ചെന്നൈ: എ.ഐ.ഡി.എം.കെ മുന്‍ നേതാവും ജയലളിതയുടെ ഉറ്റ തോഴിയുമായിരുന്ന വി.കെ ശശികലയുടെ ബിനാമി പേരിലുള്ള 1600 കോടിയുടെ സ്വത്ത് കണ്ടുകെട്ടി. ആദായ നികുതി വകുപ്പാണ് ബിനാമി ട്രാന്‍സാക്ഷന്‍ നിരോധിത നിയമം ചുമത്തി ശശികലയുടെ സ്വത്ത് കണ്ടുകെട്ടിയത്.
2016 നവംബര്‍ എട്ടിന് ശേഷം നിരോധിച്ച നോട്ടുകള്‍ ഉപയോഗിച്ചാണ് ബിനാമി പേരില്‍ ശശികല വസ്തുവകകള്‍ വാങ്ങിയത് എന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തി. ചെന്നൈ, പുതുച്ചേരി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായി മാള്‍, പേപ്പര്‍ മില്‍ ഉള്‍പ്പടെ ഒന്‍പത് വസ്തു വകകളാണ് കണ്ടു കെട്ടിയത്.
2017ല്‍ ശശികലയുടെയും ബന്ധുക്കളുടെയും വ്യാപാരസ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് തുടര്‍ച്ചയായാണ് ഇപ്പോഴത്തെ റെയ്‌ഡെന്ന് ആദായ നികുതി വകുപ്പ് അധികൃതര്‍ അറിയിച്ചു.
ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ത്ഥിയായിരുന്ന ടി.ടി.വി.ദിനകരന്‍ വിജയിച്ചതിന് പിന്നാലെയായിരുന്നു ശശികലയുടെ വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്.
അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് വി.കെ. ശശികലയെ അറസ്റ്റ് ചെയ്തിരുന്നത്. മിഡാസ് ഡിസ്റ്റിലറീസ്, സായ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, ശശികലയുടെ മരുമകന്‍ കാര്‍ത്തികേയന്റെ അഡയാറിലെ വസതി, കോയമ്പത്തൂരിലുള്ള കോളജ്, അതിന്റെ ലോക്കര്‍ എന്നിവിടങ്ങളിലാണ് ആദായനികുതി വകുപ്പിന്റെ പരിശോധന.
ജയലളിതയുടെ മരണത്തിന് ശേഷം തമിഴ്നാട്ടിലുണ്ടായ രാഷ്ട്രീയ വ്യതിയാനങ്ങളില്‍ അണ്ണാ ഡി.എം.കെയില്‍ നിന്നും ശശികലെയേയും അനുകൂലികളേയും പുറത്താക്കിയിരുന്നു. തുടര്‍ന്നാണ് ശശികലയെ അറസ്റ്റ് ചെയ്യുന്നതും ജയിലിലടക്കുന്നതും.