അവനെ വെറുക്കുന്നവർ ഒരിക്കലും ഫുട്‌ബോളിനെ സ്‌നേഹിക്കുന്നില്ല: മുൻ ഫ്രഞ്ച് താരം എവ്ര
Football
അവനെ വെറുക്കുന്നവർ ഒരിക്കലും ഫുട്‌ബോളിനെ സ്‌നേഹിക്കുന്നില്ല: മുൻ ഫ്രഞ്ച് താരം എവ്ര
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 31st August 2024, 12:57 pm

ഫുട്‌ബോളില്‍ രണ്ട് പതിറ്റാണ്ടുകളായി മറ്റ് താരങ്ങള്‍ക്കൊന്നും ഒരു അവസരവും നല്‍കാതെ ആധിപത്യം പുലര്‍ത്തുന്ന ഇതിഹാസതാരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഇരുതാരങ്ങളില്‍ ഏറ്റവും മികച്ചത് ആരാണെന്നുള്ള സംവാദങ്ങളും ചര്‍ച്ചകളും എപ്പോഴും സജീവമായി നിലനില്‍ക്കുന്ന ഒന്നാണ്.

ഗോട്ട് ഡിബേറ്റില്‍ ഏതുതാരമാണ് മികച്ചതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഫ്രഞ്ച് താരം പാട്രിസ് എവ്ര. പോര്‍ച്ചുഗീസ് ഇതിഹാസം റൊണാള്‍ഡോയെ മറികടന്നുകൊണ്ട് മെസിയെയാണ് മുന്‍ ഫ്രഞ്ച് താരം ഇഷ്ടതാരമായി തെരഞ്ഞെടുത്തത്. വീ ആര്‍ത്തേഓവര്‍ലാപ്പിലൂടെ സംസാരിക്കുകയായിരുന്നു എവ്ര.

ഞാന്‍ മെസിയെക്കാള്‍ ക്രിസ്റ്റ്യാനോയെ ഇഷ്ടപ്പെടുന്നുവെന്ന് ആരാധകര്‍ പറയുമ്പോള്‍ മെസിയെ ഞാന്‍ വെറുക്കുന്നുവെന്നാണ് അവര്‍ കരുതുന്നത്. ആരെങ്കിലും മെസിയെ വെറുക്കുന്നുവെങ്കില്‍, അവര്‍ ഫുട്‌ബോളിനെ ശരിക്കും സ്‌നേഹിക്കുന്നില്ല. പക്ഷേ ഞാന്‍ മെസിയെ ഇഷ്ടപ്പെടുന്നു.’ മുന്‍ ഫ്രഞ്ച് താരം പറഞ്ഞു.

സ്പാനിഷ് വമ്പന്‍മാരായ ബാഴ്സലോണയില്‍ ഒരു അവിസ്മരണീയമായ ഫുട്‌ബോള്‍ കരിയര്‍ സൃഷ്ടിച്ചെടുത്ത മെസി പിന്നീട് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്ന് വേണ്ടിയും താരം പന്തുതട്ടി.

നിലവില്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. വ്യത്യസ്ത ലീഗുകളില്‍ വ്യത്യസ്ത ടീമുകള്‍ക്കായി 904 മത്സരങ്ങളില്‍ നിന്നും 735 ഗോളുകളാണ് മെസി നേടിയിട്ടുള്ളത്.

രാജ്യാന്തരതലത്തില്‍ അര്‍ജന്റീനക്കായി ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കാനും മെസിക്ക് സാധിച്ചിട്ടുണ്ട്. അര്‍ജന്റീനക്കായി 187 മത്സരങ്ങള്‍ കളിച്ച താരം 109 തവണയാണ് എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്.

അര്‍ജന്റീന സമീപകാലങ്ങളില്‍ നേടിയ കിരീടനേട്ടങ്ങളില്‍ മെസി വഹിച്ച പങ്ക് വളരെ വലുതായിരുന്നു. രണ്ട് കോപ്പ അമേരിക്ക, ലോകകപ്പ്, ഫൈനല്‍സീമ എന്നീ കിരീടങ്ങളാണ് സമീപകാലങ്ങളില്‍ അര്‍ജന്റീന മെസിയുടെ നേതൃത്വത്തില്‍ നേടിയത്.

2006 മുതല്‍ മുന്‍ ഫ്രഞ്ച് താരം മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ റൊണാള്‍ഡോക്കൊപ്പം കളിച്ചിട്ടുണ്ട്. മൂന്ന് സീസണുകളിലാണ് എവ്ര പോര്‍ച്ചുഗീസ് ഇതിഹാസത്തിനൊപ്പം ഓള്‍ഡ് ട്രാഫോഡില്‍ പന്തുതട്ടിയത്.

 

Content Highlight: Evra Talks About Lionel Messi