| Thursday, 31st October 2024, 8:29 pm

കേന്ദ്രഭരണ പ്രദേശ സ്ഥാപക ദിനം ആഘോഷിക്കുന്നത് ജമ്മു കശ്മീരിലെ ജനങ്ങൾക്ക് അപമാനകരം: യുസഫ് തരിഗാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജമ്മു: കേന്ദ്രഭരണ പ്രദേശ സ്ഥാപക ദിനം ആഘോഷിക്കുന്നത് ജമ്മു കശ്മീരിലെ ജനങ്ങൾക്ക് അപമാനകരമാണെന്ന് മുതിർന്ന സി.പി.ഐ.എം നേതാവ് യുസഫ് തരിഗാമി.

ജമ്മു കശ്മീരിലെ ജനങ്ങൾക്ക് സംഭവിച്ച അപമാനമാണ് സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയതെന്നും അതിൽ പല അധികാരികളും അഭിമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘ജമ്മു കശ്മീരിലെ ജനങ്ങൾക്ക് സംഭവിച്ച അപമാനം ഭരണാധികാരികൾ ആഘോഷിക്കുകയാണ്. ചില ഉദ്യോഗസ്ഥർ അതിനെ അഭിനന്ദിക്കുന്നു. ഇത് നിർഭാഗ്യകരമാണ്,’ തരിഗാമി പറഞ്ഞു. ജമ്മു കശ്മീർ ആസ്ഥാനമായുള്ള മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ പരിപാടി ബഹിഷ്‌ക്കരിച്ചപ്പോഴും കേന്ദ്രഭരണ പ്രദേശമായി മാറ്റിയ ദിനം ആഘോഷിച്ചതിന് ഗവർണറുടെ ഭരണകൂടത്തെ അദ്ദേഹം വിമർശിക്കുകയും ചെയ്തു.

ജമ്മു കശ്മീർ ഒരു കേന്ദ്രഭരണ പ്രദേശമായി മാറ്റിയതിന്റെ അഞ്ചാം വാർഷികം വ്യാഴാഴ്ച ആഘോഷിച്ചിരുന്നു. ജമ്മു കശ്മീർ ഒരു കേന്ദ്ര ഭരണ പ്രദേശമാണെന്ന യാഥാർത്ഥ്യം എല്ലാവരും അംഗീകരിക്കണമെന്ന് ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ പരിപാടിക്കിടെ പറഞ്ഞു. ഇതിനെയും തരിഗാമി വിമർശിച്ചു.

കേന്ദ്രഭരണ പദവി താത്ക്കാലികമാണെന്നും സംസ്ഥാന പദവി എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും സുപ്രീം കോടതി വിധിയിൽ പരാമർശിച്ചിട്ടുണ്ടെന്ന് സിംഹക്കുള്ള മറുപടിയായി തരിഗാമി പറഞ്ഞു.

ഭരണകക്ഷിയായ നാഷണൽ കോൺഫറൻസും (എൻ.സി) കോൺഗ്രസും ഉൾപ്പെടെയുള്ള സഖ്യകക്ഷികളും ആഘോഷങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്നു. ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമായി അംഗീകരിക്കാത്തതിനാൽ തൻ്റെ പാർട്ടിയിൽ നിന്ന് ആരും കേന്ദ്രഭരണ ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് എൻ.സി വക്താവും എം.എൽ.എയുമായ തൻവീർ സാദിഖ് ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.

‘ഇന്ത്യൻ ഭരണഘടനയ്ക്ക് കീഴിൽ സത്യപ്രതിജ്ഞ ചെയ്തവർ ജമ്മു കശ്മീർ സംസ്ഥാന പദവിയെ എതിർക്കുന്നത് നിർഭാഗ്യകരമാണ്. ഇത് അവരുടെ ഇരട്ടത്താപ്പാണ് വെളിവാക്കുന്നത്,’ തൻവീർ പറഞ്ഞു.

Content Highlight: Everybody must accept reality that J-K is Union Territory: LG Manoj Sinha

We use cookies to give you the best possible experience. Learn more