ലോകകപ്പിൽ എല്ലാ ടീമുകളും അവരെ ഭയപ്പെടണം, അത്രക്ക് ശക്തരാണവർ; ഇന്ത്യൻ ടീമിന് ഉപദേശവുമായി ഗൗതം ഗംഭീർ
Cricket
ലോകകപ്പിൽ എല്ലാ ടീമുകളും അവരെ ഭയപ്പെടണം, അത്രക്ക് ശക്തരാണവർ; ഇന്ത്യൻ ടീമിന് ഉപദേശവുമായി ഗൗതം ഗംഭീർ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 16th October 2022, 8:19 am

ടി-20 ലോകകപ്പിലെ യോഗ്യതാ മത്സരങ്ങൾ ഞായറാഴ്ച ആരംഭിക്കുകയാണ്. ഈ മാസം 22നാണ് സൂപ്പർ 12 മത്സരങ്ങൾക്ക് തുടക്കമാവുക. ഇത്തവണ യോഗ്യതാ റൗണ്ടിൽ മുൻ ചാമ്പ്യൻമാരായ വെസ്റ്റ് ഇൻഡീസും ശ്രീലങ്കയുമാണ് അണി നിരക്കുന്നത്.

മത്സരത്തിന് ഇനി അധിക നാളില്ലെന്നിരിക്കെ കുറച്ച് പേടിയോടെ സമീപിക്കേണ്ട ടീമിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ.

അടുത്തിടെ യു.എ.ഇയിൽ നടന്ന ഏഷ്യാ കപ്പിലെ സർപ്രൈസ് ചാംപ്യൻമാരായി മാറിയ ശ്രീലങ്കയാണ് ടി-20 ലോകകപ്പിൽ മറ്റു ടീമുകൾക്ക് ഭീഷണിയാവുക എന്നാണ് ഗൗതം ഗംഭീർ പറഞ്ഞത്. സ്റ്റാർ സ്പോർട്സിന്റെ ഗെയിം പ്ലാനെന്ന ഷോയിൽ സംസാരിക്കവെയാണ് ശ്രീലങ്കൻ ടീമിനെ സൂക്ഷിക്കണമെന്ന് ഗൗതം ഗംഭീർ അഭിപ്രായപ്പെട്ടത്.

”ഏഷ്യാ കപ്പിലെ ശ്രീലങ്കയുടെ വിജയം നമ്മൾ കണ്ടതാണ്. അവർ കളിക്കുന്ന രീതി ശ്രദ്ധേയമാണ്. ദുഷ്മന്ത ചമീര, ലഹിരു കുമാര എന്നിവർ മടങ്ങിയെത്തുകയും ചെയ്തതോടെ അവർ മികച്ച ഫോമിലാണ്. അതുകൊണ്ട് തന്നെ അവർ മറ്റു ടീമുകൾക്കു വലിയ ഭീഷണിയാകുമെന്നുറപ്പാണ്. വലിയ ആത്മവിശ്വാസത്തോടെയായിരിക്കും ലോകകപ്പിൽ ലങ്കൻ ടീം കളിക്കുക,” ഗംഭീർ വ്യക്തമാക്കി.

ടി-20 ലോകകപ്പിൽ എതിർ ടീമുകളെ ഇന്ത്യ എങ്ങനെയായിരിക്കണം സമീപിക്കേണ്ടത് എന്നതിനെക്കുറിച്ച് അദ്ദേഹം ഉപദേശം നൽകുകയും ചെയ്തു. ടി-20 ഫോർമാറ്റിൽ ഒരു ടീമിനെയും നിസാരരായി കാണാൻ പാടില്ലെന്നാണ് താരം പറഞ്ഞത്. ആരെയും ഈ ഫോർമാറ്റിൽ വില കുറച്ചു കാണാൻ സാധിക്കില്ലെന്നും ടി-20യിൽ ആർക്കും ഏതു ടീമിനെയും പരാജയപ്പെടുത്താൻ സാധിക്കുമെന്നും ഗംഭീർ കൂട്ടിച്ചേർത്തു.

Content Highlights: Every team should fear them in the World Cup, they are so strong; Gautam Gambhir gives advice to the Indian team