| Monday, 24th April 2017, 9:37 am

'വോട്ടര്‍ സ്ലിപ്പുമായെത്തിയവര്‍ക്കുപോലും വോട്ടുചെയ്യാനായില്ല' മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചത് തകരാറുള്ള വോട്ടിങ് മെഷീനുകളെന്ന് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തകരാറിലായ വോട്ടുയന്ത്രങ്ങളാണ് ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ വ്യാപകമായി ഉപയോഗിച്ചതെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ട്വിറ്ററിലൂടെയായിരുന്നു കെജ്‌രിവാളിന്റെ അഭിപ്രായ പ്രകടനം.

“ഇ.വി.എം തകരാറ് ദല്‍ഹിയില്‍ പലയിടത്തും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. വോട്ടര്‍ സ്ലിപ്പുമായെത്തിയ ആളുകള്‍ക്കുപോലും വോട്ടു ചെയ്യാന്‍ പറ്റിയില്ല. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ എ്ന്താണ് ചെയ്യുന്നത്?” എന്നായിരുന്നു കെജ്‌രിവാളിന്റെ ട്വീറ്റ്.

അതേസമയം കെജ്‌രിവാളിന്റെ ആരോപണങ്ങള്‍ തള്ളി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ രംഗത്തെത്തി. ഇ.വി.എം തകരാറുമായി ബന്ധപ്പെട്ട 18 പരാതികള്‍ തങ്ങള്‍ക്കു ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ അവയെല്ലാം “നോര്‍മല്‍” ആയിരുന്നെന്നും തകരാറുകള്‍ പരിഹരിച്ചിട്ടുണ്ടെന്നുമാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ അവകാശവാദം.


Must Read: ‘മണി മാപ്പ് പറയില്ല’; മാധ്യമപ്രവര്‍ത്തകര്‍ക്കും സുരേഷ് കുമാറിനും എതിരെ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും എം.എം മണി 


ക്രമക്കേട് നടക്കാന്‍ സാധ്യതയുള്ളതിനാല്‍ വിവിപാറ്റ് സംവിധാനം ലഭ്യമാക്കുന്നതുവരെ തെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന് കെജ്‌രിവാള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പു കമ്മീഷനു മുമ്പാകെ വന്ന 18 പരാതികളില്‍ അഞ്ചെണ്ണം വടക്കന്‍ ദല്‍ഹിയില്‍ നിന്നും എട്ടെണ്ണം തെക്കന്‍ ദല്‍ഹിയില്‍ നിന്നും അഞ്ചെണ്ണം കിഴക്കല്‍ ദല്‍ഹിയില്‍ നിന്നുമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ എസ്.കെ ശ്രീവാസ്തവ പറഞ്ഞു.

കെജ്‌രിവാളിനു പുറമേ കോണ്‍ഗ്രസും ഇ.വി.എമ്മിനെതിരെ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.

“ഇതായിരുന്നോ ദല്‍ഹി തെരഞ്ഞെടുപ്പു കമ്മീഷന്റെ മുന്‍കരുതല്‍” എന്നു ചോദിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് നേതാവ് അശ്വതോഷ് മിശ്ര രംഗത്തുവന്നത്.

“ഇ.വി.എം തകരാറുകള്‍ നോക്കുമ്പോള്‍ EVMനെ എക്‌സ്ട്രീമിലി വള്‍നറബിള്‍ മെഷീന്‍ എന്നാണു വിളിക്കേണ്ടത്.” എന്നാണ് ഷെഹ്‌സാദ് പൂനാവാലയുടെ ട്വീറ്റ്.

വിവിധയിടങ്ങളില്‍ ഇ.വി.എം തകരാറിലായതിനെ തുടര്‍ന്ന് വോട്ടെടുപ്പ് മണിക്കൂറുകളോളം നിര്‍ത്തിവെക്കുന്ന സാഹചര്യവുമുണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more