|

എന്നെ എല്ലാവരും കോമഡി ചെയ്യാനാണ് വിളിച്ച് കൊണ്ടിരുന്നത്, അതില്‍ നിന്ന് വ്യത്യസ്തമായ സിനിമയാണിത്: ആര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബഡായി ബംഗ്ലാവിലൂടെ മലയാളികളുടെ ഇഷ്ട നടിയായി മാറിയ താരമാണ് ആര്യ. നിരവധി പരിപാടികളിലൂടെ അവതാരകയായും സ്‌കിറ്റുകളിലൂടെ കോമഡി കഥാപാത്രമായും എന്നും മലയാളികളുടെ സ്വീകരണമുറിയിലേക്ക് ആര്യ എത്താറുണ്ട്.

ചില സിനിമകളില്‍ മുഖം കാണിച്ച ആര്യ ആദ്യമായി നായികയായെത്തുന്ന 90 മിനിറ്റ്‌സ് എന്ന പുതിയ സിനിയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണിപ്പോള്‍. എല്ലാവരും തന്നെ കോമഡി കഥാപാത്രങ്ങള്‍ ചെയ്യാനാണ് വിളിക്കാറെന്നും അതില്‍ നിന്ന് വ്യത്യസ്തമായ ഒരു കഥാപാത്രമാണ് 90 മിനുറ്റ്‌സിലേതെന്നും മൂവി മാനിന് നല്‍കിയ അഭിമുഖത്തിലൂടെ പറയുകയാണ് ആര്യ.

’90 മിനുറ്റ്‌സിന്റെ സംവിധായകനായ നിധിനാണ് എന്നെ ഈ സിനിമയിലേക്ക് വിളിക്കുന്നത്. ആര്യക്ക് ചെയ്യാന്‍ പറ്റുമെന്ന് പറഞ്ഞാണ് എന്നെ വിളിച്ചത്. ആദ്യം ഞാന്‍ ഔട്ട്‌ലൈന്‍ അയക്കാന്‍ പറഞ്ഞു. ഔട്ട്‌ലൈന്‍ കേട്ടപ്പോള്‍ ഞാന്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത ഴോണര്‍ ആയിരുന്നു.

കാരണം എന്നെ എല്ലാവരും വിളിക്കുന്നത് കോമഡി ചെയ്യാനാണ്. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു സര്‍വൈവല്‍ ക്യാരക്ടറാണിത്. അതിനോടെനിക്കൊരു ഇഷ്ടം വന്നു. ഇതില്‍ കുറച്ച് ചലഞ്ചിങ്ങായിട്ടുള്ള കാര്യങ്ങളൊക്കെ ഉണ്ട്. അതുകൊണ്ട് ഇത് ചെയ്താല്‍ നന്നായിരിക്കുമെന്ന് തോന്നിയിട്ടാണ് ഞാന്‍ 90 മിനുറ്റ്‌സ് കമ്മിറ്റ് ചെയ്യുന്നത്,’ ആര്യ പറഞ്ഞു.

ഇതൊരു സര്‍വൈവല്‍ ത്രില്ലറും സാമൂഹിക പ്രതിബദ്ധതയുള്ള കഥയാണെന്നും ഇതില്‍ തങ്ങളുടെ നാച്ചുറലി ഉള്ള എക്‌സ്‌പ്രെഷന്‍സാണ് ഉപയോഗിച്ചതെന്നും ആര്യ കൂട്ടിച്ചേര്‍ത്തു.

നിധിന്‍ തോമസ് കുരിശിങ്കലാണ് സിനിമയുടെ സംവിധായകന്‍. ആര്യയെ കൂടാതെ അരുണ്‍ കുമാര്‍, സുനില്‍ സുഖദ, സന്തോഷ് കീഴാറ്റൂര്‍, ശ്രീറാം രാമചന്ദ്രന്‍, ബേബി ഐസ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. സിനിമ മാര്‍ച്ച് മൂന്നിനാണ് തിയേറ്ററുകളിലെത്തുന്നത്.

content highlight: Everyone called me to do comedy and this is a different film: Arya