ന്യൂദല്‍ഹി: കേരളം ഈയ്യടുത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത സംഭവമാണ് ഹാദിയ കേസ്. കേസില്‍ ഹാദിയയെ ഇന്ന് സുപ്രീം കോടതി തുറന്ന കോടതിയില്‍ കേട്ടു. തനിക്ക് സ്വാതന്ത്ര്യം വേണമെന്നും വിശ്വാസത്തോടെ ജീവിക്കാന്‍ സാധിക്കണമെന്നും ഹാദിയ കോടതിയെ അറിയിച്ചതോടെ കേസ് പുതിയ ദിശയിലേക്ക് മാറിയിരിക്കുകയാണ്. ഹാദിയയെ കേട്ട സുപ്രീം കോടതിയുടെ തീരുമാനം ഏറെ പക്വതയോടെയുള്ളതായിരുന്നു.
അച്ഛനൊപ്പവും ഭര്‍ത്താവിനൊപ്പവും വിടാതെ ഹാദിയയെ സേലത്തുള്ള കോളേജിലേക്ക് അയക്കാനായിരുന്നു കോടതിയുടെ തീരുമാനം. കോളേജിന്റെ ഡീന്‍ ആയിരിക്കും ഹാദിയയുടെ രക്ഷാധികാരിയെന്നും കോടതി അറിയിച്ചു. രണ്ട് മണിക്കൂറിലധികം നീണ്ടു നിന്ന വാദം കേള്‍ക്കലില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങളായിരുന്നു.
എന്താണ് ഭാവിയെ കുറിച്ചുള്ള സ്വപ്‌നമെന്ന കോടതിയുടെ ചോദ്യത്തിന് “എനിക്ക് സ്വാതന്ത്ര്യം വേണം, വിശ്വാസത്തോടെ ജീവിക്കണം.” എന്നായിരുന്നു 24 കാരിയായ ഹാദിയയുടെ മറുപടി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അടുത്തതായി ഹാദിയയോട് ചോദിച്ചത് പഠനകാര്യങ്ങളെ കുറിച്ചായിരുന്നു. പഠിക്കാനുള്ള സമയമാണെന്ന് പറഞ്ഞ കോടതി പഠനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ എനിക്ക് പഠിക്കണമെന്ന് പറഞ്ഞ ഹാദിയ പക്ഷെ അത് സര്‍ക്കാരിന്റെ കാശു കൊണ്ട് വേണ്ടെന്നും ഭര്‍ത്താവ് ഷെഫിന്‍ ജഹാന്റെ സംരക്ഷണയില്‍ മതിയെന്നും വ്യക്തമാക്കി.
ഭര്‍ത്താവ് രക്ഷാധികാരിയല്ല ജീവിത പങ്കാളിയെന്ന് ചൂണ്ടിക്കാണിച്ച കോടതി പക്ഷെ ഹാദിയയുടെ രക്ഷകര്‍ത്തത്വം ഷെഫിനും അച്ഛന്‍ അശോകനും നല്‍കിയില്ല. പകരം സേലത്തുള്ള ഹോമിയോ മെഡിക്കല്‍ കോളേജിലേക്ക് പഠനം പൂര്‍ത്തിയാക്കാന്‍ അയക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒപ്പം കോളേജ് ഡീനിനെ ഹാദിയയുടെ രക്ഷാധികാരിയായി ഉത്തരവിടുകയും ചെയ്തു. അതേസമയം തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഇതുപോലൊരു കേസ് ഇതാദ്യമായാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു.
എത്രയും വേഗം തന്നെ ഹാദിയയെ സേലത്തുള്ള കോളേജിലേക്ക് എത്തിക്കാന്‍ കേരള സര്‍ക്കാരിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. പാതിവഴിയില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്ന ഹാദിയയ്ക്ക് റീഅഡ്മിഷന്‍ നല്‍കാനും ഹോസ്റ്റല്‍ സംവിധാനം ഒരുക്കാനും ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചുഢ് എന്നിവര്‍ കൂടിയുള്ള മൂന്നംഗ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശീയ തലത്തിലടക്കം വാര്‍ത്തയായ ഹാദിയ കേസില്‍ ഷെഫിന്‍ ജഹാന്റെ അഭിഭാഷകനായ കപില്‍ സിബലും ഹാദിയയുടെ അച്ഛന്റെ അഭിഭാഷകനും തമ്മില്‍ നടന്നത് ചൂടേറിയ സംവാദമായിരുന്നു. ഹാദിയ മസ്തിഷ്‌ക പ്രക്ഷാളനത്തിന് വിധേയയാക്കപ്പെട്ടിട്ടുണ്ട് അശോകനും അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എയും ഉന്നയിച്ചു. വിവാഹത്തിന് ഹാദിയയുടെ സമ്മതം സ്വതന്ത്ര്യമല്ലെന്നും എന്‍.ഐ.എയും അശോകനും വാദിച്ചു.
