| Saturday, 1st April 2017, 11:54 am

ആര്‍ക്ക് വോട്ട് ചെയ്താലും ലഭിക്കുന്നത് ബി.ജെ.പിക്ക്; മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വോട്ടിങ് മെഷീനില്‍ കണ്ടെത്തിയത് വന്‍ അട്ടിമറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അഞ്ചുസംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനുകളില്‍ വ്യാപക ക്രമക്കേട് നടന്നെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മധ്യപ്രദേശില്‍ ഏപ്രില്‍ 9 ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്‍പായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍.

ഇലക്ട്രോണിക് വോട്ടിങ് മെഷീനൊപ്പം വി.വി.പി.എ.എം ചേര്‍ത്തുവെച്ച് നടത്തിയ പരിശോധനയിലാണ് വോട്ടിങ് മെഷീനില്‍ കൃത്രിമത്വം നടന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന് മനസിലായത്. ഓരോ വോട്ടും ബി.ജെ.പിക്ക് അനുകൂലമാകുന്ന രീതിയിലാണ് വോട്ടിങ് മെഷീനില്‍ സെറ്റ് ചെയ്തത്. ഏത് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്താലും അത് ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വരുന്ന രീതിയിലായിരുന്നു വോട്ടിങ് മെഷീന്റെ പ്രവര്‍ത്തനം.

മധ്യപ്രദേശ് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ സലിന സിങ് വോട്ടിങ് മെഷീനില്‍ പരിശോധന നടത്തുന്ന വീഡിയോ ഇപ്പോള്‍ വൈറലായിട്ടുണ്ട്.

വീഡിയോയിയില്‍ സിങ്ങിനൊപ്പം നിരവധി ഉദ്യോഗസ്ഥരും വോട്ടിങ് മെഷീന്റെ വിശ്വാസ്യത അറിയാനായി പരിശോധനയില്‍ പങ്കെടുത്തിട്ടുണ്ട്. വിവി.പി.എ.പി മെഷീന്റെ സഹായത്തോടെ വോട്ടിങ് മെഷീനല്‍ ഓരോ സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെയും വോട്ട് രേഖപ്പെടുത്തുമ്പോള്‍ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് പേപ്പര്‍ റെസീപ്റ്റില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് രേഖപ്പെടുത്തിയതായി കാണിക്കുന്നത്.

ആദ്യനമ്പറില്‍ അമര്‍ത്തുമ്പോഴും അവസാനത്തെ നമ്പറില്‍ അമര്‍ത്തുമ്പോഴുമെല്ലാം വോട്ട് വീഴുന്നത് ബി.ജെ.പിക്ക് തന്നെ.

സംഭവം മനസിലായതോടെ ഇത്തരമൊരു വാര്‍ത്തയേ മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന അപേക്ഷയുമായി ചീഫ് ഇലക്ട്രല്‍ ഓഫീര്‍ സിങ് രംഗത്തെത്തി. സംഗതി പുറത്തായാല്‍ തങ്ങള്‍ ജയിലിലില്‍ പോകേണ്ടി വരുമെന്നായിരുന്നു അവര്‍ പറഞ്ഞത്.

കഴിഞ്ഞമാസം അഞ്ച് സംസ്ഥാനങ്ങൡ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനില്‍ വ്യാപക ക്രമക്കേട് നടന്നെന്ന ആരോപണവുമായി ആദ്യം രംഗത്തെത്തിയത് ബി.എസ്.പി നേതാവ് മായാവതിയായിരുന്നു. സമാന ആരോപണവുമായി ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ചവരെപ്പോലും ഞെട്ടിച്ചുകൊണ്ടായിരുന്നു യു.പി തിരഞ്ഞെടുപ്പ് ഫലം. 325 സീറ്റുകള്‍ നേടിയായിരുന്നു ബി.ജെ.പി അവിടെ വിജയം നേടിയത്.

അതേസമയം സംഭവത്തില്‍ പ്രതികരണവുമായി അരവിന്ദ് കെജ് രിവാള്‍ രംഗത്തെത്തി. മധ്യപ്രദേശ് തിരഞ്ഞെടുപ്പിന് മുന്‍പായി നടത്തിയ പരിശോധനയില്‍ വോട്ടിങ് മെഷീനില്‍ ക്രമക്കേട് കണ്ടെത്തിയത് ഗുരുതര വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു. ടെക്‌നിക്കല്‍ പ്രശ്‌നമാണെങ്കില്‍ എല്ലാ വോട്ടും ബി.ജെ.പിക്ക് അനുകൂലമായി വരുന്നത് എങ്ങനെയാണെന്നും കെജ്‌രിവാള്‍ ചോദിച്ചു.

We use cookies to give you the best possible experience. Learn more