| Monday, 14th October 2024, 1:22 pm

ബജ്‌റംഗ്ദൾ കൊലപ്പെടുത്തിയ മുസ്‌ലിം യുവാക്കളുടെ കുടുംബങ്ങളുടെ യാതന ആരും അറിയുന്നില്ല; റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ബജ്‌റംഗ്ദളിന്റെ പശു സംരക്ഷക വിഭാഗം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ യുവാക്കളുടെ കുടുംബങ്ങൾ ദുരിതത്തിലെന്ന് ദി സ്ക്രോൾ. 2023 ഫെബ്രുവരി 15 നാണ് ജുനൈദ് എന്ന യുവാവിനെയും അയൽവാസിയായ നസീറിനെയും കാണാനില്ലെന്ന് പറഞ്ഞ് കുടുംബം പൊലീസിൽ പരാതി നൽകിയത്. ഇരുവരെയും ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദൾ തട്ടിക്കൊണ്ടുപോയതായി കുടുംബങ്ങൾ ഭയപ്പെട്ടിരുന്നു.

അടുത്ത ദിവസം, ഹരിയാനയിലെ ഭിവാനി ജില്ലയിൽ രണ്ട് പേരുടെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ പൊലീസ് കണ്ടെത്തി. മാസങ്ങൾക്ക് ശേഷം, മെയ് മാസത്തിൽ, ബജ്‌റംഗ് ദളിൻ്റെ പശു സംരക്ഷക വിഭാഗത്തിന്റെ തലവനായ മോനു മനേസർ എന്ന് വിളിക്കപ്പെടുന്ന മോഹിത് യാദവ് ആണ് ഇതിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. ഹരിയാനയിലെ നുഹ് മേഖലയിൽ വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് സെപ്തംബറിൽ യാദവ് അറസ്റ്റിലായിരുന്നു.

യാദവിനൊപ്പം മറ്റ് മൂന്ന് പേരെക്കൂടി പൊലീസ് കുറ്റപത്രത്തിൽ ചേർത്തു. അവർ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, മറ്റ് ക്രിമിനൽ കുറ്റങ്ങൾ എന്നിവയിൽ പ്രതികളാണ്.

കൊല്ലപ്പെട്ട ഇരുവരുടെയും കുടുംബം ഇപ്പോൾ അതീവ ദുരിതത്തിലാണെന്ന് ദി സ്ക്രോൾ റിപ്പോർട്ട് ചെയ്തു. തന്റെ മകൾക്കുണ്ടായ ദുരവസ്ഥയെക്കുറിച്ച് ജുനൈദിന്റെ ഭാര്യ പിതാവ് സംസാരിച്ചു.

‘എന്തായിരുന്നു അവർ ചെയ്ത കുറ്റം? അവർ എൻ്റെ മരുമകനെ കൊന്നില്ലായിരുന്നുവെങ്കിൽ എൻ്റെ മകളും അവളുടെ കുടുംബവും സന്തോഷവാനായിരുന്നേനെ,’ ജുനൈദിന്റെ ഭാര്യാപിതാവ് അക്തർ സ്ക്രോളിനോട് പറഞ്ഞു.

എൻ്റെ മകൾ ഇങ്ങനെ കഷ്ടപ്പെടുന്നത് കാണുന്നത് വളരെ വേദനാജനകമാണ് പ്രായമായതിനാൽ ഞങ്ങൾ അവളെ വിവാഹം കഴിച്ചു നൽകി. അവളെ സന്തോഷത്തോടെ കാണാൻ ആഗ്രഹിച്ചു. എന്നാൽ അവളുടെ ജീവിതം ഇപ്പോൾ തകർന്നിരിക്കുന്നു,’ ജുനൈദിന്റെ ഭാര്യ സാജിദയുടെ അമ്മ മുബീന അക്തർ പറഞ്ഞു.

ജുനൈദിനെ അവസാനമായി കണ്ട ദിവസം സാജിത ഓർക്കുന്നു, ഫെബ്രുവരി 14 നായിരുന്നു അവൾ അവസാനമായി ജുനൈദിനെ കണ്ടത്. ആറ് മക്കളുള്ള ഇവരുടെ ജീവിതം ഇപ്പോൾ ഇരുട്ടിലാണെന്ന് സാജിത പറയുന്നു.

‘ഞാൻ എന്നെത്തന്നെ ഉപേക്ഷിച്ചാൽ അവരെ ആരാണ് പരിപാലിക്കുക? ആറ് കുട്ടികൾ വളരുന്നതുവരെ അവർക്ക് ഭക്ഷണം നൽകാൻ സാധിക്കുമോയെന്ന് അറിയില്ല,’ സാജിദ പറയുന്നു. സ്‌കൂൾ ഫീസ് അടയ്‌ക്കാൻ കഴിയാത്തതിനാൽ സാജിദ തൻ്റെ മൂന്ന് മക്കളെ മദ്രസയിലേക്ക് അയച്ചു. അവിടെ അവർക്ക് സൗജന്യ വിദ്യാഭ്യാസം ലഭിക്കുന്നുണ്ട്.

നസീർ കൊല്ലപ്പെട്ടതോടുകൂടി തന്റെ ജീവിതത്തിലെ എല്ലാ വെളിച്ചവും നഷ്ടപ്പെട്ടെന്ന് നസീറിന്റെ വിധവ ഫർമീന പറയുന്നു. ‘ഇനി ആരാണ് എന്നെയും എൻ്റെ കുട്ടികളെയും പരിപാലിക്കുക? എനിക്ക് എല്ലാം നഷ്ടപ്പെട്ടു, ഇപ്പോൾ എൻ്റെ ജീവിതം കൊണ്ട് എന്ത് പ്രയോജനം, നിങ്ങൾ എന്നോട് പറയൂ,’ അവർ പറഞ്ഞു.

പശു സംരക്ഷകരുടെ ഇരയായവരിൽ മറ്റൊരാളാണ് റക്ബർ ഖാൻ. ഘട്മീകയിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെ, ഹരിയാനയിലെ നുഹ് ജില്ലയിലെ കോൽഗാവ് ഗ്രാമത്തിലെ രണ്ട് മുറികളുള്ള വീട്ടിലാണ് റക്ബർ ഖാന്റെ വിധവ അസ്മീന ഖാൻ ഇപ്പോൾ താമസിക്കുന്നത്.

2018 ജൂലൈ 20ന് രാത്രി, കറവപ്പശുവുമായി അയൽ ഗ്രാമത്തിൽ നിന്ന് വീട്ടിലേക്ക് നടക്കുമ്പോൾ, ക്ഷീരകർഷകനായ അവളുടെ ഭർത്താവ് റക്ബർ ഖാനെ ഹിന്ദുത്വ അനുകൂലികളുടെ ഒരു കൂട്ടം കൊലപ്പെടുത്തുകയായിരുന്നു.

Content Highlight: Every day is haunting’: The broken lives of the families of lynched Muslim men

We use cookies to give you the best possible experience. Learn more