കാബൂള്‍: അഫ്ഗാനിസ്ഥാന്‍ വിടാനുള്ള തന്റെ തീരുമാനത്തെ ന്യായീകരിച്ച് അഫ്ഗാനിസ്ഥാന്‍ മുന്‍പ്രസിഡന്റ് അഷ്‌റഫ് ഗനി. വ്യാഴാഴ്ച ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അഫ്ഗാനിസ്ഥാന്‍ വിടാനുള്ള കാരണങ്ങള്‍ അഷ്‌റഫ് ഗനി വിവരിച്ചത്.
താലിബാന്‍ അഫ്ഗാന്‍ പിടിച്ചടക്കിയതിന് പിന്നാലെ കഴിഞ്ഞ ഓഗസ്റ്റിലാണ് ഗനി രാജ്യം വിട്ടത്. ‘താന്‍ രാജ്യം വിടാന്‍ ഉദ്ദേശിച്ചിരുന്നില്ല, എന്നാല്‍ അങ്ങനെ ചെയ്തത് കൊണ്ടാണ് കാബുള്‍ നാശത്തില്‍ നിന്നും രക്ഷപ്പെട്ടത്’ ഗനി പറഞ്ഞു.
‘താലിബാന്റെ രണ്ട് ഗ്രൂപ്പുകള്‍ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നും അഫ്ഗാന് നേരെ അടുക്കുകയായിരുന്നു’ തലസ്ഥാനത്തെ താലിബാന്റെ മുന്നേറ്റത്തെ കുറിച്ച് ഗനി പറഞ്ഞു.
അഞ്ച് ദശലക്ഷം ജനങ്ങള്‍ വസിക്കുന്ന നഗരത്തെ ഇരുവിഭാഗങ്ങളും നശിപ്പിക്കാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു. കാബൂളിന്‍ നിന്നും മറ്റേതങ്കിലും നഗരത്തിലേക്ക് മാറാമെന്നാണ് വിചാരിച്ചത്. എന്നാല്‍ മറ്റ് നഗരങ്ങളും താലിബാന്‍ പിടിച്ചെടുത്തു എന്നറിഞ്ഞതോടെ അഫ്ഗാനിസ്ഥാന്‍ വിട്ടുപോവുക എന്നല്ലാതെ മറ്റ് വഴികളില്ലായിരുന്നു.
ഇനിയും കാബുളില്‍ തുടര്‍ന്നാല്‍ തന്റെ ഉപദേശകരുടേയും തലസ്ഥാനത്തെ ദശലക്ഷകണക്കിന് ജനങ്ങളുടേയും മരണത്തിലേക്ക് വഴിവെക്കുമെന്ന് സുരക്ഷാ ഉദ്യേഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കി. രണ്ട് മിനിറ്റില്‍ കൂടുതല്‍ പോലും എനിക്ക് ലഭിച്ചില്ല. യാത്രക്കായുള്ള ഒരുക്കങ്ങള്‍ നടത്തുക എന്നതായിരുന്നു എനിക്ക് കിട്ടിയ നിര്‍ദേശം.
എവിടെ പോവണമെന്ന് അറിയില്ലായിരുന്നു, അഫ്ഗാനിസ്ഥാന്‍ വിടുകയാണെന്ന്് മാത്രമായിരുന്നു അറിവുണ്ടായിരുന്നത്. എല്ലാം വളരെ പെട്ടെന്നാണ് സംഭവിച്ചത്’ ഗനി പറഞ്ഞു.
തന്റെ ഭരണകാലത്താണ് നിര്‍ഭാഗ്യകരമായ സംഭവം ഉണ്ടായതെന്ന് സമ്മതിച്ച ഗനി താലിബാനുമായുള്ള ചര്‍ച്ചകള്‍ക്ക് തന്റെ സര്‍ക്കാരിനെ ഉള്‍പ്പെടുത്താതില്‍ യു.എസ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സമൂഹത്തെ കുറ്റപ്പെടുത്തുകയും ചെയ്തു.
അഫ്ഗാനിസ്ഥാന്‍ മുന്‍വൈസ് പ്രസിഡന്റ് അമറുള്ള സാലെ ഉള്‍പ്പെടെയുള്ളവര്‍ രൂക്ഷമായാണ് ഗനി രാജ്യം വിട്ടതിനെ വിമര്‍ശിച്ചത്.
രാജ്യത്ത് നിന്നും വലിയ സമ്പത്തുമായാണ് താന്‍ രാജ്യം വിട്ടത് എന്ന വാദവും ഗനി തള്ളി.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് യു.എസ് സൈന്യത്തെ അഫ്ഗാനില്‍ നിന്നും പിന്‍ലിക്കാനുള്ള പ്രക്രിയ ആരംഭിച്ചത്. പിന്നീട് വന്ന ബൈഡന്‍ സര്‍ക്കാര്‍ ഈ നടപടികള്‍ പൂര്‍ത്തീകരിക്കുകയാണ് ചെയ്തത്. ഇതാണ് അഫ്ഗാനിലെ താലിബാന്‍ അധിനിവേശത്തിലേക്ക് വഴിവെച്ചത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: ex-afghan-president-ghani-had-two-minutes-to-decide-whether-to-flee-kabul