നസ്രിയക്കും രജിഷ വിജയനും സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചപ്പോള്‍ എല്ലാവര്‍ക്കും ഒരു കണ്‍ഫ്യൂഷനുണ്ടായിരുന്നുവെന്ന് നിഖില വിമല്‍. എങ്ങനെയാണ് കോമഡി കഥാപാത്രങ്ങള്‍ ചെയ്തവര്‍ക്ക് അവാര്‍ഡ് ലഭിച്ചത് എന്നായിരുന്നു അക്കാലത്തെ കണ്‍ഫ്യൂഷനെന്നും എന്നാല്‍ ഇന്ന് അതും ഒരു പെര്‍ഫോമന്‍സാണെന്ന് ആളുകള്‍ അംഗീകരിച്ച് തുടങ്ങിയെന്നും നിഖില പറഞ്ഞു.
തന്റെ പുതിയ സിനിമയായ ഗുരുവായൂരമ്പല നടയില്‍ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മീഡിയവണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിഖില. മാസ് സിനിമകള്‍ അപ്രിഷിയേറ്റ് ചെയ്യപ്പെടുന്നില്ല എന്ന ചര്‍ച്ചകളും ഉണ്ടായിരുന്നു എന്നും താരം അഭിമുഖത്തില്‍ പറയുന്നു.
കോമഡി സിനിമകളെ കുറിച്ചുള്ള കാഴ്ചപ്പാടിന് ഇപ്പോള്‍ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും അതു ഒരു പെര്‍ഫോമന്‍സാണെന്ന് ആളുകള്‍ അംഗീകരിച്ചു തുടങ്ങിയിട്ടുണ്ടെന്നും നിഖില വിമല്‍ പറഞ്ഞു. കോമഡി സിനിമകള്‍ക്ക് വേണ്ടത്ര അംഗീകാരം ലഭിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച അവതാരകയുടെ ചോദ്യത്തിന് പൃഥ്വിരാജിനൊപ്പം മറുപടി നല്‍കവെയാണ് നിഖില ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ ഇപ്പോള്‍ ആ കാര്യങ്ങളില്‍ ഒരുപാട് മാറ്റങ്ങളുണ്ടായിട്ടുണ്ട്. നേരത്തെ നസ്രിയക്കും രജിഷക്കും അവാര്‍ഡ് ലഭിച്ചപ്പോള്‍ എല്ലാവര്‍ക്കും ഒരു കണ്‍ഫ്യൂഷനുണ്ടായിരുന്നു എങ്ങനെയാണ് കോമഡി ചെയ്ത അവര്‍ക്ക് അവാര്‍ഡ് ലഭിച്ചത് എന്നത് സംബന്ധിച്ച്. എന്നാല്‍ അത് ഒരു പെര്‍ഫോമന്‍സാണെന്ന് ഇപ്പോള്‍ അംഗീകരിച്ച് തുടങ്ങിയിട്ടുണ്ട്.
നേരത്തെ ഭയങ്കര ഇമോഷണലായ സിനിമകള്‍ക്കാണ് അവാര്‍ഡ് ലഭിക്കുക എന്ന ഒരു രീതിയുണ്ടായിരുന്നു. ഇപ്പോള്‍ അത് മാറിക്കഴിഞ്ഞപ്പോള്‍ ആളുകള്‍ അതും ആക്‌സപ്റ്റ് ചെയ്യുന്നുണ്ട്,’ നിഖില വിമല്‍ പറഞ്ഞു.
ഗുരുവായൂരമ്പല നടയിലാണ് നിഖിലയുടെ ഏറ്റവും പുതിയ സിനിമ. ഏപ്രില്‍ 16നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിപിന്‍ ദാസാണ് സംവിധായകന്‍. പൃഥ്വിരാജാണ് സിനിമയിലെ നായകന്‍.
പൃഥ്വിരാജിനും നിഖിലക്കും പുറമെ ബേസില്‍ ജോസഫ്, അനശ്വര രാജന്‍ തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. തമിഴ് നടന്‍ യോഗി ബാബു മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ഗുരുവായൂരമ്പലനടയില്‍. പൃഥ്വിയും ബേസിലും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഗുരുവായൂരമ്പല നടയിലിനുണ്ട്.
XONTENT HIGHLIGHTS: Everyone had a confusion when Nazriya and Rajisha got the award: Nikhila Vimal