| Saturday, 8th December 2018, 8:23 am

ഇ.വി.എം അട്ടിമറിയില്‍ എസ്.ഐ.ടി അന്വേഷണം വേണമെന്ന ഹരജി ഹൈക്കോടതി തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: ഇ.വി.എമ്മുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്താനും കോടതി മേല്‍നോട്ടത്തില്‍ മധ്യപ്രദേശിലെ ഇ.വി.എം അട്ടിമറി ശ്രമങ്ങളില്‍ എസ്.ഐ.ടി അന്വേഷണം നടത്തണമെന്നുമുള്ള ഹരജി മധ്യപ്രദേശ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് തടഞ്ഞു. കോണ്‍ഗ്രസ് നേതാവ് നരേഷ് സരഫ് നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാണ് കോടതിയുടെ നടപടി. സംസ്ഥാനത്തെ ഭോപാല്‍, സത്‌ന, സാഗര്‍, ഷാജാപൂര്‍, ഖണ്ഡ്വ എന്നീ സ്ഥലങ്ങളിലാണ് ഇ.വി.എം സൂക്ഷിപ്പുമായി ബന്ധപ്പെ്ട്ട് ആരോപണം ഉയര്‍ന്നത്.

ഇ.വി.എമ്മില്‍ കൃത്രിമം നടന്നെന്ന ആരോപണത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്‌ട്രോങ്‌റൂമിന് കാവല്‍ നില്‍ക്കുകയും ഇത് സംബന്ധിച്ച് സ്ഥാനാര്‍ത്ഥികള്‍ പ്രവര്‍ത്തകര്‍ക്ക് ക്ലാസെടുത്ത് നല്‍കുകയും ചെയ്തിരുന്നു.

സംഭവത്തില്‍ വിമര്‍ശനവുമായി രാഹുല്‍ഗാന്ധി രംഗത്തെത്തിയിരുന്നു. മോദിയുടെ ഇന്ത്യയില്‍ ഇ.വി.എം മെഷീനുകള്‍ക്ക് നിഗൂഢ ശക്തിയുണ്ടെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണമെന്നും രാഹുല്‍ഗാന്ധി പരിഹസിച്ചിരുന്നു.

“മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പിന് ശേഷം ഇ.വി.എമ്മുകള്‍ അസ്വാഭാവികമായി പെരുമാറിയിരിക്കുകയാണ്. ചിലര്‍ ബസ് തട്ടിക്കൊണ്ട് പോയി രണ്ടു ദിവസത്തേക്ക് കാണാതായി. മറ്റൊരു സംഭവത്തില്‍ വഴിയില്‍ നിന്ന് കാണാതായവയെ ഹോട്ടലില്‍ മദ്യപിച്ചിരിക്കുന്ന നിലയില്‍ കണ്ടെത്തി. മോദിയുടെ ഇന്ത്യയില്‍ ഇ.വി.എമ്മുകള്‍ക്ക് അദ്ഭുത ശക്തിയാണുള്ളത്. അതുകൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജാഗ്രത കാണിക്കണം” രാഹുല്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more