ഇതോടെ ഹാദിയയ്ക്ക് പറയാനുള്ളതല്ല ചാനലില്‍ വരുന്നതാണ് ചര്‍ച്ച ചെയ്യുന്നതെന്നും എന്‍.ഐ.എയുടെ അന്വേഷണം കോടതിയുടെ അനുമതിയോടെയല്ലെന്നും ഷഫിന്‍ ജഹാന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. ഇനി തെറ്റായ ഒരു വ്യക്തിയെയാണ് ഹാദിയ വിവാഹം ചെയ്തതെങ്കില്‍ അത് അവളുടെ ഇഷ്ടമാണെന്നും അതിന്റെ അനന്തരഫലം അവര്‍ തന്നെ അനുഭവിക്കുമെന്നും കപില്‍ സിബല്‍ പറഞ്ഞു.
അതേസമയം, ഷെഫിന്‍ ജഹാനെതിരെ കൂടുതല്‍ വിവരങ്ങളുമായാണ് എന്‍.ഐ.എ കോടതിയിലെത്തിയത്. ഐ.എസ് റിക്രൂട്ട്മെന്റ് സംഘവുമായി ഷെഫിന് ബന്ധമുണ്ടെന്ന് എന്‍.ഐ.എ കോടതിയെ ചൂണ്ടിക്കാണിച്ചു. ഐ.എസ്. റിക്രൂട്ടര്‍ മന്‍സിയുമായി ഷെഫിന്‍ ബന്ധപ്പെട്ടെന്നും ഷെഫിന്റെ ഐ.എസ് ബന്ധം തെളിയിക്കാന്‍ വീഡിയോ ഉണ്ടെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചു. മതപരിവര്‍ത്തനത്തിനുള്ള സ്ഥലമായാണ് സത്യസരണി പ്രവര്‍ത്തിച്ചു വരുന്നതെന്നും എന്‍.ഐ.എ കോടതിയില്‍ പറഞ്ഞു. സത്യസരണിയുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങളില്‍ അന്വേഷണം തുടര്‍ന്നു വരികയാണെന്നും എന്‍.ഐ.എ. സമാനമായ 11 കേസുകളില്‍ 7ലും സത്യസരണിയ്ക്ക് ബന്ധമുണ്ടെന്നും എന്‍.ഐ.എ പറഞ്ഞു.
അതേസമയം തന്നെ എന്ത് കുറ്റത്തിന്റെ പേരിലാണ് കസ്റ്റഡിയില്‍ എടുത്തിരുന്നതെന്ന് ഷെഫിന്‍ ജഹാന്‍ കോടതിയോട് ചോദിച്ചു. അവള്‍ എന്ത് കുറ്റമാണ് ചെയ്തതെന്നും അദ്ദേഹത്തിന് വേണ്ടി കപില്‍ സിബല്‍ ആരാഞ്ഞു. ചില സംഘടനകളുടെ പേര് പറഞ്ഞാണ് ആരോപണമെന്നും എങ്കില്‍ അവര്‍ക്കെതിരെ അല്ലെ നടപടി എടുക്കേണ്ടതെന്നും ഷെഫിന്‍ ചോദിച്ചു.
ആരോപണവിധേയമായ സംഘടനകളെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് മൂന്നംഗ സുപ്രിംകോടതി ബെഞ്ച് അറിയിച്ചു. അതേസമയം സമര്‍പ്പിച്ച തെളിവുകള്‍ പരിഗണിച്ച് ഹാദിയെ കേള്‍ക്കണമെന്ന് സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഡ്വ. വിവി ഗിരി അറിയിച്ചു. ഹാദിയയെ ഇനിയും കസ്റ്റഡിയില്‍ വെക്കരുതെന്നും ഹാദിയയ്ക്ക് അവരുടേതായ തീരുമാനമുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 അനുശാസിക്കുന്ന പ്രകാരം കോടതിക്ക് പുറത്തേക്ക് പോകുമ്പോള്‍ ഹാദിയ സ്വതന്ത്രമായി പോകണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് വിവി ഗിരി കോടതിയെ അറിയിച്ചു.
