| Friday, 31st May 2019, 7:53 pm

373 മണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കൂടുതല്‍ ഇ.വി.എം വോട്ടുകള്‍; ദി ക്വിന്റ് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇ.വി.എമ്മുകളില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. 373 മണ്ഡലങ്ങളില്‍ ഇ.വി.എമ്മുകളിലെ ആകെ വോട്ടിലും പോള്‍ ചെയ്ത വോട്ടിലും ക്രമക്കേടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പോള്‍ ചെയ്ത വോട്ടിനേക്കാള്‍ കൂടുതലാണ് ഇ.വി.എമ്മുകളില്‍ നിന്നും എണ്ണിയ വോട്ടുകള്‍. ഓരോ മണ്ഡലങ്ങളിലും ആകെ പോള്‍ ചെയ്ത വോട്ടും ഇ.വി.എമ്മുകളില്‍ നിന്നും എണ്ണിയ വോട്ടും തമ്മില്‍ താരതമ്യപ്പെടുത്തി ദി ക്വിന്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇ.വി.എമ്മുകളില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയിട്ടുള്ളത്.

ആദ്യത്തെ നാല് ഘട്ട പോളിങ്ങില്‍ ആകെ പോള്‍ ചെയ്ത വോട്ടുകള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 373 മണ്ഡലങ്ങളില്‍ 220 എണ്ണത്തില്‍ പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കൂടുതല്‍ എണ്ണിയിട്ടുണ്ട്. എന്നാല്‍ ഇവിടങ്ങളില്‍ കുറഞ്ഞ വോട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

കൂടാതെ ത്രിപുരയിലും ഒഡീഷയിലും പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കുറഞ്ഞ വോട്ടുകളാണ് ഇ.വി.എമ്മില്‍ നിന്നും എണ്ണിയിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തമിഴ്‌നാട്ടിലെ കാഞ്ചീപുരം, ധര്‍മപുരി, ശ്രീപെരുംപുതൂര്‍, ചെന്നൈ സൗത്ത്, തിരുവള്ളൂര്‍, ഉത്തര്‍പ്രദേശിലെ മാതുര, ബീഹാറിലെ ഔറംഗാബാദ്, അരുണാചല്‍ പ്രദേശിലെ പശ്ചിമ അരുണാചല്‍ എന്നീ മണ്ഡലങ്ങളില്‍ 7000 ത്തില്‍ കൂടുതല്‍ വോട്ടുകള്‍ ഇ.വി.എമ്മില്‍ നിന്നും അധികം എണ്ണിയിട്ടുന്ദ്. പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കൂടുതലാണിത്.

കാഞ്ചീപുരം മണ്ഡലത്തില്‍ പോള്‍ ചെയ്ത വോട്ടുകള്‍ 12,140,86 ആണ്. ഇ.വി.എമ്മില്‍ നിന്നും എണ്ണിയത് 12,324,17 വോട്ടുകള്‍. അതായത് 18,331 വോട്ടുകള്‍ ഇ.വി.എമ്മില്‍ നിന്നും അധികം എണ്ണി.

ധര്‍മപുരി മണ്ഡലത്തില്‍ പോള്‍ ചെയ്ത വോട്ടുകള്‍ 11,944,40 ആണ്. ഇ.വി.എമ്മില്‍ നിന്നും എണ്ണിയത് 12,123,11 വോട്ടുകളാണ്. 17,871 വോട്ടുകള്‍ ഇ.വി.എമ്മില്‍ നിന്നും അധികം എണ്ണി.

ശ്രീപെരുംപുതൂര്‍ മണ്ഡലത്തില്‍ പോള്‍ ചെയ്തത് 13,886,66 വോട്ടുകളാണ്. ഇ.വി.എമ്മില്‍ നിന്നും എണ്ണിയത് 14,031,78 വോട്ടുകളാണ്. 14,512 വോട്ടുകള്‍ ഇ.വി.എമ്മില്‍ നിന്നും അധികം എണ്ണി.

ചെന്നൈ സൗത്തില്‍ പോള്‍ ചെയ്തത് 11,116,81 വോട്ടുകളാണ്. ഇ.വി.എമ്മില്‍ നിന്നും എണ്ണിയത് 11,234,10 വോട്ടുകളാണ്. അതായത് 11,729 വോട്ടുകള്‍ ഇ.വി.എമ്മില്‍ നിന്നും അധികം എണ്ണി.

തിരുവള്ളൂര്‍ മണ്ഡലത്തില്‍ പോള്‍ ചെയ്തത് 13,951,21 വോട്ടുകളാണ്. ഇ.വി.എമ്മില്‍ നിന്നും എണ്ണിയത് 14,033,49 വോട്ടുകളാണ്. 8,228 വോട്ടുകള്‍ ഇ.വി.എമ്മില്‍ നിന്നും അധികം എണ്ണി.

