മുംബൈ: കാണാതാവുന്ന എല്ലാ പെണ്‍കുട്ടികളും കാമുകനൊപ്പം ഒളിച്ചോടിയതാണെന്ന് ധരിക്കരുതെന്ന് മഹാരാഷ്ട്ര പൊലീസിനോട് ബോംബെ ഹൈക്കോടതി. കഴിഞ്ഞ വര്‍ഷം താനെയില്‍ നിന്നും കാണാതായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടിയതാണെന്ന പൊലീസ് വാദത്തിനിടെയാണ് കോടതിയുടെ നിരീക്ഷണം.
ജസ്റ്റിസ് ധര്‍മ്മാധികാരിയും ഭാരതി ഡാംഗ്രെയും അടങ്ങിയ ബെഞ്ചാണ് പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.
ALSO READ: കൂടെയും മൈ സ്റ്റോറിയും ഒരുമിച്ച് റിലീസ് ചെയ്യരുതെന്ന് പറഞ്ഞിരുന്നു: പൃഥ്വിരാജ്
” സംസ്ഥാനത്തിന്റെ ആഭ്യന്തരസുരക്ഷയിലും പൊലീസിന്റെ മുന്‍ധാരണകളിലും കടുത്ത നിരാശയുണ്ട്. സിനിമയില്‍ കാണുന്നത് പോലെ എല്ലാ പെണ്‍കുട്ടികളും അവരുടെ കാമുകന്‍മാരോടൊപ്പം ഒളിച്ചോടുന്നതാണെന്ന് ധരിക്കരുത്.”
യഥാര്‍ത്ഥ ജീവിതത്തിലെ സംഭവങ്ങളാണിതെന്നും കാണാതാവുന്ന കുട്ടികളെ ഓര്‍ത്ത് വിലപിക്കുന്ന കുടുംബങ്ങളുണ്ടെന്ന് അധികാരികള്‍ ഓര്‍ക്കണമെന്നും കോടതി പറഞ്ഞു. പെണ്‍കുട്ടിയുടെ അച്ഛന്‍ പരാതി എഴുതിക്കൊടുത്തിട്ടും പൊലീസ് സത്വരനടപടി എടുത്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പെണ്‍കുട്ടി തന്റെ സീനിയറായ ആണ്‍കുട്ടിയ്‌ക്കൊപ്പം ഒളിച്ചോടിയതാണെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. ഇവര്‍ തമിഴ്‌നാട്ടിലേക്ക് കടന്നുകളഞ്ഞെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നു. ആണ്‍കുട്ടിയുടെ കുടുംബത്തെ ചോദ്യം ചെയ്തിരുന്നെന്നും ഇവരില്‍ നിന്നും സംശയാസ്പദമായി ഒന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.
എന്നാല്‍ രണ്ട് സ്‌കൂള്‍ കുട്ടികള്‍ ഇത്രയും കാലം ആരുടെയും മുന്നില്‍പ്പെടാതെ അപ്രത്യക്ഷരായിരിക്കുകയാണോയെന്നും ഇവര്‍ക്ക് പുറമെ നിന്ന് ആരുടെയും സഹായമില്ലെന്നാണോ നിങ്ങള്‍ പറയുന്നതെന്നും കോടതി പൊലീസ് ഉദ്യോഗസ്ഥരോട് ചോദിച്ചു. തുടര്‍ച്ചയായി ഇവര്‍ ലൊക്കേഷന്‍ മാറിക്കൊണ്ടിരിക്കുന്നത് ആരുടെയും സഹായമില്ലാതെയാണെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.
WATCH THIS VIDEO: