ലണ്ടന്‍: ഇന്ത്യയില്‍ നിന്നും വായ്പാ തട്ടിപ്പ് നടത്തി ലണ്ടനിലേക്ക് കടന്ന നീരവ് മോദി ലണ്ടന്‍ നഗരത്തില്‍ യാതൊരു നിയമ തടസ്സങ്ങളുമില്ലാതെ ആഢംബര ജീവിതം നയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ഡെയ്‌ലി ടെലഗ്രാഫ് പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെയായിരുന്നു ഇന്ത്യന്‍ സര്‍ക്കാര്‍ മോദിയെ അറസ്റ്റു ചെയ്യണം എന്നാവശ്യപ്പെട്ട് ബ്രിട്ടനെ സമീപിച്ചത്.
നീരവ് മോദിയെ അറസ്റ്റു ചെയ്യാന്‍ ആവശ്യമായ രേഖകള്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ മറുപടിയൊന്നും തന്നില്ലെന്ന് ബ്രിട്ടന്‍ പറഞ്ഞതായി എന്‍.ഡി.ടി.വി ഈയിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനു പിന്നാലെ വന്ന ടെലഗ്രാഫിന്റെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാറിനെ തീര്‍ത്തും പ്രതിസന്ധിയിലാക്കുകയായിരുന്നു.
എന്നാല്‍ തങ്ങള്‍ നീരവ് മോദിയെ ലണ്ടനില്‍ കണ്ടു എന്നറിയിച്ച് ഇന്ത്യ സര്‍ക്കാറിനെ സമീപിച്ചപ്പോള്‍ മറുപടിയൊന്നും ലഭിച്ചില്ലെന്ന് ഡെയ്‌ലി ടെലഗ്രാഫിനു വേണ്ടി നീരവ് മോദിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയ മിക്ക് ബ്രൗണ്‍ പറയുന്നു.
നീരവ് മോദിയെക്കുറിച്ചുള്ള തന്റെ റിപ്പോര്‍ട്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇത്രയും കോലാഹലം ഉണ്ടാക്കുമെന്ന് താന്‍ കരുതിയിരുന്നില്ലെന്ന് മിക്ക് പറയുന്നു. ഇന്ത്യയുടെ പ്രതികരണം കണ്ട് താന്‍ അത്ഭുതപ്പെട്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. “ഇത് അത്ഭുതപ്പെടുത്തുന്നതാണ്. ഇത് ഇന്ത്യയില്‍ ഇത്രയും വലിയ ഒരു സംഭവമായിരുന്നുവെന്ന് ഞാന്‍ കരുതിയില്ല. ഇത് ഞാന്‍ മുന്‍ കൂട്ടി കണ്ടതുമില്ല”- ലണ്ടനില്‍ മോദി താമസിക്കുന്ന സ്ഥലത്തേക്ക് തന്നെ നയിച്ച സംഭവികാസങ്ങളെക്കുറിച്ച് ടെലഗ്രാഫ് ഇന്ത്യയോട് സംസാരിക്കവെ ബ്രൗണ്‍ പറഞ്ഞു.
ലണ്ടനില്‍ താമസിക്കുന്നതിന്റെ നിയമസാധുത അടക്കം നിരവധി ചോദ്യങ്ങള്‍ ഡെയ്‌ലി ടെലഗ്രാഫ് നീരവ് മോദിയോട് ചോദിച്ചിരുന്നു. ഇത് തങ്ങളുടെ വൈബ്‌സൈറ്റിലും അവര്‍ പങ്കു വെച്ചിരുന്നു. എന്നാല്‍ എല്ലാ ചോദ്യത്തിനും “എനിക്കൊന്നും പറയാനില്ല” എന്നായിരുന്നു നീരവിന്റെ മറുപടി.
