|

ഇ.വി.എമ്മില്‍ തകരാര്‍; ഛത്തീസ്ഗഢില്‍ മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ വോട്ടെടുപ്പ് തടസപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്പൂര്‍: ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഢില്‍ ഇ.വി.എമ്മിലുണ്ടായ തകരാറിനെത്തുടര്‍ന്ന് വോട്ടെടുപ്പ് അല്‍പ്പനേരം തടസപ്പെട്ടു. മുഖ്യമന്ത്രി രമണ്‍സിംഗിന്റെ മണ്ഡലത്തിലെ ഇ.വി.എമ്മിലാണ് തകരാറ് കണ്ടെത്തിയത്.

രാജ്‌നാണ്ടഗണ്‍ ജില്ലയിലെ വനിതാ പോളിംഗ് സ്‌റ്റേഷനിലാണ് വോട്ടെടുപ്പ് തടസപ്പെട്ടത്. പിങ്ക് ബൂത്തെന്നാണ് ഈ പോളിംഗ് സ്‌റ്റേഷന്‍ അറിയപ്പെടുന്നത്.

അതേസമയം ഇ.വി.എമ്മിലുണ്ടായത് സാങ്കേതിക തകരാറ് മാത്രമാണെന്നും ഉടന്‍ തന്നെ പ്രശ്‌നം പരിഹരിച്ച് വോട്ടെടുപ്പ് പുനരാരംഭിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ALSO READ: കേന്ദ്രമന്ത്രി അനന്ത് കുമാര്‍ അന്തരിച്ചു

ഛത്തീസ്ഗഢിലെ 18 മണ്ഡലങ്ങളിലാണ് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കുന്നത്. രണ്ടാംഘട്ട വോട്ടെടുപ്പ് നവംബര്‍ 20 നും വോട്ടെണ്ണല്‍ ഡിസംബര്‍ 11 നും നടക്കും.

ചിലയിടങ്ങളില്‍ രാവിലെ 7 മുതല്‍ വൈകിട്ട് 3 മണി വരെയും മറ്റു പ്രദേശങ്ങളില്‍ രാവിലെ 8 മുതല്‍ വൈകിട്ട് 5 മണി വരെയുമാണ് വോട്ടെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്. ഒരു ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്.

ഛത്തീസ്ഗഢില്‍ ബി.ജെ.പി.ക്കും കോണ്‍ഗ്രസിനും പുറമേ കോണ്‍ഗ്രസില്‍നിന്നു വിട്ടുപോയ അജിത് ജോഗിയും രംഗത്തുണ്ട്. സര്‍ക്കാര്‍വിരുദ്ധ തരംഗം ഉയരുന്ന സാഹചര്യത്തില്‍ വിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.

ALSO READ: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇതരമതസ്ഥര്‍ പ്രവേശിച്ചെന്ന് സംശയം; തന്ത്രി നട അടച്ചു

മോദിയുടെയും രാഹുലിന്റെയും നേതൃത്വത്തില്‍ പ്രചരണം കൊഴുപ്പിച്ച ഛത്തീസ്ഗഢ് ആര്‍ക്കൊപ്പം നില്‍ക്കും എന്നതാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

അതേസമയം കഴിഞ്ഞ ദിവസം മാവോവാദികള്‍ നടത്തിയ സ്ഫോടനത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. കാന്‍കര്‍ ജില്ലയിലെ അന്തഗഡ് ഗ്രാമത്തിലുണ്ടായ സ്ഫോടനത്തില്‍ ബി.എസ്.എഫ്. സബ് ഇന്‍സ്പെക്ടര്‍ മഹേന്ദ്ര സിങ് ആണ് മരിച്ചത്. ബിജാപുര്‍ മേഖലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോവാദിയും കൊല്ലപ്പെട്ടു.

സംസ്ഥാനത്ത് 15 ദിവസത്തിനിടെയുണ്ടായ മാവോവാദി ആക്രമണങ്ങളില്‍ പ്രദേശവാസികളും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം 13 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

WATCH THIS VIDEO: