ഇ.വി.എം തിരിമറി നടന്നെന്ന ആരോപണവുമായി ഹിമാചലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും
D' Election 2019
ഇ.വി.എം തിരിമറി നടന്നെന്ന ആരോപണവുമായി ഹിമാചലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd May 2019, 6:44 pm

ധരംശാല: തോല്‍വിക്കു പിന്നില്‍ ഇ.വി.എം തിരിമറിയാണെന്ന ആരോപണവുമായി മറ്റൊരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കൂടി രംഗത്ത്. ഹിമാചല്‍ പ്രദേശിലെ കാംഗ്ര ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ പവന്‍ കാജലാണ് ആരോപണവുമായി രംഗത്തെത്തിയത്.

കാംഗ്രയിലെ എം.എല്‍.എയായ പവന്‍ ഇത്തവണ ലോക്‌സഭയിലേക്കു മത്സരിക്കുകയായിരുന്നു. സംസ്ഥാന മന്ത്രിയും ബി.ജെ.പി സ്ഥാനാര്‍ഥിയുമായ കിഷന്‍ കപൂറായിരുന്നു എതിരാളി. തന്റെ സ്വന്തം നിയമസഭാ മണ്ഡലത്തില്‍ പോലുമുള്ള തോല്‍വി അതിശയിപ്പിക്കുന്നതാണെന്നു പവന്‍ പറഞ്ഞു.

‘തെരഞ്ഞെടുപ്പിലെ ജയവും തോല്‍വിയും സാധാരണയാണ്. എന്നാല്‍ ഭൂരിപക്ഷത്തിലെ ഈ വലിയ അന്തരം സൂചിപ്പിക്കുന്നത് മറ്റൊന്നാണ്. ഇ.വി.എമ്മുകളില്‍ തിരിമറി നടന്നിരിക്കാന്‍ സാധ്യതയുണ്ട്.’- പവന്‍ ആരോപിച്ചു.

മണ്ഡലത്തിലെ ഔദ്യോഗിക ഫലപ്രഖ്യാപനം വന്നിട്ടില്ലെങ്കിലും 4.66 ലക്ഷം വോട്ടിന് ബി.ജെ.പി സ്ഥാനാര്‍ഥി മുന്നിലാണ്. ഹിമാചല്‍ പ്രദേശിലെ ആകെയുള്ള നാല് ലോക്‌സഭാ മണ്ഡലങ്ങളിലും വന്‍ ഭൂരിപക്ഷത്തില്‍ ബി.ജെ.പിയാണു മുന്നില്‍.

നേരത്തേ മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ ഉപയോഗിച്ച വോട്ടിങ് യന്ത്രത്തില്‍ അട്ടിമറി ആരോപിച്ച് അവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഊര്‍മ്മിളാ മണ്ഡോദ്കറും രംഗത്തെത്തിയിരുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഫോമില്‍ ഉണ്ടായിരുന്ന ഒപ്പും വോട്ടിങ് മെഷീന്‍ നമ്പറും തമ്മില്‍ വ്യത്യാസമുണ്ടായിരുന്നു എന്നാണ് ഊര്‍മ്മിള ആരോപിച്ചത്. ഇ.വി.എം മാറ്റിയിട്ടുണ്ടാകാമെന്ന ഗുരുതര ആരോപണമാണ് ഊര്‍മ്മിള ഉന്നയിച്ചത്. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും ഊര്‍മ്മിള വ്യക്തമാക്കി.

‘മുംബൈ നോര്‍ത്ത് മാഗത്താനെയിലെ 17 സി യില്‍ ഉപയോഗിച്ച ഇ.വി.എം നമ്പറും ഫോമിലെ ഒപ്പും വ്യത്യസ്തമായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കിയിട്ടുണ്ട്’– ഊര്‍മിള ട്വീറ്റ് ചെയ്തു. ബി.ജെ.പിയുടെ ഗോപാല്‍ ഷെട്ടിയേക്കാള്‍ 1,45,991 വോട്ടുകള്‍ക്ക് പിന്നിലാണ് ഊര്‍മ്മിള. കോണ്‍ഗ്രസ് വിജയപ്രതീക്ഷ നിലനിര്‍ത്തിയ സ്ഥാനാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഊര്‍മ്മിള. ഊര്‍മ്മിള നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണ റാലികളിലെല്ലാം വന്‍ ജനപ്രാതിനിധ്യമായിരുന്നു ഉണ്ടായത്. എന്നാല്‍ വോട്ടെടുപ്പ് ആരംഭിച്ച് തുടക്കം മുതല്‍ തന്നെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ മുന്നേറ്റമായിരുന്നു കണ്ടത്.