ഏത് ബട്ടണ്‍ അമര്‍ത്തിയാലും വോട്ട് ബി.ജെ.പിക്ക്: വാര്‍ത്ത പുറത്തായതിന്റെ പേരില്‍ മജിസ്‌ട്രേറ്റിനേയും സൂപ്രണ്ടിനേയും സ്ഥലം മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷന്‍
Daily News
ഏത് ബട്ടണ്‍ അമര്‍ത്തിയാലും വോട്ട് ബി.ജെ.പിക്ക്: വാര്‍ത്ത പുറത്തായതിന്റെ പേരില്‍ മജിസ്‌ട്രേറ്റിനേയും സൂപ്രണ്ടിനേയും സ്ഥലം മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd April 2017, 10:00 am

ന്യൂദല്‍ഹി: മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിനായി എത്തിച്ച വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് നടന്നെന്ന വാര്‍ത്ത പുറത്തായതിനെ തുടര്‍ന്ന് ജില്ലാ മജിസ്‌ട്രേറ്റിനേയും പൊലീസ് സൂപ്രണ്ടിനേയും സ്ഥലംമാറ്റി. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇവരെ സ്ഥലംമാറ്റി ഉത്തരവിറക്കിയത്. ജില്ലയിലെ 19 മുതിര്‍ന്ന ഉദ്യോഗസ്ഥരേയും ഇവര്‍ക്കൊപ്പം സ്ഥലംമാറ്റിയിട്ടുണ്ട്. ഏപ്രില്‍ 9 നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്.

മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പിനായി എത്തിച്ച വോട്ടിങ് മെഷീനില്‍ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബി.ജെ.പിക്ക് വോട്ട് ലഭിക്കുന്ന രീതിയില്‍ ക്രമീകരിച്ച വോട്ടിങ് മെഷീനെകുറിച്ചുള്ള വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്ന ആവശ്യവുമായി മിക്ക രാഷ്ട്രീയപാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.

ബി.ജെ.പിയെ സഹായിക്കുന്ന തരത്തിലുള്ള വോട്ടിങ് മെഷീന്‍ എങ്ങനെ വന്നുവെന്ന കാര്യത്തില്‍ മറുപടി നല്‍കണമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. സോഫ്റ്റ് വെയര്‍ തകരാറായി ഇതിനെ കണക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വോട്ടിങ് യന്ത്രത്തില്‍ ചില അപാകതകളൊക്കെ സംഭവിക്കാം. പക്ഷേ ഇത്തരത്തില്‍ സംഭവിക്കുന്നിടത്തെല്ലാം എന്തുകൊണ്ടാണ് ബി.ജെ.പിക്ക് മാത്രം അനുകൂലമായി വോട്ടിങ് മെഷീന്‍ പ്രവര്‍ത്തിക്കുന്നതെന്നും കെജ് രിവാള്‍ ചോദിക്കുന്നു. വോട്ടിങ് മെഷീനില്‍ ബട്ടന്‍ അമര്‍ത്തുമ്പോള്‍ കോണ്‍ഗ്രസിനോ സമാജ് വാദി പാര്‍ട്ടിക്കോ അനുകൂലമായി വോട്ട് രേഖപ്പെടുത്തുന്നതായി കാണുന്നില്ലല്ലോ? മധ്യപ്രദേശിലേത് ഒറ്റപ്പെട്ട സംഭവമല്ല. ആസ്സാമിലെ ഇത് തന്നെ സംഭവിച്ചിരുന്നു. വോട്ടിങ് മെഷീന്‍ തകരാറിലായപ്പോള്‍ അന്നും വോട്ട് ലഭിച്ചത് ബി.ജെ.പിക്ക് തന്നെയായിരുന്നു.


Dont Miss പശുവിനെ പൂജിക്കുന്നവര്‍ കാളയെ പണിക്ക് വിടുന്നത് ശരിയല്ല: പശു മാതാവെങ്കില്‍ കാള പിതാവല്ലേയെന്നും ലക്ഷ്മണ്‍ ഗെയ്ക്‌വാദ് 


സംഭവത്തില്‍ ഉത്തരവാദികളായ എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടി കൈക്കൊള്ളണമെന്നും കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങും ആവശ്യപ്പെട്ടു. ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ വിശ്വാസ്യത ഇതോടെ ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശിലെ ബിന്ദ് ജില്ലയില്‍ വോട്ട് ചെയ്തത് ആര്‍ക്കെന്നറിയാന്‍ കഴിയുന്ന വി വി പാറ്റ് സംവിധാനം ഘടിപ്പിച്ച വോട്ടിങ് യന്ത്രങ്ങളുടെ പരിശോധനക്കിടെയായിരുന്നു അട്ടിമറി കണ്ടെത്തിയത്. ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ സലീന സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഏത് ബട്ടണ്‍ അമര്‍ത്തുമ്പോഴും വോട്ട് ലഭിക്കുന്നത് ബി.ജെ.പിക്ക് തന്നെയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഉള്‍പ്പെടെ നവമാധ്യമങ്ങളില്‍ വൈറലായിരുന്നു.