ആയുധ അഴിമതിക്കേസ്: ബംഗാരുലക്ഷ്മണ്‍ കുറ്റക്കാരനെന്ന് കോടതി
India
ആയുധ അഴിമതിക്കേസ്: ബംഗാരുലക്ഷ്മണ്‍ കുറ്റക്കാരനെന്ന് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th April 2012, 3:47 pm

ന്യൂദല്‍ഹി: ആയുധ അഴിമതിക്കേസില്‍ ബി.ജെ.പി മുന്‍ അധ്യക്ഷന്‍ ബംഗാരു ലക്ഷ്മണ്‍ കുറ്റക്കാരനാണെന്ന് കോടതി. ശിക്ഷ നാളെ വിധിക്കും.

ആയുധങ്ങള്‍ വാങ്ങുന്നതിന് കമ്മീഷനായി ഒരു ലക്ഷം രൂപ ബംഗാരു ലക്ഷ്മണ്‍ കൈപ്പറ്റുന്നതായി തെഹല്‍ക പുറത്തുകൊണ്ടുവന്ന ഒളിക്യാമറ ദൃശ്യങ്ങളാണ് കേസിനാധാരം. 2001 മാര്‍ച്ച് 13നാണ് തെഹല്‍ക ദൃശ്യങ്ങള്‍ പുറത്തുവന്നത്.

കുറ്റക്കാരനെന്ന് കോടതി വിധിച്ചതോടെ ബംഗാരു ലക്ഷ്മണിനെ റിമാന്‍ഡ് ചെയ്തു. നാളെ ശിക്ഷ കേള്‍ക്കാന്‍ കോടതിയില്‍ ഹാജരാക്കും.

യു.കെ ആസ്ഥാനമായുള്ള ഒരു ആയുധ കമ്പനികളുടെ ഏജന്റുമാര്‍ എന്നു നടിച്ചെത്തിയ തെഹല്‍ഹ ചാനലിന്റെ പ്രതിനിധികള്‍ ബംഗാരുലക്ഷ്‌ണെ സമീപിക്കുകയായിരുന്നു. 2000 ഡിസംബര്‍ 23നും 2001 ജനുവരി ഏഴിനുമിടയില്‍ എട്ട് തവണ തെഹല്‍ക സംഘം ബംഗാരു ലക്ഷ്മണുമായി കൂടിക്കാഴ്ച നടത്തിയതായി സി.ബി.ഐ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.

ആയുധ ഇടപാടിന് അനുകൂല നിലപാട് സ്വീകരിക്കാമെന്നാണ് ലക്ഷ്മണ്‍ ഇവര്‍ക്കു നല്‍കിയ വാഗ്ദാനം. കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ ചാനല്‍ പുറത്തുവിട്ടതോടെ വന്‍ വിവാദമാകുകയും ലക്ഷ്മണ്‍ അധ്യകഷ്പദവി രാജിവയ്ക്കുകയുമായിരുന്നു. പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ സ്ഥാനനഷ്ടത്തിനും ഈ വിവാദം ഇടയാക്കിയിരുന്നു.

അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ നീണ്ട 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി പ്രഖ്യാപനമുണ്ടായത്. ദല്‍ഹി ദ്വാരകയിലെ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കന്‍വല്‍ജീത് അറോറയാണ് വിധി പ്രഖ്യാപിച്ചത്.

Malayalam News

Kerala News in English