| Wednesday, 31st March 2021, 11:48 pm

മുഖ്യമന്ത്രിയുടെ യോഗത്തില്‍ മുദ്രാവാക്യം വിളിക്കുന്നത് ഇവന്റ്മാനേജ്‌മെന്റ് ഗ്രൂപ്പുകള്‍; ആരോപണവുമായി മുല്ലപ്പള്ളി രാമചന്ദ്രന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പയ്യോളി: മുഖ്യമന്ത്രിയുടെ യോഗങ്ങളില്‍ മുദ്രാവാക്യം വിളിക്കുന്നതിനായി ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകളാണ് ആളുകളെ എത്തിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

രണ്ടായിരത്തോളം അംഗങ്ങളാണ് എല്ലായിടത്തും മുദ്രാവാക്യം വിളിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്‍.സുബ്രഹ്മണ്യന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ഭരണമാറ്റം ഉറപ്പായെന്നും, പരാജിതനായ മുഖ്യമന്ത്രിയും സര്‍ക്കാറുമാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് യു.ഡി.എഫ് പ്രകടനപത്രിക തയാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെയും മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുല്ലപ്പള്ളി രംഗത്ത് എത്തിയിരുന്നു. വാടക കൊലയാളികളുടെ ക്യാപ്റ്റനാണ് പിണറായി വിജയനെന്നും ക്യാപ്റ്റന്‍ എന്ന പദം അദ്ദേഹത്തിന് നല്‍കിയത് പി.ആര്‍ ഏജന്‍സികളാണെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

പിണറായിക്ക് സര്‍വാധിപതികളുടെ മാനസികാവസ്ഥയാണ്. പി. ജയരാജനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റിനിര്‍ത്തിയത് പിണറായിയാണ്. ഇ.പി.ജയരാജനോടും പി.ജയരാജനോടും പിണറായി വിജയന്‍ കാണിച്ചത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.

മുഖം രക്ഷിക്കാനെങ്കിലും ഇ.ഡി പിണറായിയെ ചോദ്യം ചെയ്യണമെന്നും ഇ.ഡി മുഖ്യമന്ത്രിയെ ചോദ്യം ചെയ്തില്ലെങ്കില്‍ നഷ്ടപ്പെടാന്‍ പോകുന്നത് മോദിയുടെയും അമിത്ഷായുടെയും മുഖമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ഒരുപക്ഷേ പ്രഹസനമായിരിക്കാം. രാഷ്ട്രീയ നാടകമായിരിക്കാം അവിടെ നടക്കുന്നത്. പിണറായിയുടെ മകളുടെ സ്ഥാപനത്തില്‍ റെയ്ഡ് നടക്കാനുളള സാധ്യത തള്ളിക്കളയാനാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Event management groups chanting slogans at CM meeting; Mullappally Ramachandran

Latest Stories

We use cookies to give you the best possible experience. Learn more