ക് വിയോജിപ്പില്ലെന്നും എന്നാല്‍ അത് ജനങ്ങള്‍ തീരുമാനിക്കേണ്ട കാര്യമാണെന്നും ഇദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളായ സച്ചിന്‍ പൈലറ്റുമായും അശോഖ് ഖേലോട്ടുമായും ദീര്‍ഘനാളത്തെ ബന്ധമുണ്ടെന്നും കോണ്‍ഗ്രസിന് വേണ്ടി രാജസ്ഥാനില്‍ കൃത്യവും സ്ഥിരതയുമാര്‍ന്ന പ്രവര്‍ത്തനം നടത്തുന്നവരാണ് ഇരുവരുമെന്നും മാനവേന്ദ്ര സിങ് പറഞ്ഞു.
ലോക്‌സഭയില്‍ എത്തണമെന്നാണ് തന്റെ ആഗ്രഹം. എം.എല്‍.എയായി തുടരാന്‍ താന്‍ ഇനി ആഗ്രഹിക്കുന്നില്ല. രാജസ്ഥാനില്‍ വസുന്ധരെ രാജെ സര്‍ക്കാര്‍ പൂര്‍ണപരാജയമാണ്. ഇവിടെ ജനങ്ങള്‍ തൃപ്തരല്ല. ഭരണതലത്തില്‍ വരുന്ന പല തീരുമാനങ്ങളും തെറ്റാണ്.
ബി.ജെ.പി ഇനിയും അധികാരത്തിലെത്തുമെന്ന് ഞാന്‍ ഒരിക്കലും കരുതുന്നില്ല. കാരണം ജനങ്ങള്‍ക്ക് അവരെ വേണ്ട. അത്രമാത്രം അവര്‍ ബി.ജെ.പിയെ വെറുത്തുകഴിഞ്ഞു. അഴിമതിയും സ്വജനപക്ഷപാതവുമാണ് സര്‍ക്കാരിന്റെ മുഖമുദ്ര. വീണ്ടും അധികാരത്തിലെത്താന്‍ ബി.ജെപിക്ക് ഒരു തരത്തിലും കഴിയില്ലെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.
ബി.ജെ.പി തങ്ങളുടെ രാഷ്ട്രീയ അജണ്ടകള്‍ കൃത്യമായി നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നത്. അവിടെ ജനങ്ങളുടെ ക്ഷേമത്തിനോ താത്പര്യത്തിനോ അവര്‍ പാധാന്യം നല്‍കുന്നില്ലെന്നും മാനവേന്ദ്ര സിങ് പറഞ്ഞു.