ന്യൂദല്‍ഹി: കൊവിഡ് 19 ഭേദമാകുന്നവരെ ആശുപത്രികളില്‍നിന്നും ഡിസ്ചാര്‍ജ് ചെയ്യുന്ന സമയത്ത് പരിശോധന നടത്താത്തതിനെത്തുടര്‍ന്നുണ്ടായ ആശങ്കകളില്‍ മറുപടിയുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് രോഗം ഭേദമായവരില്‍നിന്ന് അണുബാധ പകരില്ലെന്നാണ് എന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
രോഗം ഭേദമായി ആശുപത്രി വിടുന്ന ആളുകളും ഏഴ് ദിവസം വീടുകളില്‍ ക്വാറന്റീനില്‍ കഴിയണമെന്നും കേന്ദ്രം വ്യക്തമാക്കി.
കൊവിഡ് 19 ബാധിച്ച രോഗിക്ക് രോഗമുക്തിക്ക് ശേഷവും കടുത്ത അസുഖങ്ങള്‍ ഉണ്ടാവുകയോ രോഗ പ്രതിരോധ ശേഷി കുറയുകയോ ചെയ്താല്‍ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതിന് മുമ്പ് ആര്‍.ടി-പി.സി.ആര്‍ പരിശോധന നടത്തണമെന്ന് ആരോഗ്യമന്ത്രാലയം മെയ് ഒമ്പതിന് പുറത്തിറക്കിയ ഡിസ്ചാര്‍ജ് പോളിസിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തവര്‍ക്ക് ഈ പരിശോധന നടത്തേണ്ടതില്ല.
‘രോഗം ഭേദമായവരില്‍നിന്ന് അണുബാധ പകരാനുള്ള സാധ്യതയില്ലെന്നാണ് ലഭ്യമായ റിപ്പോര്‍ട്ടുകളില്‍നിന്നും വ്യക്തമാവുന്നതെന്നാണ് പുതുക്കിയ ഡിസ്ചാര്‍ജ് മാനദണ്ഡത്തില്‍ ചേര്‍ത്തിരിക്കുന്നത്. ഇതില്‍ത്തന്നെ ഇത്തരം വ്യക്തികള്‍ ആശുപത്രി വിട്ട ശേഷവും ഏഴ് ദിവസം വീടുകളില്‍ ക്വാറന്റീനില്‍ കഴിയണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്’, ആരോഗ്യമന്ത്രാലയം ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ ചൂണ്ടിക്കാട്ടി.
എന്തുകൊണ്ടാണ് ഡിസ്ചാര്‍ജ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയത് എന്ന ചോദ്യത്തിന് പല രാജ്യങ്ങളിലും പരിശോധന അടിസ്ഥാനമാക്കിയുള്ള രീതികളില്‍നിന്നും ലക്ഷണം അടിസ്ഥാനമാക്കിയുള്ള രീതിയിലേക്ക് മാറിയതിനാലാണ് എന്നും മന്ത്രാലയം വ്യക്തമാക്കി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക