| Tuesday, 7th May 2013, 1:34 pm

റയില്‍വേ കൈക്കൂലി കേസില്‍ ബന്‍സാലിനെതിരെ തെളിവ് ലഭിച്ചതായി സി.ബി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര റയില്‍വേ മന്ത്രി പവന്‍ കുമാര്‍ ബന്‍സാലിന്റെ അനന്തരവന്‍ വിജയ് സിംഗ്ല റയില്‍വേ ബോര്‍ഡ് അംഗം മഹേഷ് കുമാറില്‍ നിന്ന് കൈക്കൂലി വാങ്ങിയത് ബന്‍സാലിന് വേണ്ടിയാണെന്ന് സി.ബി.ഐ. []

അന്വേഷണത്തില്‍ പവന്‍ കുമാര്‍ ബന്‍സലിന് എതിരെ തെളിവ് ലഭിച്ചതായാണ് സി.ബി.ഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

സിംഗ്ലയുടെ ആയിരത്തോളം ടെലിഫോണ്‍ കോളുകള്‍ സി.ബി.ഐ പരിശോധിച്ചു റെക്കോര്‍ഡ് ചെയ്തു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ്  അന്വേഷണം പുരോഗമിക്കുന്നത്.

റെയില്‍വെ ഉദ്യോഗസ്ഥ തലത്തിലോ മന്ത്രിയുടെ ബന്ധുക്കളിലോ മാത്രം ഒതുങ്ങുന്നതല്ല അന്വേഷണമെന്നാണ് അറിയുന്നത്. റെയില്‍വെയിലെ ഉന്നത ഉദ്യോഗസ്ഥരുമായി വിജയ് സിംഗ്ല നിരന്തരം ബന്ധപ്പെടാറുണ്ടെന്നതിന് തെളിവവുകള്‍ സിബിഐയ്ക്ക് ലഭിച്ചിട്ടുണ്ട്.

അഴിമതിയില്‍ പങ്കുണ്ടെന്ന് കരുതുന്നവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കും. കേസുമായി ബന്ധപ്പെട്ടു പവന്‍ കുമാര്‍ ബന്‍സലിനെ സിബിഐ ചോദ്യം ചെയ്യുമെന്നാണ് സൂചന.

ഇപ്പോഴത്തെ റയില്‍വേ ബോര്‍ഡ് അംഗം (ഇലക്ട്രിക്കല്‍) ചെയര്‍മാനാകുമ്പോള്‍ വരുന്ന ഒഴിവില്‍ നിയമിക്കാമെന്നും അതിനു 10 കോടി രൂപ നല്‍കണമെന്നുമായിരുന്നു മഹേഷ്‌കുമാറിനു ലഭിച്ച വാഗ്ദാനം. 89.68 ലക്ഷം രൂപ വിജയ് സിംഗ്ലയുടെ പക്കല്‍നിന്നു സിബിഐ കണ്ടെടുത്തിരുന്നു.

എട്ടു പേരെയാണ് സിബിഐ ഇതുവരെ പ്രതികളാക്കിയിട്ടുള്ളത്. രണ്ടു പേരെ കൂടി പിടികൂടാനുണ്ട്.

വിജയ് സിംഗ്ലയെ കൈക്കൂലിക്കേസില്‍ സി.ബി.ഐയാണ് അറസ്റ്റ് ചെയ്തതത്.  90 ലക്ഷം രൂപയുമായി മുംബൈയില്‍ റെയില്‍വേബോര്‍ഡ് മെമ്പര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് വിജയ് സിംഗ്ല പിടിയിലായത്.

സ്ഥാനക്കയറ്റത്തിനായി സിംഗ്ലയ്ക്ക് കൈക്കൂലി നല്‍കുന്നതിനായാണ് പണം കൊണ്ടുപോകുന്നതെന്ന് അറസ്റ്റിലായ റെയില്‍വേബോര്‍ഡംഗം മഹേഷ് കുമാര്‍ സി.ബി.ഐ.ക്ക് മൊഴിനല്‍കുകയും ചെയ്തു.

1975 ബാച്ചിലെ ഇന്ത്യന്‍ റെയില്‍വേ സര്‍വീസ് ഉദ്യോഗസ്ഥനാണ് മഹേഷ് കുമാര്‍. പശ്ചിമ റെയില്‍വേ ജനറല്‍ മാനേജരായിരുന്ന മഹേഷ് കുമാറിനെ ഏതാനും ദിവസം മുന്‍പായിരുന്നു റെയില്‍വേ ബോര്‍ഡംഗമാക്കിയത്.

കൈക്കൂലി നല്‍കിയതിന് മഹേഷ്‌കുമാറിനെ സി.ബി.ഐ നേരത്തേ തന്നെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടന്ന റെയ്ഡിലാണ് വിജയ് സിംഗ്ലയെ സിബിഐ അറസ്റ്റുചെയ്തത്. മഹേഷ്‌കുമാറിനെയും വിജയ് സിംഗ്ലയെയും കൂടാതെ രണ്ടുപേര്‍ക്കെതിരെ കൂടി സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

We use cookies to give you the best possible experience. Learn more