സൗദി പ്രൊ ലീഗ് ക്ലബ്ബ് അൽ നസറിലേക്ക് ചേക്കേറിയിരിക്കുകയാണ് റൊണാൾഡോ. ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും 225 മില്യൺ യൂറോക്ക് അൽ നസറിലേക്കെത്തിയ താരം നാല് കളിയിൽ നിന്നും അഞ്ച് ഗോളുകളാണ് ക്ലബ്ബിനായി ഇതുവരെ സ്വന്തമാക്കിയത്.
അഞ്ച് ബാലൻ ഡി ഓർ സ്വന്തമാക്കിയ താരം തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത് സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡിൽ കളിക്കുന്ന സമയത്താണ്.
450 ഗോളുകളാണ് താരം മാഡ്രിഡ് ക്ലബ്ബിനായി സ്കോർ ചെയ്തത്. ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനും റൊണാൾഡോ തന്നെയാണ്.
റയലിനായി നാല് ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയ റൊണാൾഡോ 2018ൽ ക്ലബ്ബ് വിട്ട് യുവന്റസിലേക്ക് കൂടുമാറുകയായിരുന്നു.
എന്നാലിപ്പോൾ റൊണാൾഡോ മികച്ച താരമാണെന്നും റോണോയെപ്പോലെ ഗോൾ സ്കോർ ചെയ്യുകയും എല്ലാ കാര്യങ്ങളും ഈസിയായി പൂർത്തിയാക്കാൻ കഴിയുകയും ചെയ്യുന്ന മറ്റൊരു താരമില്ല എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ റയൽ സൂപ്പർ താരം സാബി അലോൻസോ.
2009ൽ റൊണാൾഡോക്കൊപ്പം റയലിലെത്തിയ സാബി അലോൻസോ 236 മത്സരങ്ങളിൽ നിന്നും ആറ് ഗോളുകളും 31 അസിസ്റ്റുകളുമാണ് റയലിനായി സ്വന്തമാക്കിയിട്ടുള്ളത്. കൂടാതെ ഇരുവരുമൊന്നിച്ച് ഒരു ചാമ്പ്യൻസ് ലീഗും ഒരു ലാ ലിഗ ടൈറ്റിലും സ്വന്തമാക്കിയിട്ടുണ്ട്.
“റൊണാൾഡോക്ക് എല്ലാം ഈസിയാക്കി മാറ്റാൻ സാധിക്കും. എനിക്ക് പന്ത് കിട്ടിയാൽ ഞാൻ റൊണാൾഡോ എവിടെയാണെന്ന് നോക്കി അദ്ദേഹത്തിന് പന്ത് പാസ് ചെയ്ത് നൽകും. അദ്ദേഹം തന്റെ വ്യക്തിഗത മികവ് ഉപയോഗിച്ച് ഗോൾ സ്കോർ ചെയ്തുകൊള്ളും,’ സാബി അലോൻസൊ പറഞ്ഞു.
കൂടാതെ റൊണാൾഡോയെപ്പോലെ ഗോൾ നേടാൻ മറ്റൊരു താരത്തിനും സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
824 ഗോളുമായി ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോളുകൾ സ്വന്തമാക്കിയ താരം എന്ന റെക്കോർഡും റൊണാൾഡോയുടെ പേരിലാണ്. കരിയറിൽ നിന്നാകമാനം 61 ഹാട്രിക്കും റൊണാൾഡോ സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം സൗദി പ്രൊ ലീഗിൽ 16 മത്സരങ്ങളിൽ നിന്നും 37 പോയിന്റുമായി ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് അൽ നസർ. അൽ ഇത്തിഹാദ് ക്ലബ്ബിനും അൽ ശബാബിനും 37 പോയിന്റുകളുണ്ടെങ്കിലും ഗോൾ വ്യത്യാസത്തിൽ അവർ അൽ നസറിന് പിന്നിലാണ്. ഫെബ്രുവരി 17ന് അൽ തവ്വൂനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.
Content Highlights:Everything is easy with Ronaldo; Who else can score goals like him said Xabi Alonso