| Saturday, 8th February 2020, 10:16 am

ദല്‍ഹിയിലെ രണ്ട് ബൂത്തുകളില്‍ വോട്ടിങ് മെഷീന് തകരാറ്; വോട്ടിങ് ഇനിയും ആരംഭിച്ചില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പുരോഗമിക്കവേ രണ്ട് ബൂത്തുകളില്‍ ഇ.വി.എം പ്രവര്‍ത്തിക്കുന്നില്ല. രാവിലെ വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ ന്യൂദല്‍ഹി മണ്ഡലത്തിലെ സര്‍ദാര്‍ പട്ടേല്‍ വിദ്യാലയിലെ ബൂത്ത് നമ്പര്‍ 114 ല്‍ ആണ് വോട്ടിങ് മെഷീനില്‍ ആദ്യം തകരാറ് കണ്ടെത്തിയത്.

രാവിലെ മുതല്‍ ആളുകള്‍ വലിയ തോതില്‍ എത്തി വോട്ട് ചെയ്യാനായി ക്യൂ നിന്നെങ്കിലും വോട്ടിങ് മെഷീന്‍ തകരാറിനെ തുടര്‍ന്ന് വോട്ടിങ് ആരംഭിക്കാന്‍ സാധിച്ചിട്ടില്ല.

ഇതിനൊപ്പം യമുന വിഹാറിലെ സി.10 ബ്ലോക്കിലെ ബൂത്തിലും ഇ.വി.എം പ്രവര്‍ത്തിക്കുന്നില്ല. ഇവിടെയും ഇതുവരെ വോട്ടിങ് ആരംഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ടെക്‌നിക്കല്‍ ടീം അംഗങ്ങള്‍ ബൂത്തുകളില്‍ എത്തി പരിശോധന നടത്തുന്നുണ്ട്.

അതിനിടെ പ്രധാന നേതാക്കളെല്ലാം രാവിലെ തന്നെ വിവിധ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

70 സീറ്റിലേക്കുള്ള വോട്ടെടുപ്പ് രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെയാണ് നടക്കുന്നത്. 1.47 കോടി വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക. അതില്‍ 2.08ലക്ഷം പുതിയ വോട്ടര്‍മാരാണ്.

ത്രികോണ മത്സരമാണ് ദല്‍ഹിയില്‍ നടക്കുന്നത്. ആംആദ്മി പാര്‍ട്ടി ഭരണം നിലനിര്‍ത്താന്‍ കടുത്ത പോരാട്ടം നടത്തുമ്പോള്‍ ദല്‍ഹിയില്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രി സ്ഥാനം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. അതേസമയം 15 വര്‍ഷം ദല്‍ഹി ഭരിച്ച കോണ്‍ഗ്രസ് ഇത്തവണ വോട്ട് ശതമാനം കൂട്ടാനുള്ള ശ്രമത്തിലുമാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 70ല്‍ 67 സീറ്റ് നേടിയാണ് ആംആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തിയത്.

പൗരത്വഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് അവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഷാഹിന്‍ബാഗിലെ എല്ലാ ബൂത്തുകളിലും കനത്ത സുരക്ഷയാണ് ഒരുക്കിയത്.

ഷാഹീന്‍ ബാഗില്‍ നിന്നും പ്രതിഷേധക്കാരെ നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിലെ വാദം കേള്‍ക്കല്‍ സുപ്രീംകോടതി ഫെബ്രുവരി 10 തിങ്കളാഴ്ച്ചത്തേക്ക് മാറ്റിയിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more