ഇതിനിടെ കേസ് മാറ്റിവെക്കുകകയാണെന്ന കോടതിയുടെ തീരുമാനം വന്നതോടെ കപില്‍ സിബല്‍ അതൃപ്തി രേഖപ്പെടുത്തി രംഗത്തെത്തി. ഹാദിയയെ കേള്‍ക്കാതെ മടക്കി അയക്കുന്നത് നീതികേടാണെന്നായി കപില്‍. നാളേയും വരേണ്ടി വരുമെന്നും സ്വാധീനത്തിന് കീഴ്‌പ്പെട്ടു എന്നു പറയുമ്പോള്‍ താനെന്ത് മറുപടി പറയുമെന്നുമായി കപില്‍ സിബല്‍. ഇതോടെ ജസ്റ്റിഡ് ചന്ദ്രചൂഢ് കപില്‍ സിബലിനോട് വേണമെങ്കില്‍ പുറത്തു പോകാമെന്നും കോടതി മുന്നോട്ട് പോകുന്നത് നിയമം അനുസരിച്ചാണെന്നും പറഞ്ഞു.
പിന്നാലെ തന്റെ പെരുമാറ്റത്തില്‍ കപില്‍ സിബല്‍ ക്ഷമാപണം നടത്തി. ഹാദിയയെ കേള്‍ക്കില്ല എന്നല്ലെന്നും എന്നാല്‍ ഏത് ഘട്ടത്തില്‍ കേള്‍ക്കണമെന്ന് കോടതി തീരുമാനിക്കുമെന്നും ബെഞ്ച് അറിയിച്ചു. സ്റ്റോക്ക് ഹോം സിന്‍ഡ്രം എന്നൊരു പ്രതിഭാസം നിലവിലുണ്ടെന്നും അത് ഈ കേസിലുണ്ടെന്ന് പറയുന്നില്ലെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് പറഞ്ഞു. എങ്കിലും ഇത്തരം സിന്‍ഡ്രം ഉളള ആള്‍ക്ക് സ്വതന്ത്രമായ ഒരു അഭിപ്രായം ഉണ്ടെങ്കില്‍ കൂടിയും സ്വതന്ത്രമായ ഒരു തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഹാദിയ സ്വാധീനത്തിന് വഴങ്ങിയിരിക്കുകയാണെന്ന് അനുമാനിച്ച് കൊണ്ട് നമ്മള്‍ ഹാദിയയോട് സംസാരിക്കണോ, അതോ അതിന് മുമ്പ് ഹാദിയയോട് സംസാരിക്കണോ എന്ന് ജസ്റ്റിസ് ദീപക് മിശ്ര ചോദിച്ചു. തുടര്‍ന്ന് കപില്‍ സിബലിന്റെ വാദം പരിഗണിച്ച് ഹാദിയയെ കേള്‍ക്കാന്‍ കോടതി തയ്യാറാവുകയായിരുന്നു.
നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ജനുവരി മൂന്നാം വാരം കേസ് വീണ്ടും പരിഗണിക്കുമെന്നു കോടതി വ്യക്തമാക്കി. കോടതി ഉത്തരവിന് പിന്നാലെ ഹാദിയയെ വീട്ടുതടങ്കലില്‍ നിന്നും സ്വതന്ത്ര്യയാക്കിയ വിജയമാണെന്നും അതില്‍ സന്തോഷമുണ്ടെന്നും ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ പ്രതികരിച്ചു. ഹാദിയയെ കാണുന്നതില്‍ തടസമില്ലെന്നും ഷെഫിന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം, ഹാദിയയെ പഠിക്കാന്‍ അനുവദിച്ച വിധിയില്‍ സന്തോഷമുണ്ടെന്ന് അച്ഛന്‍ അശോകന്റെ അഭിഭാഷകന്‍ പറഞ്ഞു.