മാതുര മണ്ഡലത്തില്‍ പോള്‍ ചെയ്തത് 10,882,06 വോട്ടുകളാണ്. ഇ.വി.എമ്മില്‍ നിന്നും എണ്ണിയത് 10,981,12 വോട്ടുകളാണ്. അതായത് 9,906 വോട്ടുകള്‍ ഇ.വി.എമ്മില്‍ നിന്നും അധികം എണ്ണി. ബി.ജെ.പി സ്ഥാനാര്‍ഥി ഹേമാ മാലിനി മൂന്നു ലക്ഷത്തിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച മണ്ഡലമാണിത്.

ഔറംഗാബാദ് മണ്ഡലത്തില്‍ പോള്‍ ചെയ്തത് 93,075,8 വോട്ടുകളാണ്. ഇ.വി.എമ്മില്‍ നിന്നും എണ്ണിയത് 93,952,6 വോട്ടുകളാണ്. അതായത് 8,768 വോട്ടുകള്‍ ഇ.വി.എമ്മില്‍ നിന്നും അധികം എണ്ണി. ബി.ജെ.പി സ്ഥാനാര്‍ഥി സുശീല്‍ കുമാര്‍ സിംഗാണ് ഇവിടെ വിജയിച്ചത്.

പശ്ചിമ അരുണാചല്‍ മണ്ഡലത്തില്‍ പോള്‍ ചെയ്തത് 33,616,1 വോട്ടുകളാണ്. ഇ.വി.എമ്മില്‍ നിന്നും എണ്ണിയത് 34,412,2 വോട്ടുകളാണ്. 7,961 വോട്ടുകള്‍ ഇ.വി.എമ്മില്‍ നിന്നും അധികം എണ്ണി. രണ്ടാം മോദി സര്‍ക്കാരിലെ കായിക മന്ത്രി കിരണ്‍ റിജുജു ജയിച്ച മണ്ഡലമാണിത്.

കൂടാതെ ത്രിപുരയിലെ പശ്ചിമ ത്രിപുര, ഒറീസയിലെ ഭുവനേശ്വര്‍, ക്യോഝാര്‍ മണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കുറഞ്ഞ വോട്ടുകളാണ് ഇ.വി.എമ്മില്‍ നിന്നും എണ്ണിയിട്ടുള്ളത്.

പശ്ചിമ ത്രിപുരയില്‍ 11,211,38 വോട്ടുകളാണ് പോള്‍ ചെയ്തത്. 11,0136,2 വോട്ടുകളാണ് ഇ.വി.എമ്മില്‍ നിന്നും എണ്ണിയത്. 19,776 വോട്ടുകളുടെ കുറവുണ്ട്.

ഭുവനേശ്വരില്‍ 11,011,754 വോട്ടുകളാണ് പോള്‍ ചെയ്തത്. 10,037,04 വോട്ടുകളാണ് ഇ.വി.എമ്മില്‍ നിന്നും എണ്ണിയത്. 8,050 വോട്ടുകളുടെ കുറവുണ്ട്.

ക്യോഝാര്‍ മണ്ഡലത്തില്‍ 11,846,97 വോട്ടുകളാണ് പോള്‍ ചെയ്തത്. 11,735,26 വോട്ടുകളാണ് ഇ.വി.എമ്മില്‍ നിന്നും എണ്ണിയത്. 11,171 വോട്ടുകളുടെ കുറവുണ്ട്.

ഈ ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെടുത്തി മെയ് 27നു തെരഞ്ഞെടുപ്പ് കമ്മീഷന് ക്വിന്റ് ഇ-മെയില്‍ അയച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ പൂര്‍ണമല്ല. പിന്നീട് തിരുത്തും എന്ന മറുപടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയത്.

വോട്ടെടുപ്പിന്റെ സമയത്ത് ഓരോ രണ്ടു മണിക്കൂറിലും പ്രിസൈഡിങ് ഓഫീസര്‍മാര്‍ പോള്‍ ചെയ്ത വോട്ടുകളുടെ കണക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതുണ്ട്. ഇത് കൃത്യമായി ശേഖരിച്ചു വെക്കേണ്ടതാണ്.

തുടര്‍ന്നും വോട്ടുകളുടെ കാര്യത്തിലെ വൈരുധ്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് ഇ-മെയിലുകള്‍ അയച്ചെങ്കിലും മറുപടിയുണ്ടായില്ല. ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ ഒന്നു മുതല്‍ നാല് വരെ ഘട്ടങ്ങളിലെ മൊത്തം പോള്‍ ചെയ്ത വോട്ട് സംബന്ധിച്ച ടിക്കര്‍ അപ്രത്യക്ഷമായതായും ക്വിന്റ് അവകാശപ്പെടുന്നു.

We use cookies to give you the best possible experience. Learn more