ബ്രൗണിനെ സംബന്ധിച്ച് ആളുകളുടെ ശ്രദ്ധ ആകര്‍ഷിച്ചത് വെറും രണ്ട് മിനുട്ട് ദൈര്‍ഘ്യമുള്ള നീരവ് മോദിയുടെ വീഡിയോ ദൃശ്യമായിരുന്നു. ഒരു തുകല്‍ ജാക്കറ്റ് ധരിച്ചായിരുന്നു മോദി ദൃശ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. മോദി ധരിച്ചിരിക്കുന്നത് 10,000 പൗണ്ട് (9.2 ലക്ഷം രൂപ) മൂല്യമുള്ള ജാക്കറ്റ് ആണെന്ന് ചൂണ്ടിക്കാട്ടിയത് ഡെയ്‌ലി ടെലഗ്രാഫിന്റെ ഫാഷന്‍ ഡെസ്‌ക് ആയിരുന്നു.
Also Read ജസീന്റാ, ലോകം നിങ്ങളെ ബഹുമാനിക്കുന്നു
മോദി പഞ്ചാബ് നാഷണല്‍ ബാങ്കിനെ എങ്ങനെ പറ്റിച്ചു എന്നതല്ല ഡെയ്‌ലി ടെലഗ്രാഫിനെ അത്ഭുതപ്പെടുത്തിയത്. മറിച്ച് ലണ്ടനിലെ അത്യാഢംബര വൃത്തങ്ങളെ മോദി എങ്ങനെ തന്റെ കൈക്കുള്ളിലാക്കി എന്നതാണ് പത്രത്തിന് മോദിയില്‍ താല്‍പര്യം ജനിക്കാന്‍ കാരണമായതെന്നും ബ്രൗണ്‍ പറയുന്നു.
നീരവ് മോദിയെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ടിന്റെ സാധ്യതകള്‍ തനിക്ക് ചൂണ്ടിക്കാട്ടിയത് ടെലഗ്രാഫ് മാഗസിന്‍ കൈകാര്യം ചെയ്യുന്ന സാഷാ സ്ലാറ്റര്‍ ആയിരുന്നുവെന്ന് ബ്രൗണ്‍ പറയുന്നു. “അവര്‍ എന്നോട് നീരവ് മോദിയെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിക്കൂടെ എന്നു ചോദിച്ചപ്പോള്‍, അതാരാണ് എന്നായിരുന്നു എന്റെ മറുചോദ്യം”- ബ്രൗണ്‍ പറയുന്നു.
നീരവ് മോദിയെക്കുറിച്ച് ബ്രൗണിന്റെ ആദ്യ റിപ്പോര്‍ട്ട് പുറത്തു വരുന്നത് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ്. നീരവ് മോദി ആരാണ്. ഹ്രസ്വ കാലത്തിനുള്ളില്‍ ലണ്ടനിലെ ആഢംബര കൂട്ടായ്മയുടെ ഭാഗമാവാന്‍ ഇയാള്‍ക്ക് എങ്ങനെ സാധിച്ചു എന്നതിനെക്കുറിച്ചായിരുന്നു പ്രസ്തുത റിപ്പോര്‍ട്ട്.
Also Read നീരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍
ഈയിടെ ടെലഗ്രാഫില്‍ പുനപ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നത്, ബുദ്ധിപരമായ മാര്‍ക്കെറ്റിങ്ങിലൂടെയും, വലിയ തോതില്‍ പണം ചിലവഴിക്കുന്നതിലൂടെയും, പൊതുവെ ശക്തവും സംശയാലുക്കളുമായ ആഢംബര ആഭരണ രംഗത്ത് മോദി ചെറിയ കാലയളവില്‍ വലിയ സ്വാധീനം എങ്ങനെ സൃഷ്ടിച്ചു എന്നതിനെക്കുറിച്ചാണ്. അമേരിക്കയിലെ നീരവ് മോദിയുടെ കമ്പനി ലോഞ്ചിനുള്ള ഒരുക്കങ്ങള്‍ തയ്യാറാക്കിയത് ന്യൂയോര്‍ക്കിലെ തന്നെ ഏറ്റവും ചെലവേറിയ പി.ആര്‍ കമ്പനിയായ എം ആന്റ് സി സാച്ചിയെയായിരുന്നു.
