| Thursday, 15th December 2022, 12:00 pm

എല്ലാവർക്കും ഞങ്ങൾ തോറ്റുകാണണമെന്നാണ് ആഗ്രഹം; അര്‍ജന്റൈന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പ് സെമി ഫൈനൽ പോരാട്ടങ്ങൾ അവസാനിച്ചിരിക്കുകയാണ്. ഡിസംബർ 18ന് ഇന്ത്യൻ സമയം രാത്രി 8:30ന് ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് ലാറ്റിൻ അമേരിക്കൻ ചാമ്പ്യൻമാരായ അർജന്റീനയും കഴിഞ്ഞ വർഷത്തെ ലോകചാമ്പ്യൻമാരായ ഫ്രാൻസും തമ്മിലാണ് കിരീടത്തിനായി പരസ്പരം ഏറ്റുമുട്ടുന്നത്.

കഴിഞ്ഞ വർഷത്തെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയെ തകർത്താണ് അർജന്റീന സെമി ഫൈനൽ യോഗ്യത ഉറപ്പാക്കിയത്

ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിൽ നിന്നും ജയിച്ച് കയറുന്നവരായിരിക്കും ഇനിയൊരു നാല് വർഷത്തേക്ക് ഫുട്ബോളിലെ വിശ്വജേതാക്കൾക്കുള്ള കിരീടം ശിരസ്സിലണിയുന്നത്.

എന്നാലിപ്പോൾ ലോകകപ്പിൽ അർജന്റീന തോറ്റ് കാണാൻ ഒരുപാടുപേർ ആഗ്രഹിക്കുന്നെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അർജന്റീനയുടെ ഗോൾ കീപ്പർ എമിലിയാനോ മാർട്ടീനസ്.

അർജന്റീനയുടെ ലോകകപ്പ് വിജയങ്ങളിൽ പല സമയത്തും നിർണായകമായ ഇടപെടലുകൾ നടത്തിയ വ്യക്തിയാണ് മാർട്ടീനെസ്. മികച്ച സേവുകൾ കൊണ്ട് ആരാധകരെ വിസ്മയിപ്പിച്ച മാർട്ടീനെസിന്റെ കൂടി മികവിലാണ് അർജന്റീന ലോകകപ്പ് ഫൈനൽ വരെ എത്തിനിൽക്കുന്നത്.

“എനിക്ക് ഇത് വിശ്വസിക്കാൻ കഴിയുന്നില്ല. ആദ്യ മത്സരത്തിൽ ഞെട്ടിക്കുന്ന പരാജയമാണ് ഞങ്ങൾക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. അതോടെ സർവതും കീഴ്മേൽ മറിഞ്ഞു. എല്ലാവരും ഞങ്ങളെ സംശയിക്കാൻ തുടങ്ങി, ഞങ്ങളുടെ കഴിവുകളെ കുറച്ചുകണ്ടു.

കാരണം 36 മത്സരങ്ങൾ തുടരെ അപരാജിതരായാണ് ഞങ്ങൾ കുതിപ്പ് തുടർന്നിരുന്നത്.മെക്സിക്കോയുമായുള്ള മത്സരത്തിന്റെ ആദ്യ പകുതി ഞങ്ങൾക്ക് നന്നായി നിലയുറപ്പിക്കാനും കഴിഞ്ഞിരുന്നില്ല.

എല്ലാവർക്കും അർജന്റീന തോറ്റ് കാണണമെന്നായിരുന്നു, ഞങ്ങളും ബാക്കിയുള്ള ലോകവും തമ്മിലെന്ന തരത്തിലായിരുന്നു പിന്നീട് ഞങ്ങളുടെ പോരാട്ടംഎന്നാൽ ഞാൻ സന്തോഷത്തോടെ പറയട്ടെ ഞങ്ങൾ 26പേരുടെ സംഘം അസാമാന്യ പോരാളികളാണ്. കൂടാതെ ഞങ്ങൾക്ക് കരുത്ത് പകർന്ന് 45 ദശലക്ഷം അർജന്റീനക്കാർ ഞങ്ങളുടെ പിന്നിൽ അണിനിരന്നിരുന്നു,’ അദ്ദേഹം പറഞ്ഞു.

“ഞങ്ങൾക്ക് ഹോം ഗ്രൗണ്ടിൽ മത്സരിക്കുമ്പോലെയാണ് ലോകകപ്പ് മത്സരങ്ങൾ അനുഭവപ്പെടുന്നത്. ഞങ്ങൾ കളിക്കുന്ന എല്ലാ ഗ്രൗണ്ടിലും 40000-50000 അർജന്റീനക്കാർ ഞങ്ങൾക്ക് പിന്തുണയുമായി എത്തുന്നുണ്ട്.ഇത്രയും പിന്തുണ ലഭിക്കുന്നതിൽ സന്തോഷം,’ അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ലോകകപ്പിലെ മറ്റൊരു സെമി ഫൈനൽ മത്സരത്തിൽ മൊറൊക്കൊയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് ഫ്രാൻസ് ലോകകപ്പ് ഫൈനലിലേക്ക് യോഗ്യത നേടിയത്.

ഫ്രാൻസിനായി തിയോ ഹെർണാണ്ടസ്, കോളോ മുവാനി എന്നിവരാണ് വിജയ ഗോളുകൾ സ്വന്തമാക്കിയത്. ഇതോടെ ഇറ്റലിക്കും, ബ്രസീലിനും
രണ്ട് ലോകകപ്പ് കിരീടങ്ങൾ തുടർച്ചയായി സ്വന്തമാക്കുന്ന ടീമായി മാറാൻ ഫ്രാൻസിന് അവസരമൊരുങ്ങിയിരിക്കുകയാണ്.

Content Highlights: Everyone wants us to lose; Argentinian player

Latest Stories

We use cookies to give you the best possible experience. Learn more