ചെയ്ത വോട്ടെല്ലാം വീഴുന്നത് താമരയ്ക്ക്: ചേര്‍ത്തലയിലും വോട്ടിങ് യന്ത്രത്തില്‍ തകരാറ്
D' Election 2019
ചെയ്ത വോട്ടെല്ലാം വീഴുന്നത് താമരയ്ക്ക്: ചേര്‍ത്തലയിലും വോട്ടിങ് യന്ത്രത്തില്‍ തകരാറ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd April 2019, 10:24 am

 

ചേര്‍ത്തല: കോവളത്തിനു പിന്നാലെ ചേര്‍ത്തലയിലും വോട്ടിങ് യന്ത്രത്തില്‍ തകരാറ്. ട്രയല്‍ നടത്തിയപ്പോഴാണ് തകരാറ് ശ്രദ്ധയില്‍പ്പെട്ടത്. ചേര്‍ത്തല കിഴക്ക് 40 എന്‍.എസ്.എസ് കരയോഗം 88ാം നമ്പര്‍ ബൂത്തിലാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്.

ട്രയല്‍ നടത്തിയപ്പോള്‍ ചെയ്ത വോട്ടെല്ലാം വീണത് താമര ചിഹ്നത്തിലാണ്. ഇതോടെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് വോട്ടിങ് യന്ത്രം മാറ്റിയാണ് വോട്ടെടുപ്പ് തുടങ്ങിയത്.

വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറില്‍ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ തകരാറിലായത് വോട്ടെടുപ്പ് വൈകാനിടയാക്കിയിരുന്നു. തിരുവനന്തപുരം ചൊവ്വരയില്‍ ഇ.വി.എമ്മില്‍ തകരാറിനെ തുടര്‍ന്ന് വോട്ടെടുപ്പ് നിര്‍ത്തിവെച്ചിരുന്നു. ചൊവ്വരയിലെ 151ാം ബൂത്ത് പ്രവര്‍ത്തിക്കുന്ന മാധവ വിലാസം സ്‌കൂളിലായിരുന്നു.

പോള്‍ ചെയ്യുന്നത് കൈപ്പത്തിയിലാണെങ്കിലും വി.വിപാറ്റില്‍ ചുവന്ന ലൈറ്റ് തെളിയുന്നത് താമര ചിഹ്നത്തിലാണെന്നാണ് വോട്ടര്‍മാര്‍ പരാതി ഉന്നയിച്ചത്. 76 വോട്ടുകളാണ് ഇതുവരെ ബൂത്തില്‍ പോള്‍ ചെയ്തത്. എന്നാല്‍ വോട്ടര്‍മാരുടെ ആരോപണം കലക്ടര്‍ വാസുകി തള്ളിയിരുന്നു.

യു.ഡി.എഫ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഇവിടെ ഇപ്പോള്‍ പോളിങ് നിര്‍ത്തി വെച്ചിരിക്കുന്നത്. പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലായതിനെ തുടര്‍ന്നാണ് ഇപ്പോള്‍ വോട്ടിങ് നിര്‍ത്തി വെച്ചിരിക്കുന്നത്. കോവളം എം.എല്‍.എ വിന്‍സന്റ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, കഴിഞ്ഞദിവസമുണ്ടായ മഴ കാരണമാണ് വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായതെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞത്.

ഇന്നലെ രാത്രി മുതല്‍ സംസ്ഥാനത്ത് പലയിടത്തം ശക്തമായ മഴയാണ് പെയ്തത്. അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടിയാല്‍ മെഷീന്‍ തകരാറിലാകാന്‍ സാധ്യതയുണ്ടെന്ന് തങ്ങള്‍ ആദ്യമേ പറഞ്ഞതാണെന്നും ടിക്കാറാം മീണ പറഞ്ഞു.