ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്ന് ഹൈക്കോടതി. വോട്ടിങ് മെഷീനുകളില്‍ വ്യാപക കൃത്രിമം നടന്നിട്ടുണ്ടെന്നാരോപിച്ച് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
ഡെറാഡൂണിലെ വികാസ് നഗറില്‍ നിന്നു മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു കോടതിയെ സമീപിച്ചത്.
വോട്ടിങ് മെഷീനില്‍ ക്യത്രിമം നടന്നിട്ടുണ്ടെന്നും അതാണ് തന്റെ തോല്‍വിയ്ക്ക് കാരണമായതെന്നും കാണിച്ചായിരുന്നു ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
പരാതി പരിഗണിച്ച കോടതി ഉത്തരാഖണ്ഡിലെ വികാസ്‌നഗറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തുപയോഗിച്ച വോട്ടിംഗ് മെഷീനുകള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.
വിഷയത്തില്‍ കോടതി ഉത്തരവ് വരുന്നത് വരെ വികാസ് നഗറില്‍ ഉപയോഗിച്ച വോട്ടിങ് മെഷീനുകള്‍ മറ്റൊരു തെരഞ്ഞെടുപ്പിലും ഉപയോഗിക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകള്‍ക്കും വികാസ് നഗര്‍ എം.എല്‍.എയ്ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ആറാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ നവ് പ്രഭാത് ബി.ജെ.പിയുടെ മുന്ന സിങ് ചൗഹാനുമായിട്ടായിരുന്നു മത്സരിച്ചിരുന്നത്. 6000 വോട്ടുകള്‍ക്കായിരുന്നു നവ് പ്രഭാത് ഇവിടെ പരാജയപ്പെട്ടത്.
തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നതാണ് ബി.ജെ.പിയുടെ വലിയ വിജയത്തിന് കാരണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ആരോപിച്ചിരുന്നു. എന്നാല്‍ വോട്ടിങ് മെഷീന്‍ അട്ടിമറിക്കപ്പെടാനുള്ള സാധ്യത തെരഞ്ഞെടുപ്പുകമ്മീഷനും കേന്ദ്രസര്‍ക്കാരും തള്ളിക്കളയുകയായിരുന്നു.
ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിനായി 11000 ത്തോളം വോട്ടിങ് മെഷീനുകളാണ് ഉപയോഗിച്ചത്. വികാസ് നഗറില്‍ മാത്രം 139 ഇ.വി.എം ഉപയോഗിച്ചിട്ടുണ്ട്. 57 സീറ്റില്‍ ബി.ജെ.പിയും 11 സീറ്റില്‍ കോണ്‍ഗ്രസുമാണ് ഇവിടെ വിജയിച്ചത്.