മനുഷ്യാവകാശ പ്രവർത്തകനായ ഗൗതം നവ് ലഖക്ക് പാകിസ്ഥാൻ ചാര സംഘടനയുമായി ബന്ധമെന്ന് എൻ.ഐ.എ ഹൈക്കോടതിയിൽ
national news
മനുഷ്യാവകാശ പ്രവർത്തകനായ ഗൗതം നവ് ലഖക്ക് പാകിസ്ഥാൻ ചാര സംഘടനയുമായി ബന്ധമെന്ന് എൻ.ഐ.എ ഹൈക്കോടതിയിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd February 2023, 9:32 am

മനുഷ്യാവകാശ പ്രവർത്തകനായ ഗൗതം നവ് ലഖക്ക് പാക് ചാര സംഘടനയായ ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്ന് എൻ.ഐ.എ.
ഭീമ കൊറേഗാവ് കേസിലെ നവ്ലഖ യുടെ ജാമ്യാപേക്ഷക്കെതിരെ ബോംബെ ഹൈക്കോടതിയിൽ അഫിഡവിറ്റ് സമർപ്പിച്ചുകൊണ്ടാണ് നവ് ലഖക്ക് ഐ.എസ്.ഐ ബന്ധമുണ്ടെന്ന് എൻ.ഐ.എ വാദിച്ചത്.

അമേരിക്കയിലുള്ള ഐ.എസ്.ഐ ഏജന്റായ ഗുലാം നബി ഭായ് പാകിസ്ഥാനി ഐ.എസ്.ഐ ജനറൽക്ക് നവ് ലഖയെ പരിചയപ്പെടുത്തിയെന്നും എൻ.ഐ.എ ഹൈക്കോടതിയിൽ ആരോപിച്ചു.

രാജ്യത്തിന്റെ താത്പര്യത്തിനും സമൂഹത്തിന്റെ സുരക്ഷക്കും എതിരായി പ്രവർത്തിച്ചതിനാൽ നവ് ലഖക്ക് ജാമ്യം അനുവദിക്കരുതെന്നും എൻ.ഐ.എ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.

എൻ.ഐ.എയുടെ മുംബൈ ബ്രാഞ്ച് ഡെപ്യൂട്ടി ജനറൽ ഇൻസ്പെക്ടറായ വിക്രം ഖാൽതെയാണ് നവ് ലഖക്കെതിരെ ഹൈക്കോടതിയിൽ അഫിഡവിറ്റ് സമർപ്പിച്ചത്.

ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ കെട്ടിച്ചമച്ച കേസ് എടുത്തിരിക്കുകയാണെന്ന നവ് ലഖയുടെ വാദം വ്യാജമാണെന്ന് അവകാശപ്പെടുന്ന അഫിഡവിറ്റിൽ നവ് ലഖക്ക് നിരോധിക്കപ്പെട്ട സംഘടനായ സി.പി.ഐ (മാവോയിസ്റ്റ്)മായി അടുത്ത ബന്ധമുണ്ടെന്ന സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്.

2020 ഏപ്രിൽ 14നാണ് ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് നിരവധി മനുഷ്യാവകാശ പ്രവർത്തകർക്കും ദലിത് നേതാക്കൾക്കുമൊപ്പംനവ് ലഖ അറസ്റ്റ് ചെയ്യപ്പെട്ടത്.

2022 സെപ്റ്റംബറിൽ എൻ.ഐ.എ നവ് ലഖക്ക് ജാമ്യം നിഷേധിച്ച നടപടി നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് വാദിച്ചു കൊണ്ട് നവ് ലഖ എൻ.ഐ.എ കോടതിയുടെ വിധിക്കെതിരെ തന്റെ അഭിഭാഷകനായ യുഗ് മോഹിത്ത് ചൗധരി മുഖേനയാണ് ഹൈക്കോടതിയെ സമീപിച്ചത്.
കേസിൽ ഫെബ്രുവരി 27ന് വാദം കേൾക്കുന്നതിന് മുമ്പേ ഡിവിഷൻ ബെഞ്ച് ചോദിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് എൻ.ഐ. എ അഫിഡവിറ്റ് സമർപ്പിച്ചിരിക്കുന്നത്.

മാവോയിസ്റ്റ് സംഘടനകളുമായും കശ്മിരി വിഘടനവാദ സംഘടനകളുമായും ബന്ധപ്പെട്ട പരിപാടികളിൽ നവ് ലഖ പങ്കെടുത്തെന്നെന്നും പ്രസംഗിച്ചെന്നുമുള്ള ഗൗരവകരമായ ആരോപണം കൂടി എൻ. ഐ.എ അദ്ദേഹത്തിനെതിരെ ഉന്നയിക്കുന്നുണ്ട്.
Content Highlights:Evidence shows Navlakha had nexus with ISI, agent: NIA to HC