ന്യൂദല്‍ഹി: മഹാരാഷ്ട്രയിലെ വിവിധ ബൂത്തുകളില്‍ ഇലക്ട്രോണിക് മെഷീനില്‍ വ്യാപക തകരാറ്. രത്‌നഗിരി, ബന്താര ജില്ലകളിലെ വിവിധ ബൂത്തുകളില്‍ എത്തിച്ച ഇ.വി.എമ്മുകളാണ് പ്രവര്‍ത്തന രഹിതമായത്.
വോട്ടിങ് ആരംഭിച്ച് അല്‍പ്പ സമയത്തിനകം തന്നെ മെഷീന്‍ കേടാവുകയായിരുന്നു. മുംബൈയിലെ വോര്‍ളി മേഖലയിലെ പോളിങ് ബൂത്തിലും ഇ.വി.എം കേടായതിനെ തുടര്‍ന്ന് വോട്ടെടുപ്പ് തടസ്സപ്പെട്ടു. ഇ.വി.എം തകരാറുകള്‍ ചൂട്ടിക്കാട്ടി 187 പരാതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം നല്‍കിയത്.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് രത്നഗിരിയിലെ ധമംഗോണ്‍ ഗ്രാമത്തില്‍ രാവിലെ 8.30 മുതല്‍ രാവിലെ 10 വരെ ഒരു ബൂത്തില്‍ പോളിംഗ് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.
രത്നഗിരിയിലെ കലമ്പന്‍ ഗാവന്‍വാടി ഗ്രാമത്തിലെ ബൂത്തില്‍ ഇ.വി.എം തകറാറിനെ തുടര്‍ന്ന് രാവിലെ 9.42 മുതല്‍ വോട്ടിങ് നിര്‍ത്തിവെച്ചു. ഉച്ചയ്ക്ക് 12.30 ഓടെയാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.
ഭണ്ഡാര ജില്ലയിലും സമാനമായ പ്രശ്നം മൂലം രാവിലെ 9.15 മുതല്‍ 9.35 വരെ പോളിംഗ് തടസ്സപ്പെട്ടു. പലയിടത്തും വോട്ടിംഗ് തടസ്സപ്പെട്ടതിനാല്‍ പോളിംഗ് സ്റ്റേഷനുകള്‍ക്ക് പുറത്ത് നീണ്ട ക്യൂ ആണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