| Saturday, 5th October 2013, 2:52 pm

ഗുജറാത്തില്‍ മൂന്നില്‍ ഒരു കുട്ടിക്ക് ഭാരക്കുറവ് ; മോഡി സര്‍ക്കാരിന് സി.എ.ജി വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ഗാന്ധിനഗര്‍: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ വികസനം സംബന്ധിച്ചുള്ള അവകാശവാദങ്ങള്‍ക്ക് വീണ്ടും തിരിച്ചടി നല്‍കിക്കൊണ്ട് സി.എ.ജി റിപ്പോര്‍ട്ട് പുറത്തുവന്നു.

ഗുജറാത്തില്‍ ജനിക്കുന്ന മൂന്നില്‍ ഒരു കുട്ടിയ്ക്ക് മതിയായ തൂക്കമില്ലെന്ന് കുട്ടികളിലെ പോഷകാഹാരക്കുറവിനെ കുറിച്ച് പഠിച്ച റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഗുജറാത്ത് സര്‍ക്കാരിന്റെ തന്റെ ഈ വര്‍ഷം ഓഗസ്റ്റ് വരെയുള്ള കണക്കുകള്‍ പ്രകാരം ഗുജറാത്തിലെ 14 ജില്ലകളിലെ 6.13 ലക്ഷം കുട്ടികള്‍ വര്‍ദ്ധിച്ച തോതില്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരാണ് എന്നാണ്.

മറ്റ് ജില്ലകളിലെ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ലെന്നും സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വാസുബെന്‍ ത്രിവേദി നിയമസഭയെ രേഖാമൂലം അറിയിച്ചു.

ഗുജറാത്തിന്റെ വാണിജ്യ തലസ്ഥാനമായ അഹമ്മദാബാദ് നഗരം ഉള്‍ക്കൊള്ളുന്ന ജില്ലയിലാണ് പോഷകാഹാരക്കുറവ് കൂടുതല്‍. അഹമ്മദാബാദ് ജില്ലയിലെ 85000 ലധികം കുട്ടികള്‍ പോഷകാഹാരക്കുറവ് മൂലം പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നു.

അഹമ്മദാബാദ് നഗരത്തില്‍ മാത്രം 54,975 കുട്ടികള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നതായും 3860 കുട്ടികള്‍ ഗുരുതരമായ പോഷകാഹാര പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നതായും മന്ത്രി നിയമസഭയെ അറിയിച്ചു.

2007-12 വര്‍ഷത്തില്‍ കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കുന്നതിനുള്ള പദ്ധതിയെ കുറിച്ചുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ അവകാശവാദങ്ങളെ തള്ളിക്കൊണ്ടാണ് സി.എ.ജിയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.

75480 അംഗന്‍വാടികള്‍ വേണ്ടിടത്ത് 52137 എണ്ണം മാത്രമേ അനുവദിച്ചിട്ടുള്ളൂ. ഇതില്‍ 50225 എണ്ണം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സര്‍വീസസിന്റെ ഗുണഫലം 1.87 കോടി പേര്‍ക്ക് ലഭ്യമായിട്ടില്ല.

കുട്ടികളിലെ പോഷകാഹാരക്കുറവ് ഗുജറാത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും യാഥാര്‍ത്ഥ്യമാണെന്ന് വനിതാ-ശിശു ക്ഷേമ വകുപ്പ് മന്ത്രിയുടെ മറുപടി വ്യക്തമാക്കുന്നു.

അഹമ്മാദാബാദ് കഴിഞ്ഞാല്‍ രൂക്ഷമായ പോഷകാഹാക്കുറവ് അനുഭവപ്പെടുന്നത് വടക്കന്‍ ഗുജറാത്തിലെ ബനാസ്‌കന്ത ജില്ലയിലും മദ്ധ്യഗുജറാത്തിലെ ദഹോദ് ജില്ലയിലുമാണ്.

ബനാസ്‌കന്തയില്‍ 78421 കുട്ടികളും ദഹോദില്‍ 73384 കുട്ടികളും ഗുരുതരമായ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. ഈ രണ്ട് ജില്ലകളും ആദിവാസി ഭൂരിപക്ഷ മേഖലകളാണ്.

പശ്ചിമ സൗരാഷ്ട്ര മേഖലയിലെ ജുനഗഡ് ജില്ലയാണ് പോഷകാഹാരക്കുറവിന്റെ കാര്യത്തില്‍ ഭേദപ്പെട്ട് നില്‍ക്കുന്നത്.  17263 കുട്ടികള്‍ ഇവിടെ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു.

രാജ്യത്ത് ഏറ്റവുമധികം തീരദേശമുള്ള സംസ്ഥാനമായ ഗുജറാത്തില്‍ തീരദേശ വികസനത്തിലുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ അംഭാവത്തേയും സി.എ.ജി റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നുണ്ട്

Latest Stories

We use cookies to give you the best possible experience. Learn more