Kerala News
'എല്ലാം സര്‍ക്കാരിന്റെ താല്‍പര്യം,' സാങ്കേതിക സര്‍വകലാശാല വി.സി. നിയമനം സര്‍ക്കാരിന് ഇഷ്ടമുള്ളവര്‍ക്ക് നല്‍കാമെന്ന് ഗവര്‍ണര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Mar 28, 04:47 pm
Tuesday, 28th March 2023, 10:17 pm

തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ താല്‍കാലിക ചുമതല സര്‍ക്കാരിന് താല്‍പര്യമുള്ള വ്യക്തികള്‍ക്ക് നല്‍കാമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഡിജിറ്റല്‍ വി.സി സജി ഗോപിനാഥിനോ സര്‍ക്കാറിന് താല്‍പര്യമുള്ള മറ്റ് വ്യക്തികള്‍ക്കോ നല്‍കാമെന്നാണ് രാജ്ഭവന്‍ അറിയിച്ചത്.

വി.സി നിയമനത്തെ സംബന്ധിച്ച് സര്‍ക്കാരും ഗവര്‍ണരും തമ്മില്‍ നടന്ന പോരുകള്‍ ചര്‍ച്ചയായിരുന്നു. സജി ഗോപിനാഥടക്കം സര്‍ക്കാര്‍ നല്‍കിയ പേരുകള്‍ തള്ളികൊണ്ട് ഗവര്‍ണര്‍ സിസ തോമസിനെ നിയമിച്ചിരുന്നു.

എന്നാല്‍ മാര്‍ച്ച് 31ന് സിസയുടെ കാലാവധി തീരാനിരിക്കെയാണ് രാജ്ഭവന്‍ ഇപ്പോള്‍ കത്തയച്ചിരിക്കുന്നത്.

അതേസമയം സിസ തോമസിന്റെ നിയമനരീതിയെ ഹൈക്കോടതി നേരത്തേ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം വി.സിയെ നിയന്ത്രിക്കാന്‍ സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് എടുത്ത തീരുമാനം സസ്പെന്‍ഡ്ചെയ്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയും സ്റ്റേ ചെയ്ത് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു.

സിന്‍ഡിക്കേറ്റിന് വേണ്ടി ഐ.ബി സതീഷ് എം.എല്‍.എ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് സതീഷ് നൈനാന്‍ ഗവര്‍ണറുടെ നടപടി റദ്ദ് ചെയ്ത് ഉത്തരവിറക്കിയത്.

ജനുവരി ഒന്നിനും ഫെബ്രുവരി പതിനേഴിനുമാണ് സിന്‍ഡിക്കേറ്റും ഗവേണിങ് ബോഡിയും കേരള സാങ്കേതിക സര്‍വകലാശാല വി.സി സിസ തോമസിനെ നിയന്ത്രിക്കുന്നതിനുള്ള തീരുമാനങ്ങളെടുത്തത്.

വി.സിയെ നിയന്ത്രിക്കാന്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തുക, ജീവനക്കാരെ മാറ്റിയ വി.സിയുടെ നടപടി പരിശോധിക്കാന്‍ സമിതി രൂപീകരിക്കുക തുടങ്ങിയ തീരുമാനങ്ങളായിരുന്നു സിന്‍ഡിക്കേറ്റ് കൈക്കൊണ്ടത്. വി.സി ഗവര്‍ണര്‍ക്ക് അയക്കുന്ന കത്തുകള്‍ സിന്‍ഡിക്കേറ്റിന് റിപ്പോര്‍ട്ട് ചെയ്യണമെന്നും തീരുമാനമുണ്ടായിരുന്നു.

എന്നാല്‍ കേരള സാങ്കേതിക സര്‍വകലാശാല നിയമത്തിലെ പത്താം വകുപ്പ് പ്രകാരം ഗവര്‍ണര്‍ സിന്‍ഡിക്കേറ്റിന്റെ തീരുമാനങ്ങളെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. സിന്‍ഡിക്കേറ്റിന്റെ തീരുമാനങ്ങളില്‍ വി.സി എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നെന്നും, എതിര്‍പ്പ് വകവെക്കാതെയെടുത്ത തീരുമാനങ്ങള്‍ ചട്ടവിരുദ്ധമാണെന്നുമാണ് രാജ്ഭവന്‍ അറിയിച്ചത്.

അതേസമയം കേരള സര്‍വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ അയോഗ്യരാക്കിയ ഗവര്‍ണറുടെ തീരുമാനവും ഹൈക്കോടതി റദ്ദാക്കി.

content highlight: ‘Everything is in the interest of the government,’ Technical University V.C. The governor said that the appointment can be given to whoever the government likes