| Wednesday, 16th January 2019, 6:35 pm

ബി.ജെ.പിയുടെ ലക്ഷ്യം അധികാരം മാത്രം; അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി ഗെഗോങ്ങ് അപാങ് പാര്‍ട്ടി വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: മുന്‍ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി ഗെഗോങ്ങ് അപാങ് ബി.ജെ.പിയില്‍ നിന്നും രാജിവെച്ചു. മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ ആശയങ്ങളും നയങ്ങളും ബി.ജെ.പി പിന്തുടരാത്തതില്‍ പ്രതിഷേധിച്ചാണ് ഗെഗോങ്ങ് അപാങ് പാര്‍ട്ടി വിട്ടത്.

ബി.ജെ.പിയുടെ ലക്ഷ്യം അധികാരത്തിലെത്തുക മാത്രമാണെന്ന് ഗെഗോങ്ങ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് അയച്ച രാജിക്കത്തില്‍ വ്യക്തമാക്കുന്നു. അരുണാചല്‍ പ്രദേശില്‍ ലോകസഭാ തെരഞ്ഞെടുപ്പിനൊപ്പം രാജ്യസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് രാജി.


“നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യവാദിയായിരുന്നു വാജ്‌പേയ്. അദ്ദേഹം എപ്പോഴും “രാജ് ധര്‍മ”യുടെ സുവര്‍ണ തത്വത്തെ കുറിച്ച് എന്നെ ഓര്‍മിപ്പിക്കുമായിരുന്നു. വാജ്‌പേയുടെ തത്വശാസ്ത്രത്തിന്റെ വിദ്യാര്‍ഥിയെന്ന നിലയില്‍ ഞാന്‍ “രാജ് ധര്‍മ” ഇപ്പോഴും പിന്തുടരുന്നുണ്ട്.

ബി.ജെ.പി വാജ്‌പേയുടെ തത്വങ്ങള്‍ പിന്തുടരാത്തതില്‍ എനിക്ക് നിരാശയുണ്ട്. ഇപ്പോള്‍ പാര്‍ട്ടിയുടെ ലക്ഷ്യം അധികാരത്തിലെത്തല്‍ മാത്രമായി മാറിയിരിക്കുകയാണ്”- ഗെഗോങ്ങ് പറഞ്ഞു.

“2014ല്‍ അരുണാചല്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മുന്‍തൂക്കം ലഭിച്ചിരുന്നില്ല. എന്നാല്‍ പാര്‍ട്ടി വൃത്തികെട്ട അടവുനയം ഉപയോഗിച്ചാണ് കാലിഖോ പുള്ളിനെ മുഖ്യമന്ത്രിയാക്കിയത്. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് ശേഷം അദ്ദേഹം ആത്മഹത്യ ചെയ്തിരുന്നു. എന്നാല്‍ പാര്‍ട്ടി കാലിഖോയുടെ ആത്മഹത്യയെ കുറിച്ച് ഗൗരവമായി അന്വേഷണം നടത്താന്‍ പോലും തയ്യാറാല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മൂല്യവും ധാര്‍മികതയും നടപ്പാക്കാന്‍ ബി.ജെ.പി തയ്യാറായിട്ടില്ലെന്നും അദേഹം പറഞ്ഞു.”ഇക്കഴിഞ്ഞ നവംബര്‍ പത്തിനും പതിനൊന്നിനും ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവ് സംസ്ഥാന തലത്തില്‍ ഒരു എക്സിക്യുട്ടീവ് കമ്മിറ്റിയുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. എന്നാല്‍ അംഗങ്ങള്‍ക്ക് അഭിപ്രായം നല്‍കാന്‍ അവസരം നല്‍കിയില്ലെന്നും” അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more