'പിന്നില്‍ നിന്ന് കുത്തിയവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഛത്രപതി ശിവജി കാണിച്ചുതന്നിട്ടുണ്ട്'; ബി.ജെ.പി നാര്‍സിസ്റ്റുകളെന്ന് ഉദ്ദവ് താക്കറെ
India
'പിന്നില്‍ നിന്ന് കുത്തിയവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഛത്രപതി ശിവജി കാണിച്ചുതന്നിട്ടുണ്ട്'; ബി.ജെ.പി നാര്‍സിസ്റ്റുകളെന്ന് ഉദ്ദവ് താക്കറെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd November 2019, 1:46 pm

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനായി ബി.ജെ.പി കളിച്ച കളിയ്ക്ക് മറുപടി നല്‍കുമെന്ന സൂചന നല്‍കി ശിവസേന നേതാവ് ഉദ്ദവ് താക്കറെ.

നേരത്തെ ബി.ജെ.പി കളിച്ചത് ഇ.വി.എം ഗെയിം ആയിരുന്നെന്നും ഇപ്പോള്‍ പുതിയ ഗെയിമുമായി എത്തിയിരിക്കുകയാണെന്നും ഉദ്ദവ് പറഞ്ഞു.
ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തേണ്ട ആവശ്യമില്ലെന്നും ഉദ്ദവ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒറ്റിക്കൊടുക്കുകയും പിന്നില്‍ നിന്ന് ആക്രമിക്കുകയും ചെയ്തവരെ എങ്ങനെയാണ് നേരിടേണ്ടതെന്ന് ഛത്രപതി ശിവാജി മഹാരാജ് കാണിച്ചുതന്നിട്ടുണ്ട്. അത് എല്ലാവര്‍ക്കും അറിയാം.

ഇത് ബി.ജെ.പിയുടെ ‘ഫര്‍ജിക്കല്‍ സ്‌ട്രൈക്ക്’ ആണെന്നും ഉദ്ദവ് പരിഹസിച്ചു. അര്‍ധരാത്രിയില്‍ നടത്തുന്ന ഇത്തരം കളികള്‍ക്ക് ബി.ജെ.പി മുതിരരുതെന്നും താക്കറെ മുന്നറിയിപ്പ് നല്‍കി.

അവര്‍ക്ക് പ്രതിപക്ഷത്തെ ആവശ്യമില്ല. സുഹൃത്തുക്കളേയും ആവശ്യമില്ല. അവര്‍ നാര്‍സിസ്റ്റുകളാണ്. ഇതില്‍ നിന്നും ഞങ്ങളെ പിന്നോട്ടുവലിക്കാന്‍ ആരും ശ്രമിക്കരുത്.

ജനാധിപത്യത്തിന്റെ പേരില്‍ അവര്‍ നടത്തുന്ന കുട്ടികളി പരിഹാസ്യമാണ്. അവര്‍ ഫെവിക്കോള്‍ ഒട്ടിച്ച് അവിടെ ഇരിക്കുകയാണ്. ഞങ്ങള്‍ തിരിച്ചുവരുമെന്ന് പറയുന്നതിന് പകരം ഞങ്ങള്‍ ഒരിക്കലും പോവില്ലെന്ന് ആവര്‍ത്തിക്കുകയാണ് അവര്‍.

ബി.ജെ.പി ജനാധിപത്യത്തെ പരിഹസിക്കുകയാണെന്ന് പറഞ്ഞ താക്കറെ ഹരിയാനയിലും ബീഹാറിലും അവര്‍ ചെയ്തത് ഇത് തന്നെയാണെന്നും വ്യക്തമാക്കി. ശിവസേന എം.എല്‍.എമാരെ അവര്‍ പിളര്‍ത്താന്‍ ശ്രമിച്ചെന്നും പക്ഷേ മഹാരാഷ്ട്ര ഉറങ്ങിക്കിടക്കില്ലെന്നും ഉദ്ദവ് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