| Friday, 13th August 2021, 4:35 pm

ഒരു മെഡല്‍ നഷ്ടത്തോടെ പലരും കൊല്ലാകൊല ചെയ്യുകയാണ്; ഗുസ്തി നിര്‍ത്തി പോയാലോയെന്നുവരെ ചിന്തിച്ചു; ഒളിംപിക് താരം വിനേഷ് ഫോഗട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഒളിംപിക്സില്‍ ഇന്ത്യയുടെ എക്കാലത്തേയും മികച്ച പ്രകടനമാണ് ടോകിയോയില്‍ കണ്ടത്. വിജയിച്ച താരങ്ങളെല്ലാം തന്നെ പലയിടങ്ങളിലായി സ്വീകരണങ്ങളിലും മറ്റും പങ്കെടുത്ത് കൊണ്ടിരിക്കുന്നു.

എന്നാല്‍ ഏറെ മെഡല്‍ പ്രതീക്ഷ വെച്ച് പുലര്‍ത്തിയ പല താരങ്ങള്‍ക്കും നിരാശപ്പെടുത്തിയതിന്റെ പേരില്‍ പരസ്യമായ വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇക്കൂട്ടത്തില്‍ ഏറ്റവുമധികം കുറ്റപ്പെടുത്തലുകള്‍ നേരിട്ട താരമാണ് വിനേഷ് ഫോഗട്ട.് രാജ്യത്ത് തിരിച്ചെത്തിയപ്പോഴും താന്‍ നേരിട്ടുകൊണ്ടിരിക്കുന്ന മാനസികസംഘര്‍ഷങ്ങള്‍ തുറന്ന് പറയുകയാണ് താരം.

‘ഒരാഴ്ചയോളമായി വളരെയധികം ബുദ്ധിമുട്ടേറിയ നിമിഷങ്ങളിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. ഞാന്‍ എന്നെതന്നെ ഗുസ്തിക്ക് സമര്‍പ്പിച്ചതാണ്. എന്നാലിപ്പോള്‍ ഗുസ്തി നിര്‍ത്തിയാലോ എന്ന് പോലും ചിന്തിച്ചു പോവുകയാണ്. പക്ഷേ അത് ചെയ്താല്‍ പൊരുതാതെ കീഴടങ്ങുന്നത് പോലെയാവും.

എന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ പുറത്തുനിന്നുള്ള പലരും എന്റെ വിധിയെഴുതി കഴിഞ്ഞു. എന്നെ കൊല്ലാകൊല ചെയ്യുകയാണ്. ഒരു മെഡല്‍ നഷ്ടത്തോടെ അവര്‍ എനിക്കെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ അഴിച്ചുവിടുകയാണ്.

കൂടെയുള്ള താരങ്ങളൊന്നും തന്നെ എന്ത് പറ്റിയെന്ന് ചോദിക്കില്ല. നിങ്ങള്‍ എന്ത് തെറ്റാണ് ചെയ്തതെന്ന കുറ്റപ്പെടുത്തലുകള്‍ മാത്രമാണ് അവരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. നിങ്ങളെന്തിനാണ് വാക്കുകള്‍ എന്റെ വായില്‍ അടിച്ചുകയറ്റുന്നത്? എന്നെ കുറിച്ച് എനിക്കല്ലാതെ മറ്റാര്‍ക്കും അറിയില്ല. എനിക്ക് ചുറ്റും എന്ത് സംഭവിക്കുന്നുവെന്നത് എന്നെ ബാധിക്കുന്ന വിഷയമല്ല. എന്നാല്‍ മനപൂര്‍വമുള്ള കുറ്റപ്പെടുത്തലുകള്‍ ഇപ്പോഴുമുണ്ടാകുന്നു. എന്റെ തോല്‍വിയെ കുറിച്ച് എനിക്ക് പഠിക്കണം. റിയോയില്‍ പുറത്തായപ്പോള്‍ എന്നെ പലരും എഴുതിത്തള്ളിയിരുന്നു. എന്നിട്ടും ഞാന്‍ ഗുസ്തിയിലേക്ക് തിരിച്ചെത്തി.

എല്ലാ താരങ്ങളും ഒളിംപിക്‌സ് പോലുള്ള വലിയ വേദികളില്‍ കടുത്ത സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോകുന്നത്. ഞാനും അത്തരത്തിലായിരുന്നു. എന്നാല്‍ അതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാം. ഞാനൊരിക്കലും സമ്മര്‍ദ്ദം കൊണ്ടു തോറ്റുപോയിട്ടില്ല. ഞാന്‍ ടോകിയോയില്‍ ഏത് മത്സരത്തിനും തയ്യാറായിരുന്നു. എന്നാല്‍ അവസാന നിമിഷത്തെ ശാരീരിക പ്രശ്‌നങ്ങള്‍ എന്നെ തോല്‍വിയിലേക്ക് തള്ളിയിടുകയായിരുന്നു.

2017ല്‍ എനിക്ക് തലയ്ക്കൊരു ക്ഷതമേറ്റിരുന്നു. അതു കാരണം ഞാന്‍ ഒരുപാട് സഹിച്ചു. വലിയ പ്രശ്നങ്ങളില്ലാതെ പോവുകയായിരുന്നു. എന്നാല്‍ അത് വീണ്ടും തിരിച്ച് വന്നിരിക്കുന്നു. ഒരു പക്ഷേ അതാവാം എന്റെ പ്രകടനത്തെ ബാധിച്ചത്. അല്ലെങ്കില്‍ ഒരുപക്ഷേ രക്തസമ്മര്‍ദ്ദമാവാം അതുമല്ലെങ്കില്‍ ഭാരം കുറച്ചതുമാവാം. ഞാന്‍ സാള്‍ട്ട് ക്യാപ്‌സ്യൂളുകള്‍ ഉപയോഗിക്കുമായിരുന്നു. അതെന്നെ ഒരുപാട് സഹായിച്ചിരുന്നു, എന്നാല്‍ ടോകിയോയില്‍ ഒറ്റക്കായപ്പോള്‍ അവ സഹായിച്ചില്ല,” വിനേഷ് പറയുന്നു.

53 കിലോഗ്രാം വനിതാ ഗുസ്തിയില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്നു വിനേഷ് ഫോഗട്ട്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും സ്വന്തമാക്കിയ വിനേഷിന് റിയോയില്‍ നഷ്ടപ്പെട്ട മെഡല്‍ തിരിച്ചുപിടിക്കാനുള്ള അവസരമായിരുന്നു ടോകിയോയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ബെലാറൂസിന്റെ വനീസാ കലാദ്സിന്‍സ്‌കയയോട് തോറ്റ് ഒളിംപിക്സില്‍ നിന്നും പുറത്താകുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Everyone outside is treating me like I am a dead thing says Vinesh Phogat
We use cookies to give you the best possible experience. Learn more