| Tuesday, 23rd April 2019, 1:43 pm

വോട്ടിങ് മെഷീന്‍ തകരാറ് റിപ്പോര്‍ട്ടു ചെയ്തതേറെയും ബി.ജെ.പി സ്വാധീനമുള്ള തിരുവനന്തപുരത്തും പത്തനംതിട്ടയിലും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടിങ് യന്ത്രവുമായി ബന്ധപ്പെട്ട പരാതികള്‍ ഏറെയും ഉയര്‍ന്നത് ബി.ജെ.പി സ്വാധീനമുള്ള തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളില്‍. ഇവിടങ്ങളില്‍ വോട്ടിങ് മെഷീനെതിരെ ഉയര്‍ന്ന പരാതികളില്‍ ഏറെയും ഏത് ചിഹ്നത്തില്‍ കുത്തിയാലും ബി.ജെ.പിക്കു വോട്ടുവീഴുന്നുവെന്നതായിരുന്നു.

ബി.ജെ.പിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ഇത്തരമൊരു തകരാറ് ആസൂത്രിതമാണോയെന്ന സംശയമാണ് സോഷ്യല്‍ മീഡിയയില്‍ പലരും ഉന്നയിക്കുന്നത്. തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും എം.പിയുമായ ശശി തരൂര്‍ തന്നെ ഇത്തരമൊരു ആരോപണം ഉന്നയിച്ചിരുന്നു.

‘യന്ത്രങ്ങള്‍ക്ക് തകരാര്‍ വരുന്നത് സ്വാഭാവികമാണ്. എന്നാല്‍, എന്ത് തകരാര്‍ വന്നാലും എപ്പോഴും താമരമാത്രം തെളിയുന്നത് എങ്ങനെയാണ്’ എന്നാണ് ശശി തരൂര്‍ ചോദിച്ചത്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം മണ്ഡലത്തിലെ കോവളം ചൊവ്വരയിലെ 151ാം നമ്പര്‍ ബൂത്തില്‍ നിന്നാണ് ഇത്തരമൊരു പരാതി ആദ്യം ഉയര്‍ന്നത്. കൈപ്പത്തിക്ക് വോട്ടു ചെയ്യുമ്പോള്‍ താമരയ്ക്ക് പോകുന്നുവെന്നായിരുന്നു ഇവിടെ ഉയര്‍ന്ന പരാതി. പരാതിയില്‍ കഴമ്പില്ലെന്ന് പറഞ്ഞ് തള്ളിക്കളയുകയാണ് മുഖ്യവരണാധികാരിയായ കലക്ടര്‍ അടക്കമുള്ളവര്‍ ചെയ്തത്. പരാതിക്കാര്‍ക്കെതിരെ കേസെടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, പരാതി നല്‍കിയ പലരും ഇപ്പോഴും അതില്‍ ഉറച്ചു നില്‍ക്കുന്നുണ്ട്. ‘ഞാന്‍ രാവിലെ വോട്ട് ചെയ്യാന്‍ എത്തി. കോണ്‍ഗ്രസിന് വോട്ടിടാനാണ് പോയത്. അതില്‍ ഒരുപാട് സമയം പ്രസ് ചെയ്തിട്ടും ബട്ടണ്‍ വര്‍ക്കായില്ല. ഇക്കാര്യം അവിടെ നിന്ന മാഡത്തിനോട് പറഞ്ഞു. അപ്പോള്‍ അവിടെയുള്ള ഒരു ഉദ്യോഗസ്ഥന്‍ വന്ന് അത് പ്രസ് ചെയ്തപ്പോള്‍ ആ വോട്ട് നേരെ താമരയ്ക്കാണ് പോയത്. എനിക്ക് റീ വോട്ടിങ് വേണം. എനിക്ക് കോണ്‍ഗ്രസിന് വോട്ട് കൊടുക്കണം വേറൊന്നും വേണ്ട. വി.വി. പാറ്റിലും മെഷീനിലും താമരയാണ് വന്നത്. വി.വി. പാറ്റ് രസീത് വ്യക്തമായി കണ്ടു. അവരോട് ഇക്കാര്യം പറഞ്ഞപ്പോള്‍ പോയ്ക്കോളാനായിരുന്നു പറഞ്ഞത്. അപ്പോള്‍ തന്നെ പുറത്ത് വന്ന് എന്റെ ഭര്‍ത്താവിനടുത്ത് പരാതി പറഞ്ഞു. ഭര്‍ത്താവ് മറ്റുള്ളവരോടും കാര്യം പറയുകയായിരുന്നു.’ എന്നാണ് കോവളം ചൊവ്വരയിലെ 151ാം ബൂത്തിലെ വോട്ടറായ യുവതി മാധ്യമങ്ങളോട് പറഞ്ഞത്.

തിരുവനന്തപുരം പട്ടത്തെ 151ാം നമ്പര്‍ ബൂത്തിലെ എബിന്‍ എന്ന വോട്ടറും സമാനമായ പരാതി ഉന്നയിച്ചിരുന്നു. താന്‍ ഒരുപാര്‍ട്ടിക്ക് വോട്ടു ചെയ്തു. എന്നാല്‍ വോട്ട് രേഖപ്പെടുത്തിയതായി കണ്ടത് മറ്റൊരു പാര്‍ട്ടിക്കാണെന്നായിരുന്നു എബിന്റെ പരാതി. പത്തനംതിട്ടയില്‍ നിന്നും സമാനമായ പരാതി ഉയര്‍ന്നിട്ടുണ്ട്.

ഇതിനു മുമ്പ് തെരഞ്ഞെടുപ്പ് നടന്ന വേളയിലൊന്നും തന്നെ കേരളത്തില്‍ നിന്നും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ക്കെതിരെ ഇത്തരത്തിലുള്ള പരാതി ഉയര്‍ന്നിരുന്നില്ല.

അടുത്തകാലത്തു നടന്ന തെരഞ്ഞെടുപ്പുകളില്‍ ഉത്തരേന്ത്യയില്‍ നിന്നും സമാനമായ പരാതികള്‍ ഉയര്‍ന്നിരുന്നു. ബി.എസ്.പി നേതാവ് മായാവതി, എ.എ.പി നേതാവ് അരവിന്ദ് കെജ്‌രിവാള്‍, ചില കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് പറഞ്ഞ് ബി.ജെ.പി അത് നിഷേധിക്കുകയാണ് ചെയ്തത്. വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് നടത്താനാവില്ലെന്ന നിലപാടാണ് ബി.ജെ.പി ആ അവസരങ്ങളില്‍ സ്വീകരിച്ചത്.

എന്നാല്‍ കേരളത്തില്‍ ഇ.വി.എം ക്രമക്കേട് ആരോപിച്ച് രംഗത്തുവന്നവരില്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറിയും പത്തനംതിട്ടയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ കെ. സുരേന്ദ്രനുമുണ്ട്. പത്തനംതിട്ട മണ്ഡലത്തില്‍ താരമചിഹ്നത്തിന് വോട്ടുരേഖപ്പെടുത്താന്‍ കഴിയുന്നില്ലെന്നാണ് കെ. സുരേന്ദ്രന്റെ ആരോപണം.

We use cookies to give you the best possible experience. Learn more