നീരവ് മോദി ഇന്ത്യയിലേയും മറ്റും രാഷ്ട്രീയ നേതാക്കളുമായി വച്ചു പുലര്‍ത്തിയ ബന്ധത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പ്രതിപാതിക്കുന്നുണ്ട്. നരേന്ദ്ര മോദിയുമായി നീരവ് മോദി ഹസ്തദാനം നല്‍കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഒരുവേള നീരവ് മോദിയെ പിടികിട്ടാപ്പുള്ളിയായ പ്രഖ്യാപിച്ചയുടന്‍ നീരവ് മോദിയുമായി ബന്ധം പുലര്‍ത്തിയിരുന്ന പ്രശസ്തരെല്ലാം അയാളില്‍ നിന്നും അകലം പാലിക്കുകയായിരുന്നുവെന്ന് ബ്രൗണ്‍ പറയുന്നു.
നീരവ് മോദിയെ ലണ്ടന്‍ ഉള്‍പ്പടെ നിരവധി നഗരങ്ങളില്‍ വെച്ചു കണ്ടു എന്ന റിപ്പോര്‍ട്ടുകള്‍ തന്റെ ഔത്സുക്യം വര്‍ധിപ്പിച്ചെന്നും ബ്രൗണ്‍ പറയുന്നു. ഈ കക്ഷി ഇപ്പോള്‍ ലണ്ടനിലാണ് താമസിക്കുന്നതെങ്കില്‍ എന്ത് അടിസ്ഥാനത്തിലായിരിക്കും അയാള്‍ ഇവിടെ തങ്ങുന്നതെന്ന് ഞങ്ങള്‍ ആലോചിച്ചു. അത് കൂടുതല്‍ ചോദ്യങ്ങളുന്നയിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കി ബ്രൗണ്‍ പറയുന്നു.
ഒരു വീഡിയോഗ്രോഫറും, ഒരു ഫോട്ടോഗ്രാഫറും അടങ്ങുന്ന അഞ്ചംഗ സംഘത്തിനായിരുന്നു നീരവിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള ചുമതല. നീരവ് മോദിയുമായുള്ള തന്റെ ആദ്യ കൂടിക്കാഴ്ചയെ പറ്റിയും ബ്രൗണ്‍ പറയുന്നു.
“ഞാന്‍ നീരവിന്റെ ചുമലില്‍ തട്ടി. അയാള്‍ ഞെട്ടിത്തരിച്ചു പോയി. എന്നിട്ടയാള്‍ എന്നില്‍ നിന്ന് ഉടന്‍ തന്നെ മാറി നടക്കാന്‍ ആരംഭിച്ചു. അയാള്‍ പോകാന്‍ ഒരു സ്ഥലവും ഉണ്ടായിരുന്നില്ല. അയാള്‍ ഓക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റിലേക്കാണ് നടന്നത്. അയാള്‍ ഒരു ടാക്‌സി കിട്ടുമോ എന്ന് നോക്കുകയായിരുന്നു. എന്നാല്‍ ഉച്ച സമയത്ത് ഓക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റില്‍ നിന്ന് ടാക്‌സികളൊന്നും ലഭിക്കില്ല.
“അയാളെ ഷൂട്ട് ചെയ്യുന്നതിന് മുമ്പ് ഞാന്‍ അയാളോട് പറഞ്ഞു നിങ്ങളെ അപഹാസ്യനാക്കാന്‍ എനിക്ക് താല്‍പര്യമില്ല. നമുക്ക് നിങ്ങളുടെ ഓഫീസിലേക്ക് പോകാം. അവിടെ ഇരുന്ന് സംസാരിക്കാം. അല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥലത്ത് പോകാം. എന്നാല്‍ അയാള്‍ മറുപടിയൊന്നും തന്നില്ല”- ബ്രൗണ്‍ പറയുന്നു.
Image Credits: Amit Roy/ The Telegraph