പാലക്കാട്: സി.പി.ഐ.എം പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി.കെ. ശശിക്കെതിരായ ഫണ്ട് തിരിമറിയുടെ രേഖകള്‍ പുറത്ത്. സി.പി.ഐ.എം ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍ നിന്ന് അഞ്ച് കോടി രൂപ വായ്പ വാങ്ങിയതിന്റെ രേഖകളുൾപ്പെടെയാണ് പുറത്തുവന്നിരിക്കുന്നത്.
മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയിലാണ് പാര്‍ട്ടി ഫണ്ട് തിരിമറിയുടെ രേഖകള്‍ സമര്‍പ്പിച്ചിരിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പുത്തലത്ത് ദിനേശനാണ് വിവരങ്ങള്‍ ശേഖരിച്ചത്.
പാര്‍ട്ടിയുടെ അനുവാദമില്ലാതെ മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ വകുപ്പിലെ വിവിധ സൊസൈറ്റികളില്‍ 35 നിയമനങ്ങള്‍ നടത്തിയതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം പി.കെ. ശശി നിരപരാധിയാണെന്നും അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ മാധ്യമ സൃഷ്ടിയാണെന്നുമായിരുന്നു പാര്‍ട്ടി സെക്രട്ടറിയുടെ പ്രതികരണം.
എന്നാല്‍ ഇത് പൊളിച്ചെഴുതിക്കൊണ്ടാണ് പി.കെ ശശിക്കെതിരായ റിപ്പോര്‍ട്ടുകള്‍.
സി.പി.ഐ.എം ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍ നിന്ന് 5 കോടി 60 ലക്ഷം രൂപ യൂണിവേഴ്‌സല്‍ കോളജിന് ഓഹരി വാങ്ങിയതിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട്, യൂണിവേഴ്‌സല്‍ കോളജില്‍ ചെയര്‍മാനാകാന്‍ മണ്ണാര്‍ക്കാട് താലൂക്കിലുള്ള സഹോദരിയുടെ വിലാസത്തില്‍ അഡ്രസ് പ്രുഫ് ഉണ്ടാക്കിയതിന്റെ രേഖകളുമാണ് തെളിവായി സമര്‍പ്പിച്ചിരിക്കുന്നത്.
സ്വന്തം ഡ്രൈവര്‍ പി കെ ജയന്റെ പേരില്‍ അലനല്ലൂര്‍ വില്ലേജ് പരിസരത്ത് 1 കോടിക്ക് മുകളില്‍ വിലയില്‍ വാങ്ങിയ സ്ഥലത്തിന്റെ ആധാരവും, യൂണിവേഴ്‌സല്‍ കോളേജിന് സമീപം മകന്റെ പേരില്‍ വാങ്ങിയ ഒരേക്കര്‍ സ്ഥലത്തിന്റെ രേഖകളുമാണ് പാര്‍ട്ടി നേതൃത്വത്തിന് കൈമാറിയിരിക്കുന്നത്.
നേരിട്ടെത്തിയാണ് പുത്തലത്ത് ദിനേശന്‍ തെളിവുകള്‍ ശേഖരിച്ച് സംസ്ഥാന നേതൃത്വത്തിന് സമര്‍പ്പിച്ചത്. കൃത്യമായ തെളിവുകള്‍ സമര്‍പ്പിച്ചാല്‍ പി.കെ. ശശിക്കെതിരെ നടപടിയെടുക്കുമെന്നായിരുന്നു പാര്‍ട്ടി സെക്രട്ടറിയുടെ നിലപാട്.