ലണ്ടന്‍: ഡയാന രാജകുമാരിയുമായുള്ള 1995-ലെ വിവാദം ശക്തിപ്പെട്ടതോടെ ബി.ബി.സിയുടെ മുന്‍തലവന്‍ ടോണി ഹാള്‍ ബ്രിട്ടന്‍ നാഷണല്‍ ഗാലറി ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു.
ഡയാന രാജകുമാരിയുമായി 1995 ല്‍ ബി.ബി.സി നടത്തിയ അഭിമുഖം മാധ്യമ പ്രവര്‍ത്തകനായ മാര്‍ട്ടിന്‍ ബഷീര്‍ നേടിയെടുത്തത് വഞ്ചനയിലൂടെയാണെന്ന് റിപ്പോര്‍ട്ടിന് പിന്നാലെയാണ് വിവാദം തുടങ്ങിയത്. തുടര്‍ന്ന് സംഭവത്തില്‍ ബി.ബി.സി നിരുപാധികം മാപ്പുപറഞ്ഞിരുന്നു.
ഗാലറിയില്‍ തന്റെ തുടര്‍ച്ചയായ സാന്നിധ്യം താന്‍ വളരെയധികം വിലകല്‍പ്പിക്കുന്ന ഒരു സ്ഥാപനത്തെ അസ്വസ്ഥതപ്പെടുത്തുമെന്ന് ഹാള്‍ പറഞ്ഞു.
‘രണ്ട് ദിവസം മുമ്പ് ഞാന്‍ പറഞ്ഞതുപോലെ, 25 വര്‍ഷം മുമ്പുള്ള സംഭവങ്ങളില്‍ ഞാന്‍ ഖേദിക്കുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് നേതൃത്വമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു,” സ്ഥാനം ഒഴിഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഡയാന രാജകുമാരിയുടെ സഹോദരന്‍ ഏള്‍ സ്‌പെന്‍സറെ വ്യാജ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ കാണിച്ച് ചതിക്കുകയും അതിലൂടെ ഡയാന രാജകുമാരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ബഷീര്‍ വഴിയൊരുക്കുകയും ചെയ്തതായി ബോധ്യപ്പെട്ടതായി അന്വേഷണത്തിനായി നിയമിതനായ മുന്‍ ജഡ്ജി ജോണ്‍ ഡൈസണ്‍ പറഞ്ഞിരുന്നു. ‘ബഷീറിന്റെ ഭാഗത്ത് നിന്നുണ്ടായത് തെറ്റായ നടപടിയും ബി.ബി.സി മാര്‍ഗനിര്‍ദ്ദേശങ്ങളുടെ വ്യക്തമായ ലംഘനവുമാണ്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഭിമുഖം നേടിയെടുക്കുന്നതിന് സ്വീകരിച്ച മാര്‍ഗം പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്തുള്ളതായിരുന്നില്ലെന്ന് ബി.ബി.സി ഡയറക്റ്റര്‍ ജനറല്‍ ടിം ഡേവി ഏറ്റുപറഞ്ഞിരുന്നു.
‘കാല്‍ നൂറ്റാണ്ടിന് ശേഷം ബി.ബി.സിയ്ക്ക് സമയം തിരിച്ചു വെയ്ക്കാന്‍ കഴിയില്ലെങ്കിലും ഞങ്ങള്‍ മാപ്പു പറയുകയാണ്.” ടിം ഡേവി പറഞ്ഞു. പ്രിന്‍സ് രാജകുമാരനുമായുള്ള വിവാഹബന്ധം പരാജയമായിരുന്നു തുടങ്ങിയ സ്വകാര്യ ജീവിതത്തിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഡയാനയുമായുള്ള ആ അഭിമുഖത്തില്‍ ഉണ്ടായിരുന്നത്.
അഭിമുഖം പുറത്തു വന്നതോടെ ഡയാനയുടെ ജീവിതത്തെ അത് വല്ലാതെ ബാധിച്ചുവെന്ന് ഡയാന രാജകുമാരിയുടെ മൂത്തമകനായ വില്യം പറഞ്ഞിരുന്നു. തങ്ങളുടെ അമ്മയുടെ ജീവന്‍ നഷ്ടമായത് ഇത് മൂലമാണ് എന്നാണ് ഹാരി രാജകുമാരന്‍ ആരോപിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക