അഹമ്മദാബാദ്: ആര്‍.ടി.ഐ ആക്ടിവിസ്റ്റ് അമിത് ജേതവയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുന്‍ എം.പിയും ബി.ജെ.പി നേതാവുമായ ദിനു സോളങ്കിയെ അറസ്റ്റ് ചെയ്തു. പ്രത്യേക സി.ബി.ഐ കോടതിയ്ക്ക് മുമ്പാകെ തിങ്കളാഴ്ച ഇയാള്‍ കീഴടങ്ങുകയായിരുന്നു.
കേസില്‍ സോളങ്കിയുടെ ജാമ്യാപേക്ഷ ഒക്ടോബര്‍ 30ന് സുപ്രീംകോടതി തള്ളിക്കളഞ്ഞിരുന്നു. സാക്ഷികളായ എട്ടുപേരുടെ വിസ്താരം കഴിയുന്നത് വരെ ജാമ്യം അനുവദിക്കാനാവില്ലെന്നാണ് കോടതി പറഞ്ഞത്. കീഴടങ്ങിയ ഇയാളെ അഹമ്മദാബാദിലെ സബര്‍മതി ജയിലിലേക്ക് കൊണ്ടുപോയി.
കോടതി ഉത്തരവുണ്ടായിട്ടും സോളങ്കിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ സി.ബി.ഐക്കും സോളങ്കിക്കുമെതിരെ ജേതവയുടെ പിതാവ് കോടതിയലക്ഷ്യത്തിന് പരാതി നല്‍കിയ അതേ ദിവസമാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
2010 ല്‍ ഗുജറാത്ത് ഹൈക്കോടതിക്കു പുറത്തുവച്ചാണ് വന്യജീവിസംരക്ഷകനും വിവരാവകാശ പ്രവര്‍ത്തകനുമായിരുന്ന അമിത് ജേതവ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഗിര്‍ വനത്തില്‍ നടക്കുന്ന വന്‍തോതിലുള്ള ചുണ്ണാമ്പുകല്‍ ഖനനത്തിനെതിരേ ഹര്‍ജി ഫയല്‍ ചെയ്തതിനു പിന്നാലെയായിരുന്നു സൗരാഷ്ട്ര സ്വദേശിയായ അമതിന്റെ കൊലപാതകം. കേസില്‍ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് സോളങ്കിക്ക് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. പിന്നീട് 2013ല്‍ സി.ബി.ഐയാണ് ഇയാളെ പ്രതിയാക്കിയത്.
പിന്നീട് സി.ബി.ഐ കോടതിയില്‍ നടന്ന വിചാരണ നിര്‍ത്തിവെച്ച് പുനര്‍വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. സോളങ്കി വിചാരണയെ സ്വാധീനിക്കുന്നുണ്ടെന്ന കണ്ടത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. കേസിന്റെ വിസ്താരത്തിനിടയില്‍ സാക്ഷികളായി ഉണ്ടായിരുന്ന 195 പേരില്‍ 105 പേരും പ്രതിഭാഗത്തിനനുകൂലമായി കൂറുമാറിയതായി ഹൈക്കോടതി കണ്ടെത്തിയിരുന്നു.