ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര നടപടിയെ വിമർശിക്കാൻ ഓരോ പൗരനും അവകാശമുണ്ട്: സുപ്രീം കോടതി
national news
ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര നടപടിയെ വിമർശിക്കാൻ ഓരോ പൗരനും അവകാശമുണ്ട്: സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th March 2024, 1:18 pm

ന്യൂദൽഹി: ഭരണകൂടത്തിന്റെ ഏതൊരു തീരുമാനത്തെയും വിമർശിക്കാൻ ഓരോ പൗരനും അവകാശമുണ്ടെന്ന് സുപ്രീം കോടതി. കഴിഞ്ഞ വ്യാഴാഴ്ച ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ട പ്രൊഫസർക്ക് എതിരായിട്ടുള്ള എഫ്.ഐ.ആറിനെ പരിഗണിച്ചുകൊണ്ടാണ് ഈ വിധി സുപ്രീംകോടതി പുറപ്പെടുവിപ്പിച്ചത്.

ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ട്, ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153 എ (സാമുദായിക ഐക്യം ഇല്ലാതാക്കാൻ ശ്രമിക്കൽ) പ്രകാരം പ്രൊഫസർ ജാവേദ് അഹമ്മദ് ഹജാമിനെതിരായ കേസ് സുപ്രീം കോടതി റദ്ദാക്കി.

‘ആഗസ്റ്റ് 5-കറുത്ത ദിനം ജമ്മു & കാശ്മീർ’, ‘ആഗസ്റ്റ് 14- പാകിസ്ഥാൻ സ്വാതന്ത്ര്യദിനാശംസകൾ,’ എന്നാണ് സ്റ്റാറ്റസിലെ വാക്കുകൾ. ആർട്ടിക്കിൾ 370 റദ്ദാക്കുന്നത് സംബന്ധിച്ച് വാട്‌സ്ആപ്പ് സന്ദേശങ്ങൾ പോസ്റ്റ് ചെയ്തതിന് ഹജാമിനെതിരെ മഹാരാഷ്ട്ര പൊലീസ് കോലാപൂരിലെ ഹത്കനംഗലെ പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.

ഓരോ പൗരനും സ്വാതന്ത്ര്യ ദിനങ്ങളിൽ മറ്റ് രാജ്യങ്ങളിലെ പൗരന്മാർക്ക് ആശംസകൾ നേരാൻ അവകാശമുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 14ന് പാകിസ്ഥാൻ പൗരന്മാർക്ക് ഇന്ത്യൻ പൗരൻ ആശംസകൾ നേർന്നാൽ അതിൽ തെറ്റൊന്നുമില്ലെന്നും സുപ്രീം കോടതി പറയുന്നുണ്ട്.

‘ഇന്ത്യൻ ഭരണഘടന, ആർട്ടിക്കിൾ 19(1)(എ) പ്രകാരം അഭിപ്രായ സ്വാതന്ത്ര്യം ആവിഷ്‌കാര സ്വാതന്ത്ര്യവും ഉറപ്പുനൽകുന്നു. ഇത് പ്രകാരം, ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയെ വിമർശിക്കാൻ ഓരോ പൗരനും അവകാശമുണ്ട്. രാജ്യത്തിന്റെ ഏത് തീരുമാനത്തിലും തനിക്ക് അതൃപ്തിയുണ്ടെന്ന് പറയാൻ അദ്ദേഹത്തിന് അവകാശമുണ്ട്,’ ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയെയും ജമ്മു കശ്മീരിൻ്റെ പദവി മാറ്റത്തെയും വിമർശിക്കാൻ ഇന്ത്യയിലെ ഓരോ പൗരനും അവകാശമുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞു.

Content Highlight: Every citizen has the right to criticize any decision of the state