കോഴിക്കോട്: ജനങ്ങളെ മറന്ന് കൊണ്ടുള്ള പ്രവര്‍ത്തനമാണ് എല്‍.ഡി.എഫ് നടത്തുന്നതെന്നും ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തന്റെ ഫേസ്ബുക്ക് നോട്ടിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ശനിയാഴ്ച എല്‍.ഡി.എഫ് ഹര്‍ത്താന്‍ നടത്തിയതിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
“എല്‍.ഡി.എഫ് ഇപ്പോള്‍ ബുദ്ധിമുട്ടുകളെല്ലാം ഉണ്ടാക്കിയിട്ട് ഹര്‍ത്താല്‍ നടത്തിയും ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. ജനങ്ങളെ മറന്നുകൊണ്ടുള്ള പ്രവര്‍ത്തനാണ് അവര്‍ നടത്തുന്നത് ജനങ്ങള്‍ക്ക് എന്തും സംഭവിക്കട്ടെ ഞങ്ങളുടെ മുഖം രക്ഷിക്കണം എന്നാണ് അവരുടെ നിലപാട്. ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്.” പോസ്റ്റില്‍ പറയുന്നു. കണ്ണൂരില്‍ കല്ലേറില്‍ തനിക്ക് പരിക്ക് പറ്റിയപ്പോള്‍ ഹര്‍ത്താല്‍ നടത്താന്‍ യു.ഡി.എഫ് തീരുമാനിച്ചിരുന്നതാണെന്നും താനാണ് ഹര്‍ത്താല്‍ വേണ്ടെന്ന് പറഞ്ഞതെന്നും ഉമ്മന്‍ ചാണ്ടിയുടെ ഫേസ്ബുക്ക് നോട്ടില്‍ പറയുന്നു.
യു.ഡി.എഫ് എം.എല്‍.എമാരെക്കുറിച്ച് പരാതി ഉണ്ടായിരുന്നുവെങ്കില്‍ അവര്‍ 13ാം തീയതി തന്നെ പറയണമായിരുന്നുവെന്നും വാച്ച് ആന്റ് വാര്‍ഡിനെപ്പറ്റി മാത്രമാണ് അവര്‍ക്ക് പരാതി ഉണ്ടായിരുന്നതെന്നും അദ്ദേഹം മറ്റൊരു ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. എല്‍.ഡി.എഫിലെ സീനിയര്‍ എം.എല്‍.എമാര്‍വരെ വാച്ച് ആന്റ് വാര്‍ഡിനെ ഉപദ്രവിക്കുകയും അവര്‍ക്കെതിരെ പരാതി പറയുകയും ചെയ്‌തെന്നും പോസ്റ്റില്‍ പറയുന്നു. യു.ഡി.എഫ് എം.എല്‍.എമാരുടെ ഭാഗത്ത് എന്തെങ്കിലും തെറ്റ് വന്നിട്ടുണ്ടോ എന്ന് വിഷ്വല്‍സ് പരിശോധിച്ച് നോക്കാമെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു.
“ഏതെങ്കിലും യു.ഡി.എഫ് എം.എല്‍.എ പ്രതിപക്ഷ എം.എല്‍.എമാര്‍ ഇരുന്നിടത്തേക്ക് ഓടിയിട്ടുണ്ടോ? ലോകം മുഴുവന്‍ കണ്ടതാണത്. ഭരണകക്ഷിയാണോ പ്രതിപക്ഷമാണോ പ്രശ്‌നങ്ങളുണ്ടാക്കിയതെന്നും നിയമസഭയില്‍ എന്തൊക്കെയാണ് നടന്നതെന്നും ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകും.” ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു.
എന്നാല്‍ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ വിമര്‍ശിച്ചുകൊണ്ടുള്ള നിരവധി അഭിപ്രായങ്ങളാണ് ഫോസ്ബുക്കില്‍ വന്നിരിക്കുന്നത്.