ന്യൂദല്‍ഹി: വാക്‌സിനുകള്‍ ഒരു ഡോസ് മാത്രം നല്‍കുന്നത് പരിഗണനയില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രണ്ട് ഡോസും എല്ലാവരും സ്വീകരിക്കണമെന്നും വാക്‌സിന്‍ പ്രോട്ടോകോളില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു.
വ്യത്യസ്ത കൊവിഡ് വാക്സിനുകള്‍ തമ്മില്‍ ഇടകലര്‍ത്തില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വ്യത്യസ്ത കൊവിഡ് വാക്സിനുകള്‍ ഇടകലര്‍ത്തിയാല്‍ ഫലപ്രദമാണെന്ന ശാസ്ത്രീയമായ തെളിവുകള്‍ ലഭിക്കുന്നതുവരെ ഇത് സംബന്ധിച്ച് നടപടികളുമായി മുന്നോട്ടുപോകില്ലെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.
നേരത്തെ കൊവിഷീല്‍ഡ് ഒറ്റ ഡോസ് ഫലപ്രദമാണോയെന്ന് കേന്ദ്രം പരിശോധിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ തെറ്റാണെന്നും കൊവാക്‌സിനും കൊവിഷീല്‍ഡും രണ്ട് ഡോസ് തന്നെ നല്‍കുമെന്നും കൊവിഡ് ടാസ്‌ക് ഫോഴ്‌സ് തലവനും നീതി ആയോഗ് അംഗവുമായ വി.കെ പോള്‍ പറഞ്ഞു.
ഒറ്റഡോസ് വാക്സിനായാണ് തുടക്കത്തില്‍ കൊവിഷീല്‍ഡ് തയ്യാറാക്കിയത്. ഫലപ്രാപ്തി കൂട്ടാന്‍ പിന്നീട് രണ്ട് ഡോസ് ആക്കുകയായിരുന്നു. ഓക്സ്ഫോഡ് സര്‍വകലാശാല വികസിപ്പിച്ച കൊവിഷീല്‍ഡിന്റെ അതേ സാങ്കേതികവിദ്യയാണ് ഒറ്റ ഡോസ് വാക്സിനുകളായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണും സ്പുട്നിക് ലൈറ്റും പിന്തുടരുന്നത്.