| Tuesday, 9th July 2024, 8:46 pm

ബീഫ് കടത്താന്‍ അനുമതി നല്‍കണമെന്ന് ബി.എസ്.എഫിന് കേന്ദ്ര മന്ത്രിയുടെ ഉത്തരവ്; തെളിവ് പുറത്തുവിട്ട് മഹുവ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലൂടെ ബീഫ് കടത്താന്‍ കേന്ദ്ര സഹമന്ത്രി ശാന്തനു താക്കൂര്‍ ഇടപെടല്‍ നടത്തിയതിന്റ തെളിവുകള്‍ പുറത്ത്. ബീഫ് കൈവശമുള്ള ഒരു വ്യക്തിയെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കണമെന്ന് ബി.എസ്.എഫ് സൈനികര്‍ക്ക് ഉത്തരവ് നല്‍കികൊണ്ടുള്ള നോട്ടീസാണ് പുറത്തുവന്നിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

85ബി.എന്‍ ബി.എസ്.എഫിന് ഉത്തരവ് നല്‍കികൊണ്ടുള്ള മന്ത്രിയുടെ ഔദ്യോഗിക ലെറ്റര്‍ പാഡിന്റെ ചിത്രമാണ് മഹുവ പുറത്തുവിട്ടത്. ഇതില്‍ ബീഫ് കൈവശം വെച്ച വ്യക്തിയുടെ പേരും മേല്‍വിലാസവും ആധാര്‍ നമ്പറും എഴുതിയിട്ടുണ്ട്. കൈവശം വെച്ചിരിക്കുന്ന വസ്തുവിന്റെ തരം എന്ന കോളത്തില്‍ ബീഫെന്നും, വസ്തുവിന്റെ ഭാരമെന്ന കോളത്തില്‍ മൂന്ന് കിലോയെന്നും നല്‍കിയിട്ടുണ്ട്.

2024 ജൂലൈ രണ്ടിനാണ് ഈ ലെറ്റര്‍ ബി.എസ്.എഫിന് കൈമാറിയിട്ടുള്ളത്. തുറമുഖ ഷിപ്പിങ്, ജലപാത സഹമന്ത്രി ശാന്തനുവിന്റെ ഒപ്പും ഈ ലെറ്ററിലുണ്ട്. ബീഫ് കൈവശം വെച്ചതിന് രാജ്യത്തെ മുസ്‌ലിങ്ങളെയും ന്യൂനപക്ഷങ്ങളെയും തേടികണ്ടെത്തി ബി.ജെ.പി അനുകൂലികള്‍ ആക്രമിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടല്‍.

ഇക്കാര്യം പുറത്തുവിടാത്ത ഗോഡി മീഡിയയെ വിമര്‍ശിച്ചാണ് മഹുവ തെളിവുകള്‍ പുറത്തുവിട്ടത്. രാജ്യത്ത് ബീഫിന്റെ പേരില്‍ മുസ്‌ലിങ്ങളെ വേട്ടയാടുന്ന ഗോ സംരക്ഷകരെയും പോസ്റ്റില്‍ മഹുവ വിമര്‍ശിക്കുന്നുണ്ട്.

2015 മെയ് മുതല്‍ 2018 ഡിസംബര്‍ വരെയുള്ള കാലയളവിനുള്ളില്‍, ഇന്ത്യയില്‍ 100ലധികം ബീഫ് സംബന്ധമായ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. ഇതില്‍ 280 പേര്‍ക്ക് പരിക്കേല്‍ക്കുകയും 44 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ് വാച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ മൂന്നാമതും അധികാരത്തിലേറിയ സാഹചര്യത്തില്‍ ബീഫ് സംബന്ധമായ ആക്രമണങ്ങള്‍ രാജ്യത്ത് തുടരുകയാണ്.

Content Highlight: Evidence of Union Minister of State Shantanu Thakur’s intervention to smuggle beef across the India-Bangladesh border has surfaced

We use cookies to give you the best possible experience. Learn more