ക്ലാസ്സ്‌മേറ്റ്സ് സിനിമയിൽ കുഞ്ചാക്കോ ബോബൻ അവസാന നിമിഷം പിന്മാറിയതുകൊണ്ട് തനിക്ക് അവനോട് ദേഷ്യമുണ്ടെന്ന് ഇൻഡസ്ട്രയിൽ എല്ലാവരും വിശ്വസിച്ചിരുന്നെന്ന് സംവിധായകൻ ലാൽ ജോസ്. കുഞ്ചാക്കോ ബോബനും പ്രിയയും അത് വിശ്വസിച്ചിരുന്നെന്നും ഒരു വേളാങ്കണ്ണി യാത്രയോടെ ആ തെറ്റിദ്ധാരണ മാറിയെന്നും ലാൽ ജോസ് പറഞ്ഞു. സഫാരി ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു ദിവസം എന്നെ ബെന്നി പി. നായരമ്പലം വിളിച്ചു. ഒരു വേളാങ്കണ്ണി യാത്രയുണ്ട് ഒരു ടെമ്പോ ബുക്ക് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞു. ബെന്നിയും ഫാമിലിയും നിർമാതാവ് സാബു ചെറിയാനും ഫാമിലിയും പിന്നെ കുഞ്ചാക്കോ ബോബനും ഭാര്യയും, ആന്റോ ജോസഫും ഭാര്യയുമായിരുന്നു യാത്രയിലുണ്ടായത്. അങ്ങനെ ആഘോഷമായി പോകാൻ വേണ്ടി ഒരു ടെമ്പോ വാൻ ഒക്കെ ബുക്ക് ചെയ്തു. ആന്റോ ജോസഫിന് എന്തോ തടസ്സം വന്നപ്പോൾ അവർ രണ്ടുപേരും ഇല്ല എന്ന് പറഞ്ഞു. ആ സീറ്റിലേക്ക് ‘നിനക്കും ഭാര്യക്കും വരാൻ താല്പര്യമുണ്ടോ’ എന്ന് ചോദിച്ചിട്ടായിരുന്നു വിളിച്ചത്.
മക്കളൊക്കെ ആയിട്ട് പുതിയ സ്ഥലത്ത് താമസിക്കാൻ തുടങ്ങുകയല്ലേ അത് ഐശ്വര്യമായിട്ട് ആയിക്കോട്ടെ എന്ന് വിചാരിച്ച് ഞങ്ങളും ആ ട്രിപ്പിൽ വരാമെന്ന് പറഞ്ഞു.
ആ സമയത്ത് ചെറിയൊരു പ്രശ്നം ഉണ്ടായിരുന്നു. ക്ലാസ്മേറ്റ്സിൽ അഭിനയിക്കാം എന്ന് പറഞ്ഞിട്ട് ചാക്കോച്ചൻ ലാസ്റ്റ് മിനുട്ടിൽ മാറിയിരുന്നു.
അതുകൊണ്ട് ഞങ്ങൾ തമ്മിൽ ഒരു പിണക്കം ഉണ്ടെന്ന് ഇൻഡസ്ട്രി മുഴുവൻ വിശ്വസിച്ചിരുന്നു. അതുപോലെതന്നെ എനിക്ക് അവരോട് എന്തോ ദേഷ്യം ഉണ്ടെന്ന് ചാക്കോച്ചനും പ്രിയയും വിശ്വസിച്ചിരുന്നു.
എനിക്ക് വാസ്തവത്തിൽ ദേഷ്യം ഒന്നുമില്ല. ഞാൻ ചോദിച്ചു, അവന് പറ്റില്ല എന്ന് പറഞ്ഞു, നമ്മൾ വേറൊരാളെ വെച്ച് പടം ചെയ്തു. സിനിമ വിജയിക്കുകയും ചെയ്തു.
അവരുടെ ഉള്ളില് എനിക്ക് എന്തോ ഒരു വിരോധമുണ്ടെന്ന തോന്നൽ ഉണ്ടായിരുന്നു. അങ്ങനെ ഈ ട്രിപ്പിന് അവർ വന്നു. ഞങ്ങൾ ഒരുമിച്ച് വേളാങ്കണ്ണിക്ക് പോയി. അതൊരു സൗഹൃദത്തിന്റെ തുടക്കമായി,’ ലാൽ ജോസ് പറഞ്ഞു.