| Tuesday, 22nd May 2018, 8:34 pm

ഓരോ വീട്ടിലും രോഗികള്‍; തൂത്തുകുടിയില്‍ വേദാന്തയുടെ സ്റ്റെര്‍ലൈറ്റ് കമ്പനിക്കെതിരെ ജനങ്ങള്‍ പോരാടുന്നത് എന്തിന്

അശ്വിന്‍ രാജ്

തൂത്തുകുടി: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിന് എതിരെ നടന്ന സമരത്തിനിടെ ഇന്ന് ഉണ്ടായ പൊലീസ് വെടിവെപ്പില്‍ പത്തിലേറെ പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ നൂറ് ദിവസമായി തൂത്തുകുടിയിലെ ജനങ്ങള്‍ ഒറ്റകെട്ടായി വേദാന്ത സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ സമരം നടത്തി കൊണ്ടിരിക്കുകയാണ്.

കേവലം ഒരു കെമിക്കല്‍ കമ്പനിക്കെതിരായ സമരം മാത്രമല്ലിത്. 22 വര്‍ഷങ്ങളിലധികമായി ജനങ്ങളെ രോഗികളാക്കുന്ന കമ്പനിക്കെതിരായ അതിജീവന പോരാട്ടം കൂടിയാണിത്.

1996 ലാണ് വേദാന്ത കമ്പനി തുറമുഖ നഗരമായ തമിഴ്‌നാട്ടിലെ തൂത്തുകുടിയില്‍ സ്റ്റെര്‍ലൈറ്റ് എന്ന പേരില്‍ കോപ്പര്‍ പ്ലാന്റ് സ്ഥാപിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കോപ്പര്‍ ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ ഒന്നാണ് ഇത്. പ്രതിവര്‍ഷം 4,38,000 ടണിലധികം കോപ്പര്‍ ഉതപാദിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

യൂണിറ്റിന്റെ ആരംഭം മുതല്‍ തന്നെ പ്രദേശത്ത് ആരോഗ്യപ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നുണ്ട്. തൂത്തുക്കുടിയില്‍ എട്ട് നഗരങ്ങളിലും 27 ഗ്രാമങ്ങളിലുമായി 4.6 ലക്ഷം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്തെ ഓരോ വീട്ടിലും ശരാശരി ഒരാള്‍ വീതം പ്ലാന്റില്‍ നിന്നുള്ള മലിനീകരണം മൂലം രോഗിയാവുന്നതായാണ് റിപ്പോര്‍ട്ട്.

കാന്‍സര്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഹൃദ്രോഗങ്ങള്‍ എന്നിവ പ്രദേശവാസികളെ അലട്ടുന്നുണ്ട്. ഇതിനിടെ വീണ്ടും ജനവാസ മേഖലയിലെ പ്ലാന്റിന്റെ രണ്ടാം ഘട്ട വികസനത്തിന് കമ്പനി കോപ്പു കൂട്ടുകയായിരുന്നു. ഇതിനെതിരെയാണ് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

സള്‍ഫര്‍ ഡയോക്സൈഡ് നിരന്തരം പുറം തള്ളുന്ന കമ്പനി സാധാരണക്കാരുടെ ജീവിതം തകര്‍ത്ത് എറിയുകയാണ്. തുടര്‍ന്ന് പ്രദേശവാസികള്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചെങ്കിലും പിഴയടച്ച് പ്രവര്‍ത്തനം തുടരാനാണ് ഉത്തരവിട്ടത്. പിന്നാലെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരും അനുമതി നല്‍കി.

ഇതോടെയാണ് പ്രദേശത്തെ ജനങ്ങള്‍ ഒറ്റകെട്ടായി കമ്പനിക്കെതിരെ രംഗത്തെത്തിയത്. യൂണിറ്റ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും ജനങ്ങളുടെ സൈ്വര്യ ജീവിതം തകര്‍ക്കുന്ന കമ്പനിക്കെതിരെ കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സമരത്തിന് ഇറങ്ങുകയായിരുന്നു.

കഴിഞ്ഞ നൂറ് ദിവസമായി പ്രദേശത്ത് തുടരുന്ന സമരത്തെ തുടര്‍ന്ന് തൂത്തുകുടിയില്‍ ജില്ലാ കലക്ടര്‍ എന്‍.വെങ്കിടേഷ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. എന്നാല്‍ ഇത് വക വെയ്ക്കാതെ സമരക്കാര്‍ കളക്ട്രേറ്റിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. ആയിരത്തിലധികം  വരുന്ന സമരക്കാരെ നേരിടാന്‍ അത്രത്തോളം  വരുന്ന വലിയ പോലീസ് സംഘമാണ് തൂത്തുകുടിയില്‍ ഉണ്ടായിരുന്നത്.

തുടര്‍ന്ന് നടന്ന വെടിവെയ്പ്പിലാണ് പത്തോളം പേര്‍ തൂത്തുകുടിയില്‍ കൊല്ലപ്പെടുന്നത്. എന്നാല്‍ മരണ സംഖ്യ ഇനിയും കൂടുമെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ആറുപതിലധികം ആളുകള്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. കമല്‍ഹാസന്‍, രജനീകാന്ത്, പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിന്‍ തുടങ്ങി  നിരവധി പേര്‍ പൊലീസിന്റെ കിരാത നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

വിവരങ്ങള്‍ക്ക് കടപ്പാട്: സ്ക്രോള്‍ ലേഖനം, മാതൃഭൂമി ചാനല്‍, ദ ന്യൂസ് മിനിറ്റ്.

അശ്വിന്‍ രാജ്

ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more