| Friday, 7th April 2023, 3:49 pm

'അവിടെ അവര്‍ അവനെ കൂകി വിളിക്കുന്നു, ഇവിടെ ഞങ്ങള്‍ അഭിനന്ദിക്കുന്നു'; മെസിയെ ക്ലബ്ബിലെത്തിക്കാന്‍ കിണഞ്ഞ് പരിശ്രമിച്ച് ബാഴ്‌സലോണ

സ്പോര്‍ട്സ് ഡെസ്‌ക്

ലയണല്‍ മെസി ക്ലബ്ബ് ഫുട്‌ബോളിലെ തന്റെ ഭാവിയെ കുറിച്ച് തീരുമാനത്തിലെത്തി ബാഴ്‌സലോണയിലേക്ക് തിരിച്ച് വരണമെന്ന് ഉപദേശിച്ച് മുന്‍ ബാഴ്‌സ പ്രസിഡന്റ് ജുവാന്‍ ഗാസപാര്‍ട്. പി.എസ്.ജിയില്‍ ആളുകള്‍ മെസിയെ കൂകിവിളിക്കുകയാണെന്നും എന്നാല്‍ ബാഴ്‌സലോണയില്‍ തങ്ങള്‍ അഭിനന്ദിക്കുകയാണെന്നും ഗാസ്പാര്‍ട് പറഞ്ഞു. ബാഴ്‌സലോണ മെസിയുടെ വീടാണെന്നും താരത്തിന് അത് നന്നായിട്ടറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇത് മെസിക്ക് തിരികെ ബാഴ്‌സലോണയിലേക്ക് തിരികെ വരാനുള്ള ഓര്‍മ്മപ്പെടുത്തലാണ്. പി.എസ്.ജിയില്‍ അവര്‍ മെസിയെ കൂകി വിളിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു. ഇവിടെ ഞങ്ങള്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു.

ബാഴ്‌സലോണ മെസിയുടെ വീടാണ്. അദ്ദേഹം ഇങ്ങോട്ടേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുണ്ടാകും. നിങ്ങള്‍ പണമാണ് നോക്കുന്നതെങ്കില്‍ തീര്‍ച്ചയായും ധാരാളം ഓഫറുകള്‍ ഉണ്ടാകും. എന്നാല്‍ ഹൃദയത്തിന് വിട്ടുകൊടുക്കുകയാണെങ്കില്‍ ബാഴ്‌സലോണ പോലെ നിങ്ങള്‍ക്കിഷ്ടപ്പെടുന്ന മറ്റൊരു ക്ലബ്ബ് ഈ ലോകത്തുണ്ടാകില്ല,’ അദ്ദേഹം പറഞ്ഞു.

ലയണല്‍ മെസി ബാഴ്‌സയിലേക്ക് തിരിച്ചുപോകുന്നതിനെ കുറിച്ചും പി.എസ്.ജിയില്‍ തുടരുന്നതിനെ കുറിച്ചും ധാരാളം അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. മെസി കൂടൊഴിഞ്ഞതിന് ശേഷം നിരവധി താരങ്ങള്‍ ബാഴ്‌സയിലേക്ക് ചേക്കേറിയെങ്കിലും മെസിക്ക് വേണ്ടി ക്ലബ്ബിന്റെ വാതിലുകള്‍ എല്ലായ്പ്പോഴും തുറന്നു തന്നെ കിടക്കുമെന്ന് ബാഴ്‌സലോണ പലപ്പോഴായി അറിയിച്ചിരുന്നു.

2021ലാണ് ബാഴ്സലോണക്ക് മെസിയുമായുള്ള കരാര്‍ പുതുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് താരം ക്ലബ്ബ് വിടുന്നത്. പി.എസ്.ജിക്കായി ഇതുവരെ കളിച്ച 67 മത്സരങ്ങളില്‍ നിന്ന് 29 ഗോളുകളും 32 അസിസ്റ്റുകളുമാണ് മെസിയുടെ സമ്പാദ്യം.

Content Highlights: Ex Barcelona president Joan Gaspart wants Lionel Messi back in Barcelona

We use cookies to give you the best possible experience. Learn more